കാശ്മീരില്‍ അവസരവാദ കൂട്ടുകെട്ട്

Posted on: March 3, 2015 6:00 am | Last updated: March 2, 2015 at 10:28 pm
SHARE

SIRAJ.......രണ്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കാശ്മീരില്‍ പിഡിപി -ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു. മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തിലുള്ള 25 അംഗ മന്ത്രിസഭയില്‍ പി ഡി പിക്ക് 13 ഉം ബി ജെ പിക്ക് 12 ഉം അംഗങ്ങളുമാണുള്ളത്. ജമ്മുകാശ്മീരില്‍ ബി ജെ പി ആധികാരം കൈയാളുന്നത് ഇതാദ്യമാണ്.
ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്, അഫ്‌സ്പ (സൈനിക പ്രത്യേകാധികാര നിയമം) തുടങ്ങിയ വിഷയങ്ങളില്‍ ഇരുധ്രുവങ്ങളില്‍ നിലകൊള്ളുന്ന കക്ഷികളാണ് പി ഡി പിയും ബി ജെ പിയും. 370-ാം വകുപ്പ് കാശ്മീരിന് അവകാശപ്പെട്ടതാണെന്നും അത് നിലനിര്‍ത്തണമെന്നുമാണ് പി ഡി പിയുടെ നിലപാട്. അഫ്‌സ്പ എടുത്തുകളയണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. എന്നാല്‍ കാശ്മീരിന് ഭരണഘടനാപരമായി പ്രത്യേക അവകാശം നല്‍കുന്നതിനോട് ബി ജെ പി യോജിക്കുന്നില്ലെന്ന് മാത്രമല്ല, അത് എടുത്തുകളയണമെന്ന് ശക്തമായി വാദിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതാണ്. മാത്രമല്ല, നരേന്ദ്രമോദി അധികാരമേറ്റെടുത്ത ശേഷം ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കാശ്മീരില്‍ നിന്നും മതേതര പാര്‍ട്ടികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍, പ്രസ്താവന പിന്‍വലിച്ചു തത്കാലം പ്രശ്‌നത്തില്‍ നിന്ന് തലയൂരുകയായിരുന്നു ജിതേന്ദ്ര സിംഗ്. അഫ്പ്‌സ പിന്‍വലിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പുമില്ല. സൈനിക രാജില്‍ കാശ്മീരികളുടെ ദുരിതം തുടരണമെന്നാണ് സംഘ് പരിവാര്‍ താത്പര്യം.
ഈ രണ്ട് വിഷയങ്ങളില്‍ തട്ടിയാണ് പി ഡി പി-പി ജെ പി സഖ്യ തീരുമാനം ഇത്രയും നീണ്ടത്. സംസ്ഥാനത്ത് അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നപ്പോള്‍, മോദി ഇടപെട്ട്് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തര്‍ക്ക വിഷയങ്ങളില്‍ അനുരഞ്ജന ഫോര്‍മുല എന്താണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. 370-ാം വകുപ്പിന്റെ കാര്യത്തില്‍ ബി ജെ പിയും അഫ്പ്‌സ പിന്‍വലിക്കുന്നത് സംബന്ധിച്ചു പി ഡി പിയും വിട്ടുവീഴ്ച ചെയ്തതായാണ് അനൗദ്യോഗിക വിവരം. ജമ്മു കാശ്മീരിനു പ്രത്യേക പദവി നിലനിര്‍ത്തുന്നതിനോട് ബി ജെ പിക്കും സംഘ്പരിവാറിനും കടുത്ത വിയോജിപ്പുണ്ടെങ്കിലും, കാശ്മീരില്‍ ഏതുവിധേനയും അധികാരത്തിലേറുന്നതിനാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം പ്രധാന്യം കല്‍പിക്കുന്നത്. ജമ്മു യൂനിവേഴ്‌സിറ്റിയിലെ സോറാവര്‍ സിംഗ് ഓഡിറ്റോറിയത്തല്‍ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്‍ കെ അഡ്വാനി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി തുടങ്ങി പാര്‍ട്ടിയുടെ സമുന്നത നേതാക്കളെല്ലാം സന്നിഹിതരായതില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടി കാശ്മീര്‍ പിടിച്ചടക്കാനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ മൂന്നും പിടിച്ചടക്കിയതോടെ അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പി ജെ പി പ്രയോഗിക്കാറുള്ള തീവ്രവാദവും പാകിസ്ഥാന്‍ പ്രശ്‌നവുമുടക്കമുള്ള വിഷയങ്ങള്‍ കാശ്മീര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ എടുത്തിട്ടു ജനങ്ങളെ പ്രകോപിതരാക്കാന്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. പകരം കാശ്മീര്‍ വികസനമാണ് അവരുടെ ക്യാമ്പുകളില്‍ മുഴങ്ങിക്കേട്ട മുദ്രവാക്യം. എന്നിട്ടും കേവലം ഭൂരിപക്ഷം നേടാനോ, ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയരാനോ സാധിക്കാത്ത സാഹചര്യത്തില്‍, ഇനിയും കാത്തിരിക്കാന്‍ പാര്‍ട്ടി ഒരുക്കമല്ല. 370-ാം വകുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി അജന്‍ഡ താത്കാലികമായി മരവിപ്പിക്കാന്‍ തയാറായത് ഇതുകൊണ്ടാണ്.
സംസ്ഥാനത്തിന്റ തെക്കന്‍ മേഖലയായ കാശ്മീരില്‍ സ്വാധീനമുള്ള പി ഡി പിക്കും തെക്കന്‍ മേഖലയായ ജമ്മുവില്‍ സ്വാധീനമുള്ള ബി ജെ പിക്കും പുതിയ സഖ്യത്തില്‍ ചില താത്പര്യങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങളുപരി രാഷ്ട്രീയാധികാരങ്ങളാണ് പി ഡി പിയുടെ മുഖ്യലക്ഷ്യം. കേന്ദ്ര മന്ത്രി സഭയില്‍ പങ്കാളിത്തമുള്‍പ്പെടെ നരേന്ദ്ര മോദി, മുഫ്തിക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയതയാണ് വിവരം. എന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായിരിക്കും ബി ജെ പി അധികാരത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുക. ഭിന്ന ലക്ഷ്യങ്ങളോടെയുള്ള ഈ അവസരവാദ കൂട്ടുകെട്ടിന്റെ ഭരണം കാശ്മീരികള്‍ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. മാത്രമല്ല, കാശ്മീരിന്റെ പ്രത്യേകാധികാരവുമായ ബന്ധപ്പെട്ട തങ്ങളുടെ നയം, സംഘ് പരിവാറിന്റെ എതിര്‍പ്പ് അവഗണിച്ചു ഏറെക്കാലം മരവിപ്പിച്ചു നിര്‍ത്താന്‍ പി ജെ പിക്ക് സാധ്യവുമല്ല. സംസ്ഥാനത്ത് സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ഉടനെ തന്നെ, 370-ാം വകുപ്പിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവിന് പ്രസ്താവന ഇറക്കേണ്ടി വന്നതില്‍ നിന്ന് തന്നെ ഇക്കാര്യം വായിച്ചെടുക്കാവുന്നതാണ്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ സമവായവും സര്‍ക്കാറിന്റെ ആയുസ്സും എത്രത്തോളമെന്ന ചോദ്യവും ഇത്തരുണത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.