ആദായ നികുതി പരിധി തൊട്ടില്ല; പകരം ഇളവുകള്‍

Posted on: March 1, 2015 12:51 am | Last updated: March 1, 2015 at 12:51 am

new  s2015022862700ന്യൂഡല്‍ഹി: ഇടത്തരക്കാരെയും ശമ്പളക്കാരെയും സന്തോഷിപ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പെട്ടിയില്‍ എമ്പാടുമുണ്ടാകുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടത്. ആദായ പരിധി ഉയര്‍ത്തുമെന്നതായിരുന്നു അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ ചെറിയ ഇളവുകള്‍ക്ക് അദ്ദേഹം തയ്യാറായിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള നികുതിയിളവ് പരിധി 15,000ല്‍നിന്ന് 25,000 ആക്കിയാണ് ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് 20,000ല്‍നിന്ന് 30,000വുമാക്കി. 80 വയസ്സിന് മുകളിലുള്ള ‘സൂപ്പര്‍ സീനിയര്‍’ വ്യക്തികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് സൗകര്യമില്ലാത്തതിനാല്‍ ഇവരുടെ ചെലവിനത്തില്‍ 30,000 രൂപക്കും ഇളവ് ലഭിക്കും.
പ്രത്യേകം അസുഖങ്ങളുളള മുതിര്‍ന്ന പൗരന്മാരായ നികുതിദായകര്‍ക്ക് നല്‍കിയിരുന്ന (80 വയസ്സിന് മുകളിലുള്ള വിഭിന്ന ശേഷിയുള്ള പൗരന്‍മാര്‍) നികുതിയിളവിന്റെ പരിധി 60,000ല്‍നിന്ന് 80,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ചിരുന്ന 50,000 രൂപയുടെ ഇളവ് 75,000 രൂപയാക്കി.
പെന്‍ഷന്‍ ഫണ്ടിലേക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കും അടക്കുന്ന തുകക്കുള്ള നികുതിയിളവ് നിലവിലുള്ള ഒരു ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷമാക്കി വര്‍ധിപ്പിച്ചു. 80 സി വിഭാഗത്തിലെ നികുതിയിളവിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുകന്യ സമൃദ്ധി പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 80 സി വിഭാഗത്തില്‍പ്പെടുത്തി നികുതിയിളവിന് അര്‍ഹതയുണ്ടായിരിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച വനികതാ സഹായ പദ്ധതിയാണ് സുകന്യ സമൃദ്ധി.

പി എഫിലും
ഇ എസ് ഐയിലും മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്) പദ്ധതിയിലും എംപ്ലോയീസ് സെക്യുരിറ്റി ഇന്‍ഷ്വറന്‍സ്(ഇ എസ് ഐ)യിലും ചില മാറ്റങ്ങള്‍ ബജറ്റ് നിര്‍ദേശിക്കുന്നു. ജീവനക്കാര്‍ക്ക് ഇ പി എഫോ അല്ലെങ്കില്‍ പുതിയ നാഷനല്‍ പെന്‍ഷന്‍ സ്‌കീമോ(എന്‍ പി എസ്) തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. കുറഞ്ഞ വരുമാനമുള്ള ജീവനക്കാര്‍ക്ക് അവരുടെ ഇ പി എഫ് വിഹിതം അടക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. അടക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ തൊഴില്‍ ദാതാവ് അടക്കുന്ന വിഹിതം അതേപോലെ തുടരും. തൊഴിലാളികള്‍ക്ക് ഇ എസ് ഐയോ അല്ലെങ്കില്‍ ഏതെങ്കിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയോ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഈ പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്നതിന് ഉടന്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.