Connect with us

Gulf

മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്ക് അടുത്ത മാസം 20 ന് തുറക്കും

Published

|

Last Updated

അബുദാബി: തലസ്ഥാനത്തെ പ്രധാന ഉദ്യാനങ്ങളില്‍ ഒന്നായ മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്ക് അടുത്ത മാസം 20ന് വീണ്ടും തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ പ്ലേ ഏരിയ, കഫെ, സ്‌പോട്‌സ് ഹാള്‍, പരിപാടികള്‍ക്കുള്ള പ്രത്യേക സ്ഥലം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ക്കില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒട്ടകങ്ങള്‍, ചെറു കുതിരകള്‍, മുയല്‍, ആട് എന്നിവയെയും സംരക്ഷിക്കും. എമിറേറ്റ്‌സ് പാര്‍ക്ക് സൂവില്‍ നിന്നുള്ള വൈല്‍ഡ്‌ലൈഫ് ഉദ്യോഗസ്ഥര്‍ പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്ന കുട്ടികളെ ബോധവത്ക്കരിക്കും. എജ്യുക്കേഷന്‍ സോണ്‍, കളികള്‍ക്കായുള്ള മൈതാനം എന്നിവയും ഇവിടെ സജ്ജമാക്കുന്നുണ്ട്. മരുഭൂമിയുടെയും വാദികളുടെയും പരിസ്ഥിതി കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങളും ഉദ്യാനത്തിന്റെ ഭാഗമായിരിക്കും. ബോട്ടണിക്കല്‍ ഗാര്‍ഡണ്‍, ലെഡ് സിനിമ സ്‌ക്രീനുകള്‍ എന്നിവക്കൊപ്പം 2,500 പേരെ ഉള്‍ക്കൊള്ളാവുന്ന ഗ്രേറ്റ് ലോണും ഉദ്യനത്തിലുണ്ടാവും. വിവിധ പരിപാടികള്‍ക്കും കലാരൂപങ്ങളും മറ്റും അരങ്ങിലെത്തിക്കാനുമാണ് ഗ്രേറ്റ് ലോണ്‍ ഒരുക്കുന്നത്.

299 സ്പീക്കറുകളാണ് ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ക്കിലെ ആംഫിതിയറ്ററില്‍ നിന്നുള്ള പരിപാടികള്‍ ഇതുവഴി ഉദ്യാനത്തിന്റെ മുഴുവന്‍ ഭാഗത്തേക്കും കേള്‍പ്പിക്കാന്‍ സാധിക്കും. 28 മീറ്റര്‍ ഉയരമുള്ളതും 215 മെട്രിക് ടണ്‍ ഭാരമുള്ളതുമായ ഷെയ്ഡ് ഹൗസാണ് ഉദ്യാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഉദ്യാനത്തില്‍ പരിപാലിച്ചുവരുന്ന മൂപ്പെത്താത്ത ചെടികളെയും മറ്റും വെയിലിന്റെ കാഠിന്യത്തില്‍ നിന്നു രക്ഷിച്ചു നിര്‍ത്താനാണിത്. കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ ഉദ്യാനം വികസനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അടച്ചിട്ടത്. അടുത്ത മാസം 20ന് വീണ്ടും തുറക്കുന്നതോടെ അബുദാബിയിലെ ഏറ്റവും മികച്ച ഉദ്യാനങ്ങളില്‍ ഒന്നായി ഇത് മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി പാര്‍ക്കിന്റെ സാന്നിധ്യം അറിയുന്നുണ്ടെന്ന് ഇതിനോട് ചേര്‍ന്നു താമസിക്കുന്ന ഒരു വീട്ടമ്മ വ്യക്തമാക്കി. കുറെ വര്‍ഷങ്ങളായി സ്ത്രീകളുടെയും കുട്ടികളുടെയും ഉദ്യാനമായാണ് അല്‍ മുശ്‌രിഫ് പ്രവര്‍ത്തിച്ചത്. പഴയ ഉദ്യാനത്തിന്റെ ആ ചിത്രം ഇന്നും എന്റെ മനസിലുണ്ട്. ഈ മേഖലയില്‍ താമസിക്കുന്നവരിലും വര്‍ഷങ്ങളായി ഇവിടെ സന്ദര്‍ശിക്കുന്നവരിലും ഈ ചിത്രം പതിഞ്ഞിട്ടുണ്ടാവും. സമൂഹത്തിന്റെ കൂടിച്ചേരലുകളുടെ മുഖ്യകേന്ദ്രം കൂടിയായിരുന്നു ഈ ഉദ്യാനം. പുനരുദ്ധാരണം അവസാനിച്ച് അടുത്ത മാസം തുറക്കുന്നതോടെ സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കുമായി ഉദ്യനത്തെ മാറ്റുന്നത് ചരിത്രത്തിലെ തന്നെ നാഴികകല്ലായിരിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഉദ്യാനത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് പുനരുദ്ധാരണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അല്‍ ഐന്‍ പ്രോപര്‍ട്ടീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. വിനോദത്തിനൊപ്പം അറിവ് സമ്പാദിക്കാനുള്ള അവസരങ്ങളും മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്കില്‍ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Latest