Connect with us

Malappuram

പകര്‍ച്ചവ്യാധി പ്രതിരോധം: ജലസ്രോതസുകള്‍ മലിനമാക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തണം

Published

|

Last Updated

മലപ്പുറം: ജലസ്രോതസുകള്‍ മലിനമാക്കുന്നത് കണ്ടെത്തിയാല്‍ ഉടന്‍ തൊട്ടടുത്ത പ്രഥമികാരോഗ്യ കേന്ദ്രങ്ങളിലോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയോ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ എല്ലാ വര്‍ഷവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജലജന്യ രോഗമായ മഞ്ഞപ്പിത്തമാണ് . ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 19 വരെ 88 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി വിവിധ വകുപ്പുകളടെയും പഞ്ചായത്തുകളുടെയും ഏകോപനയോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഡി ടി പി സി ഹാളില്‍ നടന്ന യോഗത്തില്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ, ജില്ലാ കലക്ടര്‍ കെ ബിജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമര്‍ ഫാറൂഖ് സംസാരിച്ചു.
തീരദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത: തീരദേശ മേഖലകളില്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ എല്ലാം വര്‍ഷവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തീരദേശമേഖലകളില്‍ കൂടുതല്‍ ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനവും ആവശ്യമാണെന്ന് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എംഎല്‍ എ ആവശ്യപ്പെട്ടു. തീരദേശമേഖലകളില്‍ ഉപ്പ് വെള്ളം കയറുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും തീരദേശമേഖലകളിലെ കമ്യൂനിറ്റി ഹെല്‍ത്ത് സെന്റുകളിലെ ലാബുകളില്‍ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ സമയം ല”്യമാക്കാനും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
കനോലി കനാല്‍ ശുചീകരണം: കനോലി കനാല്‍ മാലിന്യവും അഴുക്കും നീക്കം ചെയ്ത് ശുചികരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. വേനലില്‍ കനാലിലെ നീരുറവ തൊട്ടടുത്ത കിണറുകളിലേയ്ക്ക് ഒലിച്ചിറങ്ങി കുടിവെള്ളം മലിനമാക്കുന്നത് പകര്‍ച്ചവ്യാധിക്ക് കാരണമാവുന്നു. കനോലി കനാലില്‍ നിന്നും നീക്കം ചെയ്ത ചളി നിക്ഷേപിച്ച സ്ഥലത്തെ തെങ്ങുകള്‍ ഉണങ്ങിപ്പോയതായും എം എല്‍ എ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളി കാമ്പുകള്‍: ഇതര സംസ്ഥാന തൊഴിലാളി കാംപുകള്‍ കേന്ദീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരുമാനിച്ചു കോട്ടക്കല്‍, തിരൂര്‍, പുളിക്കല്‍ പ്രദേശങ്ങളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇവര്‍ താമസിക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കരണമാവുന്നതായി യോഗം വിലയിരുത്തി. മൂന്നിയൂരില്‍ ഇവര്‍ താമസിച്ചിരുന്ന രണ്ട് ലോഡ്ജുകളില്‍ ടോയ്‌ലറ്റ് സൗകര്യമുണ്ടായിരുന്നില്ലെന്നും പൊതുസ്ഥലത്ത് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിയതിനെ തുടര്‍ന്ന് തൊട്ടുടുത്ത ജലസ്രോതസ് മലിനമായതായും കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ലോഡ്ജുകള്‍ അടച്ച് പൂട്ടാന്‍ നോട്ടീസ് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Latest