മദ്‌റസാ ദിനം വിജയിപ്പിക്കുക; നേതാക്കള്‍

Posted on: March 5, 2015 5:16 am | Last updated: March 4, 2015 at 10:45 pm
SHARE

കോഴിക്കോട്: മനുഷ്യരുടെ സ്വഭാവരൂപവത്കരണത്തിലും സംസ്‌കാര സംരക്ഷണത്തിലും മദ്‌റസാ പ്രസ്ഥാനവും മറ്റും വഹിക്കുന്ന നിസ്സീമമായ പങ്ക് ബോധ്യപ്പെടുത്തുന്നതിനും മഹല്ല്-മദ്‌റസാ ശാക്തീകരണത്തിന്റെ വഴിയില്‍ എസ് എം എക്ക് കരുത്ത് പകരുന്നതിനും നാളെ സംസ്ഥാന വ്യാപകമായി ‘മദ്‌റസാദിനം’ ആചരിക്കും. ഇ-മഹല്ല് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 1000 മഹല്ലുകളില്‍ സൗജന്യ സോഫ്റ്റ്്‌വെയര്‍ വിതരണം, മദ്‌റസാ മുഅല്ലിം, മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്‍ തുടങ്ങിയ ഉസ്താദുമാര്‍ക്ക് സ്ഥിരം ക്ഷേമപെന്‍ഷന്‍, ക്ഷേമനിധിയില്‍ നിന്നും രോഗചികിത്സ/വിവാഹം/വീട് നിര്‍മാണം എന്നിവക്ക് ധനസഹായം, മദ്‌റസാ നിര്‍മാണത്തിനും ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും സഹായം, മാതൃകാ മഹല്ല്-മദ്‌റസകള്‍ക്ക് ഗ്രാന്റ് തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും നടത്തിപ്പിനുവേണ്ടിയാണ് മദ്‌റസാദിനം ആചരിക്കുന്നത്.
അന്നേദിവസം ഖത്വീബുമാര്‍ ജുമുഅക്കു ശേഷം ‘മദ്‌റസാദിനം’ വിശദീകരിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യണം. അങ്ങാടികളില്‍ ബക്കറ്റ് പിരിവ് നടത്തിയും, സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കിയ സംഭാവനാ കവറുകള്‍ മദ്‌റസാ വിദ്യാര്‍ഥികളിലൂടെയും മറ്റും വീടുകളില്‍ എത്തിച്ചും സംഭാവനകള്‍ സ്വീകരിക്കണം.
മദ്‌റസാദിനത്തിന്റെ സംസ്ഥാനതല ഫണ്ടുദ്ഘാടനം എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് നടന്നു. 10 മഹല്ലുകള്‍ക്കുള്ള സമ്പൂര്‍ണ മഹല്ല് സോഫ്റ്റ്‌വെയര്‍ സ്‌പോണ്‍സര്‍ ചെയ്ത കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയില്‍ നിന്നും സംഭാവനയായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വീകരിച്ചു.
എല്ലാ മഹല്ല്, മസ്ജിദ്, മദ്‌റസ, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സ്ഥാപന കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും സ്‌നേഹജനങ്ങളും ‘മദ്‌റസാദിനം’ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അഭ്യര്‍ഥിച്ചു.