എസ്സാറിന്റെ ചെലവില്‍ ഗാഡ്കരി വിദേശത്ത് ഉല്ലാസ യാത്ര നടത്തി

Posted on: February 28, 2015 6:00 am | Last updated: February 28, 2015 at 12:41 am

gadkariന്യൂഡല്‍ഹി: കോര്‍പറേറ്റ് ഭീമന്‍മാരായ എസ്സാറിന്റെ ചെലവില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി വിദേശത്ത് ഉല്ലാസ യാത്ര നടത്തിയതായി മാധ്യമ വെളിപ്പെടുത്തല്‍. ഫ്രഞ്ച് ക്രൂയിസില്‍ അവധിക്കാലം ആഘോഷിക്കാനാണ് എസ്സാര്‍ ഗാഡ്കരിക്ക് വാഗ്ദാനം നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തര്‍ക്കുമെതിരെ ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന വാദമാണ് ബി ജെ പി ഇതിനെതിരെ ഉന്നയിക്കുന്നത്.
രാഷ്ട്രീയക്കാരെ വലയിലാക്കാന്‍ കോര്‍പറേറ്റുകള്‍ എപ്പോഴും ഇത്തരത്തില്‍ ശ്രമിക്കുമെന്നും രാഷ്ട്രീയക്കാരാണ് ഇതിനെ അതിജീവിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. സൗജന്യമായി ഒരു കമ്പനിയും ഒന്നും വാഗ്ദാനം നല്‍കില്ല. അവര്‍ക്ക് പ്രത്യുപകാരം ലഭിക്കേണ്ടതുണ്ട്. അന്ന് താന്‍ ഒന്നുമായിരുന്നില്ലെന്ന ഗാഡ്കരിയുട വാദം കോണ്‍ഗ്രസ് തള്ളി. 2013 ജൂലൈ ഏഴ് മുതല്‍ ഒമ്പത് വരെ ഗാഡ്കരിക്കും കുടുംബത്തിനും ഫ്രഞ്ച് റിവീറയിലെ എസ്സാര്‍ ആഡംബര നൗകയില്‍ കഴിയാന്‍ വാഗ്ദാനം ചെയ്തുവെന്നാണ് പ്രമുഖ ദേശീയ പത്രം വെളിപ്പെടുത്തിയത്. നൈസ് വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററിലാണ് ഗാഡ്കരിയും കുടുംബവും നൗകയുള്ള സ്ഥലത്തേക്ക് പോയത്. തിരിച്ചുവന്നതും ഇതേ റൂട്ടില്‍ തന്നെ. എസ്സാറിന്റെ ചോര്‍ന്ന ആഭ്യന്തര വിവര വിനിമയത്തില്‍ നിന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായ താത്പര്യം മുന്‍നിര്‍ത്തി അധികാരത്തിലുള്ള വ്യക്തികള്‍ക്ക് പലതരം ഉപഹാരങ്ങളും വാഗ്ദാനങ്ങളും നല്‍കി കമ്പനി എങ്ങനെയാണ് ആളുകളെ സ്വാധീനിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ആളാണെന്നും പ്രത്യേകം പരിഗണിക്കണമെന്നുമാണ് ഗാഡ്കരിയെ സംബന്ധിച്ച് നൗകയിലുള്ളവര്‍ക്ക് എസ്സാര്‍ കൈമാറിയ സന്ദേശം. കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടിയില്‍ പെട്ടവരും മാധ്യമപ്രവര്‍ത്തകരും എസ്സാറിന്റെ വാഗ്ദാനം സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ കേന്ദ്ര മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍, ദിഗ്‌വിജയ് സിംഗ്, മോത്തിലാല്‍ വോറ, ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി തുടങ്ങിയവരും എസ്സാറിന്റെ ആനുകൂല്യം അനുഭവിച്ചവരാണ്.
ഫ്രഞ്ച് നൗകയില്‍ താമസിച്ചുവെന്ന് ഗാഡ്കരി സമ്മതിച്ചിട്ടുണ്ട്. അന്ന് താന്‍ യാതൊരു അധികാരത്തിന്റെയും ഭാഗമായിരുന്നില്ല. മന്ത്രിയെന്ന നിലക്ക് ഒരിക്കലും അങ്ങനെ ചെയ്യില്ല. അന്ന് താന്‍ എം പിയോ ബി ജെ പി പ്രസിഡന്റോ ആയിരുന്നില്ല. അദ്ദേഹം പറഞ്ഞു.