Connect with us

Palakkad

രണ്ടര കിലോ കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ രണ്ടര കിലോ കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി ചിറ്റൂര്‍ വഴി കഞ്ചാവ് കടത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്നലെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ബസിനകത്തു നിന്നുമായാണ് രണ്ടര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായത്.
പിടിയിലായവരില്‍ ഒരാള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനായ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയില്‍ നിന്ന് 500 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പിന്നീട് അഞ്ച് മണിയോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവുമായി മലപ്പുറം മഞ്ചേരി മംഗലശേരി കോളനിയില്‍ അബ്ദുവിന്റെ മകന്‍ ഷംസുദീ(26)നെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ നിന്ന് കഞ്ചാവുമായി പിടികൂടുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരുകയാണ്. കമ്പം, തേനി, പൊള്ളാച്ചി, ഒട്ടഛത്രം എന്നിവിടങ്ങളില്‍ നിന്നുമാണ് കഞ്ചാവ് കേരളത്തിലെത്തുന്നത്.
കെ എസ് ആര്‍ ടി സി ബസുകളിലെ കഞ്ചാവ് കടത്ത് എക്‌സൈസ് അധികൃതര്‍ പിടികൂടാന്‍ തുടങ്ങിയതോടെ കഞ്ചാവ് കടത്ത് സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി. അനൂപ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷണ്‍മുഖന്‍, സേതു, പ്രിവന്റീവ് ഓഫീസര്‍മാരായ ജയപ്രകാശ്, മധു, സി ഇ ഒമാരായ രാജേഷ്, രാധാകൃഷ്ണന്‍, സജീവ്, ഡ്രൈവര്‍ ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Latest