അല്‍ബഗ്ദാദി നഗരം തിരിച്ചുപിടിച്ചു

Posted on: March 8, 2015 11:02 am | Last updated: March 8, 2015 at 11:02 am
SHARE

ബഗ്ദാദ്: ഇസില്‍ നിയന്ത്രണത്തിലായിരുന്ന ബഗ്ദാദിലെ അല്‍ബഗ്ദാദി നഗരം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. അന്‍ബര്‍ പ്രവിശ്യയില്‍ നിന്നുള്ള ഇറാഖ് സുരക്ഷാ സൈന്യവും ഗോത്ര സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അല്‍ബഗ്ദാദി നഗരം മോചിപ്പിച്ചതെന്ന് യു എസ് സൈനിക കേന്ദ്രം അറിയിച്ചു. രണ്ട് പോലീസ് സ്റ്റേഷനുകളും യൂഫ്രട്ടീസ് നദിയോട് ചേര്‍ന്നുള്ള മൂന്ന് പാലങ്ങളും ഇപ്പോള്‍ ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. നിരവധി തവണ ഇസില്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായും കനത്ത നാശനഷ്ടമാണ് ഇത് തീവ്രവാദികള്‍ക്ക് വരുത്തിവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസില്‍ തീവ്രവാദികള്‍ അല്‍ബഗ്ദാദി നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നത്. ഇറാഖ് സൈന്യത്തിന് യു എസ് സൈനികര്‍ പരിശീലനം നല്‍കുന്ന അല്‍അസദ് വ്യോമ കേന്ദ്രത്തിന് സമീപമാണ് ഈ നഗരമെന്നതിനാല്‍ തീവ്രവാദികളുടെ ഈ മുന്നേറ്റത്തെ ഇറാഖ് വളരെ ആശങ്കയോടെയാണ് കണ്ടിരുന്നത്.
ഇപ്പോള്‍ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം കരയാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇറാഖ് സൈന്യത്തിന് വേണ്ട മുഴുവന്‍ സഹായങ്ങളും നല്‍കി അമേരിക്കന്‍ സൈന്യം ഒപ്പമുണ്ടായിരുന്നു.
ഇസ്‌ലാമിക ഖിലാഫത്ത് സൃഷ്ടിക്കാനെന്ന പേരില്‍ ഇസില്‍ തീവ്രവാദികള്‍ നേരത്തെ പിടിച്ചെടുത്തിരുന്ന പ്രദേശങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. സുന്നി, ശിയാ സൈനികരുടെ പിന്തുണയും അമേരിക്കന്‍ വ്യോമ ആക്രമണവും ഇറാഖ് സൈന്യത്തിന് വളരെ സഹായകമാകുന്നുണ്ട്. അല്‍ബഗ്ദാദി നഗരം പിടിച്ചെടുത്തതോടെ ഇറാഖ്, അമേരിക്കന്‍ സൈനികര്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇനിയും പിടിച്ചെടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, ഇറാഖ് സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിന് വേണ്ടി തിക്‌രീത്തിലെ നിരവധി എണ്ണ കിണറുകള്‍ക്ക് ഇസില്‍ തീവ്രവാദികള്‍ തീകൊടുത്തിരുന്നു. നിരപരാധികളായ ആയിരക്കണക്കിന് പേരെ ഇതിനകം ഇസില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി. നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.