വിഴിഞ്ഞം പദ്ധതി: കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കും

Posted on: March 4, 2015 9:01 am | Last updated: March 4, 2015 at 9:01 am
SHARE

VIZHINJAM..ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു വേണ്ടി കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കാന്‍ അനൂകൂല നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ്, ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മൂന്ന് കമ്പനികളുമായി ഈ മാസം ഒമ്പതിന് മുംബൈയില്‍ ചര്‍ച്ച നടത്തും. ടെന്‍ഡറില്‍ യോഗ്യത നേടിയ കമ്പനികളുമായാണ് ചര്‍ച്ച. കബോട്ടാഷ് നിയമത്തില്‍ ഇളവില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് നേരത്തെ ടെന്‍ഡറില്‍ നിന്ന് പിന്‍മാറിയത്.

വിദേശ കപ്പലുകളില്‍ വരുന്ന ചരക്ക് നേരിട്ട് തുറമുഖത്തെത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിയമമാണ് കബോട്ടാഷ്. കപ്പലുകളില്‍ നിന്ന് ഇന്ത്യന്‍ പതാക വഹിച്ച ചെറു കപ്പലുകളിലൂടെ ചരക്കുകള്‍ ടെര്‍മിനലില്‍ എത്തിക്കണമെന്നാണ് നിയമം. ഈ നിയമത്തില്‍ ഇളവ് ലഭിക്കാത്ത സാഹചര്യത്തിലാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള ടെന്‍ഡറില്‍ നിന്ന് കമ്പനികള്‍ പിന്മാറിയതെന്ന് അദാനി ഗ്രൂപ്പ് അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
കൊച്ചി മെട്രോക്ക് കൂടുതല്‍ സാമ്പത്തിക- സാങ്കേതിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനെയും മുഖ്യമന്ത്രി കണ്ടു. കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മാണോദ്ഘാടനം ഈ മാസം 21ന് നടക്കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അഴീക്കല്‍ തുറമുഖ വികസനം സംബന്ധിച്ചും നിതിന്‍ ഗാഡ്കരിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ കണ്ണൂര്‍ മങ്ങാട്ടുപറമ്പില്‍ ആധുനിക ഗോഡൗണ്‍ സ്ഥാപിക്കുന്ന സാഹചര്യത്തില്‍ ചരക്ക് നീക്കത്തിനായി അഴീക്കല്‍ തുറമുഖം വികസിപ്പിക്കണമെന്നാണ് ആവശ്യം.
കൊച്ചി- അഴീക്കല്‍ കടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കത്തിന് സംസ്ഥാനം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം തുറമുഖവുമായി ബന്ധപ്പെട്ടും ഗാഡ്കരിക്ക് നിവേദനം നല്‍കി. ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മാണം, ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് നിര്‍മാണം തുടങ്ങിയവക്കുള്ള കേന്ദ്ര സഹായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി രാധാമോഹന്‍സിംഗിനും മുഖ്യമന്ത്രി നിവേദനം നല്‍കി.
ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെ തിരിച്ചു കൊണ്ടുവരുന്നത് സംബന്ധിച്ചും തിരിച്ചെത്തിയവരുടെ പുനരധിവാസവും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി കെ ബാബുവും എം പിമാരായ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇന്നലെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് സമയം നല്‍കാതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.