പ്രൈസ് രാജ് വധം: രണ്ട് പേര്‍ കീഴടങ്ങി

Posted on: February 25, 2015 10:28 am | Last updated: February 25, 2015 at 10:28 am

താമരശ്ശേരി: സദാചാര പോലീസ് ചമഞ്ഞ് മൈക്കാവ് ഈരൂട് നായ്ക്കംപറമ്പില്‍ പ്രൈസ് രാജി(34)നെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ താമരശ്ശേരി കോടതിയില്‍ കീഴടങ്ങി.
ഒന്നാം പ്രതി ഈരൂട് എടപ്പാട്ട് കാവുങ്കല്‍ ബാബു ജോണ്‍(43), സഹോദരനും രണ്ടാം പ്രതിയുമായ ബിജു ജോണ്‍(45) എന്നിവരാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടിലെത്തി കീഴടങ്ങിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് താമരശ്ശേരി സി ഐ. എം ഡി സുനില്‍ പറഞ്ഞു. മൂന്നും നാലും പ്രതികളായ െൈമക്കാവ് കണ്ണംപുള്ളിയില്‍ റോജന്‍(35), ചെമ്പക്കര ബിജില്‍ കുര്യന്‍(27) എന്നിവരെ രണ്ടാഴ്ചമുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി 16 നാണ് പ്രൈസ് രാജ് അക്രമിക്കപ്പെട്ടത്. ഭാര്യയെ അന്വേഷിച്ചിറങ്ങിയ പ്രൈസ് രാജ് അയല്‍വാസിയായ വീട്ടമ്മയുമായി വഴക്കിടുകയും കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. വീട്ടമ്മയെ അക്രമിച്ചെന്നാരോപിച്ചാണ് നാലംഗ സംഘം പ്രൈസ് രാജിനെ മര്‍ദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ജനുവരി 22 നാണ് പ്രൈസ് രാജ് മരിച്ചത്.