കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇനി മുതല്‍ പരസ്യമല്ല

Posted on: February 28, 2015 5:37 am | Last updated: February 28, 2015 at 12:38 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെബ്‌സൈറ്റില്‍ മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടത്തുന്നത് നിര്‍ത്തിവെച്ചു. 2010 മുതല്‍ കേന്ദ്ര മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ ലഭ്യമാണ്. എന്നാല്‍ മോദി മന്ത്രിസഭയിലെ മുഴുവന്‍ പേരുടെയും സാമ്പത്തിക കാര്യങ്ങള്‍ യൂസര്‍നേമും പാസ്‌വേഡും നല്‍കി സംരക്ഷിച്ചിരിക്കുകയാണ്.
ഇതുവരെ ലഭ്യമായിരുന്ന വിവരങ്ങള്‍ ഇനി ഉത്തരവാദപ്പെട്ട അധികൃതര്‍ക്ക് മാത്രമാണ് തുറന്ന് നോക്കി അവലോകനം ചെയ്യാന്‍ കഴിയുകയുള്ളൂ. കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ നിരവധി വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നു.
എന്നാല്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിനെ കുറിച്ച് ആരും പരാതിപ്പെടുന്നില്ലെന്ന് വിവരാവകാശ പ്രവര്‍ത്തക അജ്ഞലി ഭര്‍ദ്വജ് പറഞ്ഞു. പ്രധാനമന്ത്രിക്ക് സുതാര്യമായ ഭരണം ആവശ്യമില്ലെന്നും പരാതി നല്‍കേണ്ട മുഖ്യ വിവരാവകാശ കമ്മിഷണറെ 2014 മുതല്‍ നിയമിച്ചിട്ടില്ലെന്നും അജ്ഞലി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം 90 ദിവസത്തിനകമാണ് മന്ത്രിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത്.