Connect with us

Kozhikode

വടകരയില്‍ 70 ലക്ഷത്തിന്റെ കുഴല്‍പ്പണ വേട്ട

Published

|

Last Updated

വടകര: ദേശീയപാതയില്‍ മടപ്പള്ളി ഗവ. കോളജ് ബസ് സ്റ്റോപിന് സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ 70 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് കക്കാട് സ്വദേശി സറീനാസില്‍ തച്ചന്‍കണ്ടി കുനിയില്‍ ഫാസില്‍ (30) ആണ് സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവുമായി പിടിയിലായത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നെപ്പോളിയന്‍ ബസ്സില്‍ മദ്യവേട്ടക്കായി എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. ബാഗിനുള്ളില്‍ കടലാസില്‍ പൊതിഞ്ഞ് ടാപ്പ് ഒട്ടിച്ച് ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൊതി പൊട്ടിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എക്‌സൈസ് സി ഐ ബിനോയിയും സംഘവുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. എക്‌സൈസ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഇന്‍കം ടാക്‌സ് അധികൃതരും വടകര സര്‍ക്കിള്‍ എക്‌സൈസ് ഓഫീസിലെത്തി പ്രതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പണം കോഴിക്കോട് സ്വദേശിക്ക് കൊടുക്കാനാണ് കൊണ്ടുപോകുന്നതെന്നും താന്‍ കരിയര്‍ ഏജന്റാണെന്നും പ്രതി പോലീസില്‍ മൊഴി നല്‍കി. പ്രതിയെ കോഴിക്കോട് ഇന്കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.