റണ്‍വേ: ഗൂഢ നീക്കം ഉപേക്ഷിക്കണം

Posted on: March 9, 2015 9:00 pm | Last updated: March 9, 2015 at 9:33 pm
SHARE

ഉമ്മുല്‍ ഖുവൈന്‍: റണ്‍വേ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ അന്തര്‍ദേശീയ വിമാനത്താവളം അടച്ചിടാനും അതു വഴി വിമാനത്താവളത്തെ തകര്‍ക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണമെന്ന് ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
റണ്‍വേ ജോലി നടക്കുന്ന ഉച്ച 12 മുതല്‍ രാത്രി എട്ട് വരെ എയര്‍പോര്‍ട്ട് അടച്ചിടുമ്പോള്‍ വലിയ വിമാനങ്ങളിലുപരി ചെറുകിട വിമാന സര്‍വീസിനെയും ഇതു ബാധിക്കും. കരിപ്പൂരിനു പകരം കൊച്ചിയില്‍ ഇറങ്ങുന്നത് കൊണ്ട് മലബാറുകാര്‍ക്ക് വളരെ പ്രയാസം അനുഭവപ്പെടും. ടിക്കറ്റ് ക്ഷാമവും നിരക്ക് വര്‍ധനയും അതിലേറെ ദുരിതം സൃഷ്ടിക്കും. ഈ സ്ഥിതിവിശേഷം ഇല്ലാതാക്കാന്‍ നിയന്ത്രണങ്ങള്‍ സീസണ്‍ അല്ലാത്ത സമയത്തേക്ക് മാറ്റുകയോ കരിപ്പൂരില്‍ തന്നെ അത്യാവശ്യ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണം.
എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി നടക്കുന്ന റണ്‍വേ റീകാര്‍പ്പെറ്റിംഗ് ആവശ്യമാണെങ്കില്‍ ഈ സീസണില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. ബദല്‍ സംവിധാനങ്ങളില്ലാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നതോടൊപ്പം ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും അറിയിച്ചു.