ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ കേശവന്‍കുട്ടി വിജയി

Posted on: March 3, 2015 2:18 am | Last updated: March 2, 2015 at 10:19 pm
SHARE

ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് തുടംക്കംകുറിച്ച് ഇന്നലെ നടന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ കേശവന്‍കുട്ടി വിജയിയായി. ഉച്ചതിരിഞ്ഞ് ക്ഷേത്ര നാഴികമണി മൂന്നടിച്ചപ്പോള്‍ആനകളുടെ കഴുത്തില്‍ അണിയിക്കുന്നതിനുള്ള കുടമണികള്‍ പാപ്പാന്‍മാര്‍ക്ക് കൈമാറിയതോടെയാണ് ആനയോട്ടത്തിനുള്ള ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രം പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍, മാതേമ്പാട്ട് അനിരുദ്ധന്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് കുടമണികള്‍ കൈമാറിയത്. തുടര്‍ന്ന് പാപ്പാന്‍മാര്‍ മഞ്ജുളാല്‍ത്തറക്കരികില്‍ ഒരുക്കിനിര്‍ത്തിയ ആനകളുടെ അരികിലേക്ക് ഓടിയെത്തി കുടമണികള്‍ അണിയച്ചു. ക്ഷേത്രം മാരാര്‍ ശംഘ് വിളിച്ചതോടെ ആനയോട്ടം ആരംഭിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ മുന്നിലായിരുന്ന കേശവന്‍കുട്ടി മറ്റ് ആനകളെ ബഹുദൂരം പിന്നിലാക്കിയാണ് ജേതാവായത്. കേശവന്‍കുട്ടിക്ക് പിറകെ ജൂനിയര്‍ വിഷ്ണുവും നന്ദിനിയുമാണ് ക്ഷേത്ര ഗോപുരം കടന്നത്. ക്ഷേത്രത്തിനകത്തെ ഏഴ് തവണ പ്രദക്ഷിണത്തില്‍ ഈ മൂന്നാനകളെയാണ് പങ്കെടുപ്പിച്ചത്. പ്രദക്ഷിണ ശേഷം ആനയോട്ട ജേതാവ് കേശവന്‍കുട്ടി സ്വര്‍ണക്കൊടിമരത്തിന് മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങി. ഉത്സവത്തിന്റെ പത്ത് ദിവസവും എഴുന്നെള്ളിപ്പിന് ഇനി തിടമ്പറ്റുക കേശവന്‍കുട്ടിയാണ്. ഈ ദിവങ്ങളില്‍ പ്രത്യേക പരിഗണനയാണ് ഈ കൊമ്പന് ലഭിക്കുക. ഇത് മൂന്നാം തവണയാണ് കേശവന്‍കുട്ടി ആനയോട്ടത്തില്‍ ജേതാവാകുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തവണ കണ്ണന്‍ ജേതാവായിട്ടുണ്ട്. ഇപ്പോള്‍ 49വയസ്സുള്ള കേശവന്‍കുട്ടിയെ പത്ത് വയസ്സുള്ളപ്പോഴാണ് ക്ഷേത്രത്തില്‍ നടയിരുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിന് ആനയെത്താതായപ്പോള്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആന ഓടിയെത്തിയെന്ന ഐത്യഹ്യത്തെ സ്മരിക്കുന്നതാണ് ആനയോട്ടം.