Connect with us

Kerala

ആയമാരുടെ ശമ്പളം മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published

|

Last Updated

തിരുവനന്തപുരം: ക്രഷുകളിലെ ആയമാരുടെയും ക്രഷ് വര്‍ക്കര്‍മാരുടെയും പ്രതിമാസ ശമ്പളം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ഇതു സംബന്ധിച്ച് കേന്ദ്ര സാമൂഹിക നീതി ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര സാമൂഹികനീതി സെക്രട്ടറിയും അടുത്തമാസം 30നകം വിശദീകരണം സമര്‍പ്പിക്കണം.
കേസ് ഏപ്രില്‍ എട്ടിന് പരിഗണിക്കും. ജോലിയുള്ള അമ്മമാര്‍ക്ക് ആറ് വയസുവരെയുള്ള കുഞ്ഞുങ്ങളെ പകല്‍ സമയത്ത് സംരക്ഷിക്കാനായി രാജീവ്ഗാന്ധി നാഷനല്‍ സ്‌കീം ഫോര്‍ ദി ചില്‍ഡ്രന്‍ ഓഫ് വര്‍ക്കിംഗ് മദേഴ്‌സ് എ പദ്ധതിയുടെ കീഴിലാണ് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്.
18 വര്‍ഷം സര്‍വീസുള്ള ക്രഷ് വര്‍ക്കര്‍മാര്‍ക്കും ആയമാര്‍ക്കും പ്രതിമാസം 1000 രൂപയാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ സംസ്ഥാന സാമൂഹിക നീതി വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ 1000 രൂപയാണ് ശമ്പളമെന്ന് സമ്മതിച്ചു. ഒരു കുട്ടിക്ക് ഒരു ദിവസം പോഷകാഹാരം നല്‍കാന്‍ 2.08 രൂപയാണ് നല്‍കുന്നത്. മരുന്ന് വാങ്ങാന്‍ മാസം 350 രൂപ നല്‍കും. എന്നാല്‍, ധനസഹായത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമാണ് അധികാരമെന്ന് അഡീഷനല്‍ ചീഫ്‌സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
മുഴുവന്‍ സമയവും ജോലിചെയ്യുന്ന ആള്‍ക്ക് 1000 രൂപ ശമ്പളം അടിമവേലക്ക് തുല്യമാണെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. മിനിമം വേതന നിയമം അനുസരിച്ചുള്ള തുകയെങ്കിലും നല്‍കണം. ഒരു കുഞ്ഞിന് ദിവസം 2.08 രൂപ പോഷകാഹാരത്തിന് നല്‍കുന്നത് തീര്‍ത്തും അപര്യാപ്തമാണ്. ക്രഷുകള്‍ക്കുള്ള ഗ്രാന്റും തുച്ഛമാണ്.
അഞ്ച് വര്‍ഷത്തേക്ക് 5000 രൂപയാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ പോലും തുക തികയില്ലെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരാണ് ക്രഷുകളില്‍ പ്രവര്‍ത്തിക്കുന്നത്. കേരള പ്രതികരണ വേദി പ്രസിഡന്റ് ഫ്രാന്‍സിസ് പെരുമന സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

Latest