സാര്‍ഥക മുന്നേറ്റത്തിന്റെ കരുത്തറിയിച്ച് സമ്മേളനം സമാപിച്ചു

Posted on: March 1, 2015 11:45 pm | Last updated: March 2, 2015 at 10:30 pm
SHARE

IMG_2386

താജുല്‍ ഉലമ നഗര്‍: ചരിത്രമായിരിക്കുന്നു ഈ സമ്മേളനം, ആവേശമായിരിക്കുന്നു ഈ ജനക്കൂട്ടം. സുന്നിയുവജന പ്രസ്ഥാനം സാര്‍ഥക മുന്നേറ്റത്തിന്റെ കരുത്തറിയിച്ചിരിക്കുന്നു. അറുപതാണ്ടിന്റെ കര്‍മശേഷിയില്‍ ഒരു ജനത നിവര്‍ന്നു നിന്നപ്പോള്‍ കേരളത്തിന്റെ സമ്മേളന ചരിത്രത്തില്‍ മറ്റൊരു അത്ഭുതം പിറന്നിരിക്കുന്നു. ജനലക്ഷങ്ങളുടെ മഹാസംഗമം ഇനി സുന്നിസംഘശക്തിയുടെ ചരിത്രത്തിനൊപ്പം പതിഞ്ഞു കിടക്കും. ആര്‍ക്കും അവകാശപ്പെടാനാവില്ല ഇതുപോലൊരു സമ്മേളനം, എവിടെയും കാണാനാവില്ല ഇത്തരത്തിലൊരു ജനക്കൂട്ടം.
മഹാസംഗമത്തിലേക്ക് നാനാവഴികളില്‍ നിന്ന് ധാര്‍മിക യൗവ്വനം വന്നുചേര്‍ന്നപ്പോള്‍ താജുല്‍ ഉലമ നഗരി വളര്‍ന്നു വളര്‍ന്ന് പ്രദേശമാകെ പടര്‍ന്നു. പിന്നീട് അതൊരു വികാരമായി ദേശീയ പാതയിലും സംസ്ഥാന പാതയിലും കിലോമീറ്ററുകളോളം നീണ്ടു കിടന്നു. കേരളത്തിന്റെ ചിന്തയും വര്‍ത്തമാനവും താജുല്‍ ഉലമ നഗരിയായി മാറിയ ദിനങ്ങള്‍ക്കൊടുവില്‍ എടരിക്കോട്ടെ വിശാലമായ വയലിലേക്കെത്തിയ ആദര്‍ശ കേരളം ഇവിടെ ജനസമുദ്രമാക്കി മാറ്റുകയായിരുന്നു. ഇന്നലെ കേരളം കണികണ്ടുണര്‍ന്നത് തന്നെ താജുല്‍ ഉലമ നഗരിയിലേക്കുള്ള ജനപ്രവാഹം കണ്ടാണ്. എല്ലാ വഴികളും ചരിത്രനഗരിയിലേക്കായിരുന്നു.
ആദര്‍ശത്തിന്റെ കൊടിക്കൂറയേന്തിയവരും ധാര്‍മിക കാഹളം മുഴക്കിയെത്തിയവരും രാവിലെ മുതല്‍ തന്നെ കോട്ടക്കലിന്റെ ആവേശമായി മാറിയിരുന്നു. പ്രകടനം ഇല്ലാതിരുന്നിട്ടും അതിരാവിലെ മുതല്‍ തന്നെ ചെറുപ്രകടനങ്ങളും വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരുടെ കൂട്ടങ്ങളും സമാപനസംഗമ വേദിയിലേക്ക് നീങ്ങി കൊണ്ടിരുന്നു. ഉച്ചയോടെയത് വന്‍ പ്രവാഹമായി താജുല്‍ ഉലമ നഗരിയെ പൊതിഞ്ഞു നിന്നു. വൈകുന്നേരത്തോടെ നഗരി നിറഞ്ഞുകവിഞ്ഞ് കിലോമീറ്ററുകളോളം പ്രവര്‍ത്തകര്‍ റോഡില്‍ പരന്നൊഴുകി.
സാര്‍ഥക മുന്നേറ്റത്തിനായി വെണ്‍മ പടര്‍ത്തിയെത്തിയ വെള്ളരി പ്രാവുകള്‍ ആയുര്‍വേദ നഗരിയില്‍ പരന്നൊഴുകിയപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ മുസ്‌ലിം സംഗമത്തോടെ എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം പുതിയ ചരിത്രമെഴുതുകയായിരുന്നു.
സാംസ്‌കാരിക സമ്പൂര്‍ണമായൊരു സാമൂഹ്യ നിര്‍മിതിയില്‍ സുന്നിപ്രസ്ഥാനത്തിന്റെ നിലക്കാത്ത മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മലയാള മണ്ണില്‍ ആധുനിക യുവതക്ക് നേരറിവ് നല്‍കാന്‍ ധാര്‍മിക പ്രതീക്ഷകളായ ആദര്‍ശപോരാളികള്‍ മറ്റൊരു ചരിത്ര സംഗമം തീര്‍ക്കുകയായിരുന്നു. ഇനി കേരളീയ ഇസ്ലാമിക നവോത്ഥാന വഴികളില്‍ താജുല്‍ ഉലമ നഗരിയും ചേര്‍ത്ത് വായിക്കപ്പെടും.