Connect with us

National

ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി; മീന്‍പിടിത്തക്കാരുടെ വിഷയം ശക്തമായി ഉന്നയിച്ച് സുഷമ

Published

|

Last Updated

കൊളംബൊ: മത്സ്യത്തൊഴിലാളികളുടെ വിഷയം ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ ശക്തമായി ഉന്നയിച്ചു. ശ്രീലങ്കയിലുള്ള വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് , വിക്രമ സിംഗെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ഉന്നയിക്കപ്പെട്ടത്. ശ്രീലങ്കന്‍ ജലാതിര്‍ത്തി ലംഘിക്കുന്ന മീന്‍ പിടിത്തക്കാരെ വെടിവെക്കുമെന്ന് വിക്രമസിംഗെ പറഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ വിഷയം മാനുഷികമായി കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും ഇറ്റാലിയന്‍ നാവികരുടെ പ്രശ്‌നവും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നവും തമ്മില്‍ താരതമ്യമില്ലെന്നും സുഷമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച ശ്രീലങ്കയില്‍ എത്താനിരിക്കെയാണ് സുഷമാ സ്വരാജ് കൊളംബോയിലെത്തിയത്. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗളസമരവീരയുമായും സുഷമ സ്വരാജ് ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ മീന്‍പിടിത്തക്കാരുടെ വിഷയം ഉന്നയിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മത്സ്യത്തൊഴിലാളികളുടെത് വൈകാരിക പ്രശ്‌നമായതിനാല്‍ വിഷയത്തെ മനുഷ്യത്വപരമായാണ് ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്നതെന്ന് ചര്‍ച്ചക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ പെട്ടെന്ന് തീരുമാനമെടുക്കാനാകുന്ന വിഷയമല്ല ഇതെന്നും ഇക്കാര്യത്തില്‍ സൗഹൃദപരമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ നടത്തിയ പരാമര്‍ശങ്ങളെപ്പറ്റി അദ്ദേഹവുമായും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗള സമാരവീരയുമായും സുഷമ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുമായി സുഷമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ തന്റെ ഗവണ്‍മെന്റ് ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി കടന്ന് മീന്‍ പിടിച്ചാല്‍ വെടിവക്കുമെന്നായിരുന്നു റെനില്‍ വിക്രമെ സിംഗെ കഴിഞ്ഞ ദിവസം പറഞ്ഞത്. സമുദ്രാതിര്‍ത്തിയുടെ കാര്യത്തില്‍ ശ്രീലങ്കന്‍ നാവികസേന നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒരു തമിഴ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രമസിംഗെ വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തത്.

Latest