പ്ലാന്‍ ഫണ്ടിലെ മൂന്ന് ഗഡുക്കള്‍ നല്‍കിയില്ല തദ്ദേശസ്ഥാപനങ്ങളിലെ വികസന പദ്ധതികള്‍ മുടങ്ങും

Posted on: March 10, 2015 5:24 am | Last updated: March 9, 2015 at 11:25 pm
SHARE

കണ്ണൂര്‍: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടിലെ അവസാന ഗഡുക്കള്‍ നല്‍കുന്നത് സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷനുകള്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകള്‍ എന്നിവക്കാണ് പ്ലാന്‍ ഫണ്ടിലെ അവസാന മാസങ്ങളിലെ മൂന്ന് ഗഡു നല്‍കുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ട കോടികളുടെ വികസന പദ്ധതികള്‍ അനിശ്ചിതത്വത്തിലായി.

വിവിധ വികസന പദ്ധതികള്‍ക്കായി ഒരു വര്‍ഷം പത്ത് ഗഡുക്കളായാണ് പ്ലാന്‍ ഫണ്ടിലേക്ക് ധനവകുപ്പ് പണം നല്‍കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തി നും അവരുടെ വലിപ്പത്തിന് അ നുസരിച്ചാണ് പ്ലാന്‍ ഫണ്ട് അനുവദിക്കുന്നത്. ഈ ഫണ്ടിന്റെ ലഭ്യത കണക്കിലെടുത്താണ് തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷത്തെയും പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഏറ്റവും ചുരുങ്ങിയത് ഒരു ജില്ലാ പഞ്ചായത്തിന് ഒരു വര്‍ഷം 50 കോടിയെങ്കിലും പ്ലാന്‍ഫണ്ട് ഇനത്തില്‍ ലഭിക്കും. നഗരസഭാ- കോര്‍പറേഷനുകള്‍ക്കും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ക്കും ഇത്തരത്തില്‍ പ്ലാന്‍ ഫണ്ട് വഴി വലിയ സാമ്പത്തിക സഹായമാണ് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ലഭിക്കുന്നത്.
പുതിയ റോഡുകള്‍, റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കെല്ലാമാണ് പ്ലാന്‍ ഫണ്ടിലെ തുക ചെലവഴിക്കാറുള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കേണ്ട പദ്ധതികളെല്ലാം പ്ലാന്‍ ഫണ്ടിന്റെ മുഴുവന്‍ തുകയുമുപയോഗിച്ചാണ് ചെയ്തു തീര്‍ക്കേണ്ടത്. മുഴുവന്‍ ഗഡുവും ലഭ്യമല്ലാതായാല്‍ പല പദ്ധതികളുടെ നടത്തിപ്പും പാളുമെന്നാണ് പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥന്മാര്‍ പറയുന്നത്. ആദ്യമായാണ് ഇത്തരത്തില്‍ മൂന്ന് ഗഡു പോലെ വലിയ വിഹിതം ലഭിക്കാത്തതെന്നും ഉദ്യോഗസ്ഥന്‍മാര്‍ പയുന്നു.
അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് ഐ എ വൈ ഭവനപദ്ധതിക്ക് ഉള്‍പ്പെടെ വകമാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പറയുന്നുണ്ട്. അനുവദിച്ച പദ്ധതിവിഹിതം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍, കണക്കില്‍ കാട്ടി പദ്ധതി വിനിയോഗ ശതമാനം ഉയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിര്‍ദേശമത്രെ. ട്രഷറി പൂട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ ഐ എ വൈ പദ്ധതിക്കു മാത്രമല്ല ജവഹര്‍ ഭവനപദ്ധതിക്കായും വകമാറ്റും. അനുവദിച്ച തുക നല്‍കാത്തതും പദ്ധതി വിഹിതം വകമാറ്റുന്നതുമെല്ലാം വലിയ പേരുദോഷത്തിനിടയാക്കുമെന്നതിനാല്‍ ഭരണാനുകൂല സംഘടനാ നേതൃത്വം അടുത്ത ദിവസം മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കുന്നുണ്ട്.