ഇ-ഓഫീസ് സംവിധാനം സര്‍ക്കാര്‍ മുഖമുദ്ര: ഗവര്‍ണര്‍

Posted on: March 7, 2015 5:52 am | Last updated: March 6, 2015 at 11:53 pm
SHARE

തിരുവനന്തപുരം:ഭരണത്തില്‍ സുതാര്യവും കടലാസ് രഹിതവുമായ ഓഫീസുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ പത്തു വകുപ്പുകളില്‍ നടപ്പാക്കിയ ഇ-ഓഫീസ് സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം പറഞ്ഞു.അടുത്ത വര്‍ഷത്തോടെ ഇത് പൂര്‍ത്തിയാക്കും. സെക്രട്ടറിയേറ്റ് വൈഡ് ഏരിയാ നെറ്റ്‌വര്‍ക്ക് നവീകരിച്ച് ഒരു മോഡുലാര്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലൂടെ സെക്രട്ടറിയേറ്റിനെ ആധുനികവത്ക്കരിക്കും മെന്നും ഇന്നലെആരംഭിച്ച നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളില്‍ മനുഷ്യവിഭവശേഷിയുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. 24 ഗുണം ഏഴ് അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി സേവനം നല്‍കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. 25 ലക്ഷത്തിന് മുകളിലുള്ള എല്ലാ ക്രയവിക്രയങ്ങള്‍ക്കും ഇ-ടെണ്ടറിംഗ് പ്ലാറ്റ്‌ഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇ-ടെണ്ടറിംഗിനുള്ള സ്ലാബ് അഞ്ചുലക്ഷമാക്കി കുറയ്ക്കുമെന്നും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം ഇ-സംസ്ഥാന’മാക്കി മാറ്റാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സുതാര്യതയും പൗരകേന്ദ്രീകൃത ഭരണവും അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. പൗരന്മാര്‍ക്ക് യഥാസമയം സേവനം ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുകളിലും സേവനാവകാശ നിയമം നടപ്പിലാക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ ഭരണസംവിധാനത്തില്‍ നിന്ന് അഴിമതി ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിശദീകരിച്ചു.
പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും സൗജന്യമായി പാഠപുസ്തകം നല്‍കുമെന്ന് നയപ്രഖ്യാപനം. വനിതാ വികസന കോര്‍പ്പറേഷന്‍ എറണാകുളത്ത് ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്റര്‍ സ്ഥാപിക്കും. കുടുംബശ്രീ ബ്ലോക്ക് തലത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണന കേന്ദ്രങ്ങള്‍ തുടങ്ങും. ഇതില്‍ 20 ശതമാനം വിഭിന്ന ശേഷിയുള്ളവര്‍ക്കായി നീക്കിവെക്കും. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിനെ വയോജന സൗഹൃദ മാക്കും.
അംഗപരിമിതര്‍ക്കായി സമഗ്ര നയം ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറിനുള്ള സമഗ്ര പരിപാടി നടപ്പിലാക്കും. ഡേ കെയര്‍ സെന്ററുകളില്‍ പരിശീലനം സിദ്ധിച്ച പരിപാലകരെ ഉള്‍പ്പെടുത്തി മറവിരോഗബാധിതര്‍ക്കായി സംസ്ഥാന ഉദ്യമം ആരംഭിക്കും. എല്ലാ ജില്ലകളിലും മാനസിക വൈകല്യമുള്ളവര്‍ക്കായി മാനസിക-സാമൂഹിക-പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഉറപ്പുനല്‍കി.ഷീ-ടാക്‌സി, ഷീ-ടോയ്‌ലെറ്റ്, ഫുഡ് ഓണ്‍ വീല്‍സ്, ജെന്‍ഡര്‍ പാര്‍ക്ക്, ആശ്വാസ കിരണം, വയോമിത്രം, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, സ്‌നേഹപൂര്‍വം, വിഭിന്ന ശേഷിയുള്ളവരുടെ നിയമനം, വിശപ്പ് രഹിത നഗരം, പ്രത്യാശ, നിര്‍ഭയ പോലുള്ള പദ്ധതികളും വനിതാരത്‌നം പുരസ്‌കാരം ഉള്‍പ്പെടെയുള്ള പരിപാടികളും നടപ്പിലാക്കിയ സാമൂഹികക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പൊലീസ് സയന്‍സിനും ആഭ്യന്തര സുരക്ഷക്കും വേണ്ടിയുള്ള ദേശീയ പൊലീസ് സര്‍വകലാശാല ഈ വര്‍ഷം ആരംഭിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. തീരദേശ സുരക്ഷക്ക് ആള്‍ വിമെന്‍ ഇന്ത്യാ റിസര്‍വ് ബറ്റാലിയനും ഇന്ത്യാ റിസര്‍വ് ബറ്റാലിയനും രൂപീകരിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ട്രാഫിക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ സ്ഥാപിച്ച് റോഡ് അപകടങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഹൈവേ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആരംഭിച്ച ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതി രണ്ടുഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ ആറുജില്ലകളെയും രണ്ടാംഘട്ടത്തില്‍ എട്ടുജില്ലകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2016-ഓടെ എല്ലാ സ്‌കൂള്‍-കോളജ് കാമ്പസുകളും പരിസരങ്ങളും മദ്യ-മയക്കുനരുന്ന് വിമുക്ത മേഖലയാക്കി മാറ്റും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്‌ക്കരിച്ച ശുഭയാത്ര 2015 പദ്ധതിയുടെ ഭാഗമായി പ്രധാനപ്പെട്ട എല്ലാ റോഡുകളിലും വേഗതാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സ്പീഡ് റഡാറും ആല്‍ക്കോ മീറ്ററും നല്‍കും. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ബേങ്കുകള്‍ മുഖേനയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയും സ്വീകരിക്കും. എല്ലാ വിദ്യാലയങ്ങളിലും ട്രാഫിക് ക്ലബുകള്‍ രൂപീകരിച്ച് ശാസ്ത്രീയമായ രീതിയില്‍ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൈകാര്യം ചെയ്യാന്‍ സ്‌പെഷ്യല്‍ ട്രാഫിക് ലോ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് രൂപവത്കരിക്കുമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.