Connect with us

Editorial

നോക്കുകൂലിയെ ന്യായീകരിക്കുന്നോ?

Published

|

Last Updated

നോക്കുകൂലിയെ ന്യായീകരിച്ചു രംഗത്തു വന്നിരിക്കയാണ് പുതിയ സി പി ഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍. യന്ത്രം ഉപയോഗിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയെന്നത് പൊതുവെ അംഗീകരിച്ച കാര്യമാണെന്നും തൊഴില്‍ നഷ്ട വേതനത്തെ മാധ്യമങ്ങളാണ് നോക്കുകൂലിയെന്ന് അധിക്ഷേപിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. തൊഴില്‍ നഷ്ടമായാല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നത് തൊഴില്‍വകുപ്പ് അംഗീകരിച്ചതാണെന്നും ഇത് തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.
അധ്വാനത്തിനുള്ളതാണ് വേതനം. ജോലിയെടുത്താല്‍ അതിന് ന്യായമായി കൂലി ലഭിക്കേണ്ടത് തന്നെ. എന്നാല്‍ മറ്റുള്ളവര്‍ ചെയ്ത ജോലിക്ക്, മെയ്യനങ്ങാതെ കാഴ്ചക്കാരായി നോക്കിനിന്നവര്‍ കൂലി ആവശ്യപ്പെടുകയും സംഘടിത ശക്തിയിലൂടെ അത് പിടിച്ചെടുക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക? തൊഴിലുടമ സ്വന്തം ജോലിക്കാരെ വെച്ചു ചരക്കിറക്കിയാലും, ആ പ്രദേശത്തെ അംഗീകൃത തൊഴിലാളികളിലെ അംഗങ്ങള്‍ക്ക് കൂടി കൂലി നല്‍കണമെന്ന അലിഖിത നിയമവും നോക്കുകൂലി മേഖലയിലുണ്ട്. വീട് മാറുമ്പോള്‍ വീട്ടുകാര്‍ സ്വയം സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്താലും സംഘടിത തൊഴിലാളികള്‍ കൂലി ആവശ്യപ്പെട്ട് സംഘര്‍ഷം സൃഷടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെ തൊഴിലാളികളുടെ അവാകശമാണെന്നാണോ കാനം രാജേന്ദ്രന്‍ പറയുന്നത്. ഹൈക്കോടതി അഭിപ്രായപ്പെട്ടത് പോലെ നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ കാവല്‍ നായ്ക്കളുടെ ജോലിയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ മനസ്സിലാക്കാമായിരുന്നു. മെയ്യനങ്ങാതെ കൂലിയെന്ന പേരില്‍, സംഘടിത ശക്തിയുടെ ബലത്തില്‍ പണം വാങ്ങുന്നത് തൊഴിലിനോടുള്ള അവഹേളനമാണ്. തനി ഗുണ്ടായിസമാണ്. പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. മനുഷ്യപ്രയത്‌നം ഒഴിവാക്കി ചെയ്യുന്ന ജോലികളില്‍ തൊഴില്‍ നഷ്ടത്തിന്റെ പേരില്‍ കൂലി ആവശ്യപ്പെടുന്നതും ന്യായമല്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ചക്ക് അനുസൃതമായി തൊഴില്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും പുതിയ യന്ത്രങ്ങളും സംവിധാനങ്ങളും സ്ഥാപിക്കപ്പെടുക സ്വാഭാവികമാണ്. അതിനോട് പുറംതിരിഞ്ഞു നില്‍ക്കാനോ സാങ്കേതിക വിദ്യകളെ എതിര്‍ക്കാനോ ആധുനിക സമൂഹത്തിന് സാധ്യമല്ല. ഇതുമുലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയല്ലാതെ, തൊഴില്‍ നഷ്ട വേതനം ആവശ്യപ്പെട്ട് വ്യവസായ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ല വേണ്ടത്. നോക്കുകൂലിക്കെതിരെ പാലായിലെ ടിമ്പര്‍ മര്‍ച്ചെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയവെ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് ഭൂഷനും ജസ്റ്റിസ് എ എം ശഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2014 ഡിസമ്പര്‍ നാലിന് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നോക്കുകൂലിക്കാര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കണമെന്നും കരുതല്‍ തടങ്കല്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തവിടുകണ്ടായി. ഇതടിസ്ഥാനത്തില്‍ പടിച്ചുപറി, ഭീഷണിപ്പെടത്തല്‍, നോക്കുകൂലി, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് നോക്കുകൂലിക്ക് ഇപ്പോള്‍ സംസ്ഥാന പോലീസ് കേസെടുക്കുന്നത്.
രാഷ്ട്രീയ പ്രബുദ്ധതയും സാക്ഷര നിലവാരവുമുള്ള കേരളീയ തൊഴില്‍ സംഘടനകള്‍ക്കോ നേതാക്കള്‍ക്കോ ചേര്‍ന്നതല്ല ട്രേഡ്‌യൂനിയന്‍ രംഗത്തെ നോക്കുകൂലി പോലുള്ള ദുഷ്പ്രവണതകള്‍. സി ഐ ടി യു ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളി സംഘടനകളും നോക്കുകൂലിയെ തള്ളിപ്പറയുകയും തൊഴിലാളി വര്‍ഗത്തിന് തന്നെ ദുഷ്‌പേരുണ്ടാക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അണികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ ചേര്‍ന്ന സി ഐ ടി യു സംസ്ഥാന സമ്മേളനം നോക്കുകൂലി, ഭൂതപ്പണം തുടങ്ങിയ മോശം പ്രവര്‍ത്തനങ്ങളെ അധിക്ഷേപിച്ചുവെന്നു മാത്രമല്ല, ആരെങ്കിലും നോക്കുകൂലി വാങ്ങിയാല്‍ അത് തിരികെ കൊടുപ്പിക്കുമെന്ന് പ്രഖ്യാപിക്കുക പോലുമുണ്ടായി. തൊഴിലാളി സംഘടകകളുടെ നിയമരഹിതമായ ഇടപെടലും തടസ്സപ്പെടുത്തലും ആത്യന്തികമായി തൊഴിലാളികള്‍ക്ക് തന്നെയാണ് ദോഷകരമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് തൊഴിലാളി സംഘടകളെ എത്തിച്ചത്. അനാവശ്യ തൊഴിലാളി സമരങ്ങള്‍ മൂലം കേരളത്തിലെ വ്യവസായങ്ങള്‍ വഴിമാറിപ്പോയിട്ടുണ്ട്. കൊച്ചി തുറമുഖത്ത് ചരക്കിറക്കാന്‍ വന്ന കപ്പല്‍ ഭൂതപ്പണത്തെച്ചൊല്ലി സമീപ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്ക് തിരിച്ചുവിട്ട സംഭവങ്ങളുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ ട്രേഡ് യൂനിയന്‍ മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും വിയര്‍പ്പിന്റെ വിലയും മഹത്വവും നന്നായി അറിയുകയും ചെയ്യുന്ന കാനം രാജേന്ദ്രന്‍ ഇതിനെ ന്യായീകരിച്ചു രംഗത്ത് വന്നത് മോശമായിപ്പോയി. ജോലി ചെയ്യാതെ കൂലിക്കു കൈനീട്ടുന്ന നാണം കെട്ട ഏര്‍പ്പാടിനെ, ന്യായീകരിക്കാന്‍ അദ്ദേഹത്തിനെങ്ങിനെ സാധിച്ചുവന്നതാണ് മനസ്സിലാകാത്തത്!

Latest