കാശ്മീരില്‍ ഹുര്‍റിയത്ത് നേതാവ് മസ്‌റത്ത് ആലം മോചിതനാകുന്നു

Posted on: March 8, 2015 10:14 am | Last updated: March 8, 2015 at 10:14 am
SHARE

masrat alamശ്രീനഗര്‍: കാശ്മീരില്‍ ക്രിമിനല്‍ കേസുകളില്ലാത്ത രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായി ഹുര്‍റിയത്ത് തീവ്രവാദി വിഭാഗത്തിന്റെ നേതാവ് മസ്‌റത്ത് ആലമും മോചിതനാവുന്നു. ജമ്മു കാശ്മീര്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായ 42കാരന്‍ മസ്‌റത്ത് ആലം സാങ്കേതികമായി ജയില്‍ മോചിതനായെന്നും അദ്ദേഹത്തെ വിട്ടയക്കാനുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബാരാമുല്ലയില്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ അദ്ദേഹത്തിന് പുറത്തിറങ്ങാനാകും. ജമ്മു കാശ്മീരില്‍ 2008ലും 2010ലും കല്ലേറ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് മസ്‌റത്ത് ആലം. ക്രിമിനല്‍ കേസുകളില്ലാത്ത രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പോലീസ് നടപ്പാക്കുമെന്ന് ഡി ജി പി കെ രാജേന്ദ്ര പറഞ്ഞു.
ബുധനാഴ്ച പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധമായ നിര്‍ദേശം മുഖ്യമന്ത്രി മുഫ്തി സഈദ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
അതേസമയം ഹുര്‍റിയത്ത് നേതാക്കളടക്കമുള്ളവരെ വിട്ടയക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് ബി ജെ പി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കാശ്മീരില്‍ ബി ജെ പിയുമായുള്ള രാഷ്ട്രീയ സൗഹൃദം ഏറെക്കാലം മുന്നോട്ട് പോകില്ലെന്ന് ബോധ്യമുള്ളതിനാല്‍ ഇടക്കാല തിരഞ്ഞടുപ്പ് ലക്ഷ്യം വെച്ചാണ് മുഫ്തിയുടെ ഓരോ നടപടികളുമെന്ന് ബി ജെ പി നേതൃത്വം കരുതുന്നു. തിരഞ്ഞെടുപ്പ് സുഗമമായി നടന്നതിന് പാക്കിസ്ഥാന് നന്ദി പ്രകടിപ്പിച്ചതും അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിട്ടുതരാനാവശ്യപ്പെട്ടതും മുഫ്തി താഴ്‌വരയില്‍ സ്വാധീനം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സംസാരം.