കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ലീഗ് നേതൃത്വം

Posted on: March 2, 2015 10:32 am | Last updated: March 2, 2015 at 10:32 am
SHARE

കൊണ്ടോട്ടി: കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജില്ലാ ലീഗ് നേതൃത്വത്തിന് കീറാമുട്ടിയാകുന്നു. ഈ വരുന്ന 19നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ മാസം 19ന് പ്രസിഡന്റായ കോണ്‍ഗ്രസിലെ വി ടി ഫൗസിയയെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. ഐ സി ഡി എസ് സൂപ്പര്‍ വൈസറെ പുറത്താക്കിയതും പഞ്ചായത്ത് വക ഭൂമി സ്വകാര്യ വ്യക്തിക്ക് റോഡുണ്ടാക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചായിരുന്നു അവിശ്വാസം കൊണ്ടു വന്നത്. ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് അവിശ്വാസം പാസായി. അവിശ്വാസം കൊണ്ടു വരുന്ന കാര്യം തന്നെ വൈകിയാണ് ജില്ലാ നേതൃത്വം അറിയുന്നത്. അവിശ്വാസത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ലീഗ് അംഗങ്ങള്‍ക്ക് ജില്ലാ നേതൃത്വം വിപ്പ് നല്‍കിയിരുന്നെങ്കിലും അത് കൈപറ്റാന്‍ പോലും അംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നില്ല. വോട്ടെടുപ്പിന് അല്‍പ സമയം മുമ്പാണ് ഇവര്‍ യോഗത്തിനെത്തിയത്. കഴിഞ്ഞ 19 നായിരുന്നു അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കിയത്. ലീഗ് നേതൃത്വത്തെ ഞെട്ടിച്ച അവിശ്വാസം പാസായതും ഭരണ സമിതിയിലെ ഒമ്പത് ലീഗ് അംഗങ്ങളേയും ജില്ലാ നേതൃത്വം സസ് പെന്‍ഡ് ചെയ്തു.
ഐ സി ഡി എസ് സൂപ്പര്‍ വൈസറെ സ്ഥലം മാറ്റിയതിലും സ്വകാര്യ വ്യക്തിക്ക് റോഡുണ്ടാക്കാന്‍ പഞ്ചയത്ത് വക സ്ഥലംവിട്ടു കൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചുമായിരുന്നു അവിശ്വാസം കൊണ്ടു വന്നത്. അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതറിഞ്ഞില്ലെന്ന കാരണത്താലും ലീഗ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ സാധിച്ചില്ലെന്ന കാരണത്താലും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി വി ലത്തീഫ്, സെക്രട്ടറി മെഹബൂബ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ് പെന്‍ഡ് ചെയ്തു. അവിശ്വാസം പസായതും ജില്ലാ ലീഗ് നേതൃത്വം യു ഡി എഫിന് മുന്നില്‍ അപമാനിതരാവുകയായിരുന്നു. കൊണ്ടോട്ടിയിലെ അവിശ്വാസം സംസ്ഥാനത്ത് പോലും ചര്‍ച്ചാ വിഷയമായിരുന്നു.
യു ഡി എഫ് സംവിധാനത്തിന് മാനക്കേടുണ്ടാക്കിയ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ജില്ലാ നേതൃത്വം. പുതിയ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് തന്നെ പ്രശ്‌നം പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്തു യു ഡി എഫ് കെട്ടുറപ്പ് ഭദ്രമാക്കാനുമുള്ള പെടാപാടിലാണ് ജില്ലാ ലീഗ് നേതൃത്വം. വരുന്ന 19 നാണ് ഒഴിവ് വന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഭരണ സമിതിയിലെ ലീഗ് അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. എന്നാല്‍ തങ്ങളുടെ ആവശ്യം കൂടി അംഗീകരിച്ചാല്‍ മാത്രമെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യു എന്ന നിലപാട് ജില്ലാ നേതൃത്വത്തിന് മുന്നില്‍ വെക്കാനുമുള്ള തീരുമാനത്തിലാണ് പഞ്ചായത്ത് മെമ്പര്‍മാര്‍. പഞ്ചായത്ത് ലീഗ് ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നതാണ് ഇവരുടെ ആവശ്യം. അവിശ്വാസ പ്രമേയവുമായി പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നും സസ്‌പെന്‍ഷന്‍ ലഭിക്കുമെന്നറിഞ്ഞിട്ടും തങ്ങള്‍ ന്യായത്തിന്റെ പേരിലാണ് അവിസ്വാസത്തില്‍ ഉറച്ച് നിന്നതെന്നുമാണ് പഞ്ചായത്ത് മെമ്പര്‍മാര്‍ ജില്ലാ നേതൃത്വത്തെ അറിയിക്കുക.
തങ്ങള്‍ കാരണം ഇവര്‍ സസ്‌പെന്‍ഷനിലാകാന്‍ പാടില്ലെന്നുമാണ് ഇവരുടെ നിലപാട്. അംഗങ്ങളുടെ നിലപാട് സ്വീകരിക്കുകയല്ലാതെ ജില്ലാ ലീഗ് നേതൃത്വത്തിന് മറ്റ് മാര്‍ഗമില്ല. യു ഡി എഫ് കെട്ടുറപ്പ് കാത്തു സൂക്ഷിക്കുന്നതിനും കോണ്‍ഗ്രസിനു നല്‍കിയ ഉറപ്പ് പാലിക്കപ്പെടുന്നതിനും ഈ ആവശ്യം അംഗീകരിക്കുകയെ വഴിയുള്ളൂ.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും പഴയ ഭാരവാഹികള്‍ തന്നെ തത്സ്ഥാനത്ത് തുടരുകയും ചെയ്യുന്നതോടെ മാറ്റി വെച്ച പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനുമാകും. കൊണ്ടോട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും പാര്‍ട്ടി നേതൃത്വം നിയോഗിച്ച സംഘം ഈ മാസം നാലിന് കൊണ്ടോട്ടിയിലെത്തുന്നുണ്ട്. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സലീം കരുവമ്പലം അടങ്ങുന്നതാണ് സംഘം. സംഘം റിപ്പോര്‍ട്ട് നല്‍കുന്നതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നറിയുന്നു.