കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ്: നഷ്ടപരിഹാര വിതരണം ഏപ്രില്‍ ഒന്ന് മുതല്‍

Posted on: March 6, 2015 10:02 am | Last updated: March 6, 2015 at 10:02 am
SHARE

മലപ്പുറം: കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം ഉടമകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച വിലയനുസരിച്ചാണ് സമ്മതപത്രം നല്‍കിയ ഭൂവുടമകള്‍ക്ക് പണം നല്‍കുക.
സമ്മതപത്രം നല്‍കാത്തവരുടെ ഭൂമിയും ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അവരുടെ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെക്കുമെന്നും കലക്ടറേറ്റ് സമ്മേളന ഹാളില്‍ വിളിച്ചു ചേര്‍ത്ത ഭൂവുടമകളുടെ യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ബൈപ്പാസിന് വേണ്ടി സ്ഥലം വിട്ടുനല്‍കുന്നതിന് നിരവധി പേര്‍ ജില്ലാ കലക്ടര്‍ക്ക് സമ്മതപത്രം കൈമാറി.
നിലവിലുള്ള നിയമ പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാര തുക കൂടാതെ, പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം പാസാകുമ്പോള്‍ അവശേഷിക്കുന്ന തുക കൂടി ഭൂവുടമകള്‍ക്ക് ലഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ കല്യാണിക്കുട്ടി, പി ഡബ്ലിയു ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി എം മു ഹമ്മദ് ബശീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.