Connect with us

Articles

കേരളീയ തൊഴിലിടങ്ങള്‍

Published

|

Last Updated

ഈ ലേഖനം സൈബറില്‍ തുടങ്ങി സൈബറില്‍ അവസാനിപ്പിക്കാം. സൈബര്‍ ലോകം അഥവാ ഐ ടി സേവനത്തുറ ആണ് ഇനിയുള്ള കാലത്ത് കേരളത്തിന്റെ രക്ഷക്കുള്ളത് എന്നതായിരുന്നു പത്തു പതിനഞ്ച് വര്‍ഷം മുമ്പു മുതല്‍ നാം കേട്ടു പഴകിയ “മഹായാഥാര്‍ഥ്യം”. ലോകം മുഴുവനും ഇന്ത്യ മുഴുവനും മാറിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ വെറും കടുംപിടുത്തങ്ങളും യാഥാസ്ഥിതിക മനോഭാവവും വെച്ചുകൊണ്ടിരുന്നാല്‍ കേരളം ബഹുദൂരം പിന്നോട്ടു തള്ളപ്പെടുമെന്നും, തൊഴിലവസരങ്ങള്‍ കുറഞ്ഞു കുറഞ്ഞ് കേരളം പല നൂറ്റാണ്ടുകള്‍ പുറകിലേക്കെത്തുമെന്നും “ന്യൂസ് അവര്‍” വിദഗ്ധരും മറ്റും വാതോരാതെ വിധിച്ചു കൊണ്ടേ ഇരുന്നു. ഹൈദരാബാദും ബംഗളൂരുവും പൂനെയും പല കാതം മുന്നിട്ടപ്പോള്‍ കേരളം സമയം പാഴാക്കുകയായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു. അങ്ങനെ അടിയന്തര പ്രശ്‌ന പരിഹാരമാര്‍ഗങ്ങളെന്ന വിശേഷണങ്ങളോടെ സ്മാര്‍ട് സിറ്റിയും കൊച്ചി മെട്രോയും നമ്മുടെ ന്യൂസ് അവറുകളിലും വൃത്താന്ത പത്രങ്ങളുടെ തലക്കെട്ടുകളിലും എഡിറ്റോറിയലുകളിലുമായി കേരളീയരുടെ ഉറക്കം കെടുത്തിക്കൊണ്ടേ ഇരുന്നു. ഇപ്പോള്‍, ലോകമാന്ദ്യത്തിനും പ്രദേശങ്ങളില്‍ നിന്ന് പ്രദേശങ്ങളിലേക്ക് തൊഴില്‍ തേടിയുള്ള പലായനങ്ങള്‍ക്കും ശേഷം കേരളം എവിടെയെത്തി നില്‍ക്കുന്നു എന്നതിന് സൂചകങ്ങളായി എടുക്കാവുന്ന നാല് തൊഴിലിട ദുരന്തങ്ങള്‍ ആണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തുന്നത്. ഓരോ സംഭവവും വിശദമായും സൂക്ഷ്മമായും ചര്‍ച്ചക്കും പരിശോധനക്കും വിധേയമാക്കേണ്ടതാണ്. അവ തമ്മില്‍ പരസ്പര ബന്ധമൊന്നുമില്ലെങ്കിലും, തൊഴിലിടത്തെ സംബന്ധിച്ചും മനുഷ്യ നന്മയെക്കുറിച്ചുമുള്ള സാമാന്യ വിചാരത്തിന്റെ അടിസ്ഥാനത്തില്‍ അവയെ ഏകോപിപ്പിച്ച് അവതരിപ്പിക്കുക മാത്രമാണിവിടെ ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകത്തെ തന്നെയും ഐ ടി ഭീമനായ ടാറ്റ കണ്‍സല്‍ടന്‍സി കമ്പനിയില്‍ നിന്നു തുടങ്ങാം. പുതുപ്പണക്കാരനല്ലാത്ത സാക്ഷാല്‍ തറവാടി തന്നെയായ ടാറ്റ കുടുംബത്തിന്റെ ലേബലുള്ള ടി സി എസ്, ഐ ടി വ്യവസായത്തിലൂടെ ലോകം തന്നെ കീഴടക്കുന്നതായ വാര്‍ത്തകളാണ് കഴിഞ്ഞ കാലങ്ങളില്‍ നാം കേട്ടുകൊണ്ടിരുന്നത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളിലൂടെയും മറ്റും ലക്ഷക്കണക്കിന് പുതുമുറക്കാര്‍ ടി സി എസില്‍ ജോലിക്ക് ചേരുകയും ലക്ഷങ്ങള്‍ ശമ്പളമായും, അതിന്റെ അടിസ്ഥാനത്തില്‍ ബേങ്ക് വായ്പയിലൂടെയും അല്ലാതെയും പുതുപുത്തന്‍ കാറുകളും ഫഌറ്റുകളും അപ്പാര്‍ടുമെന്റുകളും വാങ്ങിക്കൂട്ടുകയും ചെയ്തു. വിവാഹക്കമ്പോളത്തില്‍ അവരുടെ വില പ്രത്യേകം പറയേണ്ടതുമില്ല. യൂനിയനുകള്‍ക്കോ സമരങ്ങള്‍ക്കോ പ്രവേശമില്ലാത്ത, പ്രത്യേക നിയമങ്ങളാല്‍ വേലി കെട്ടപ്പെട്ട സുരക്ഷിത ഇടങ്ങളിലായിരുന്നു ഈ വ്യവസായങ്ങളൊക്കെയും എന്നതിനാല്‍ ഒരു പ്രശ്‌നവും അവിടെയില്ല എന്ന ധാരണയാണ് പുറത്തെങ്ങും പരന്നത്.
പൊടുന്നനെ ഒരു വാര്‍ത്ത പതുക്കെ പതുക്കെ പരന്നുതുടങ്ങി. സൈബര്‍ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായി. നിരവധി വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ പതിനായിരക്കണക്കിന് ജീവനക്കാരെ ടി സി എസ് പിരിച്ചുവിട്ടിരിക്കുന്നു; അഥവാ പിങ്ക് സ്ലിപ്പ് കൊടുത്ത് വീട്ടിലേക്കയച്ചിരിക്കുന്നു. 1947ലെ വ്യവസായത്തര്‍ക്ക നിയമം ടി സി എസ് അടക്കമുള്ള ഐടി/ന്യൂ ജെന്‍ കമ്പനികള്‍ക്ക് ബാധകമാണോ? നിയമവിദഗ്ധര്‍ മറുപടി പറയട്ടെ. സെക്ഷന്‍ 25 പ്രകാരം അവസാനം വന്ന ആള്‍ ആദ്യം പോകണം എന്ന വ്യവസ്ഥയോ; സേവനം ചെയ്ത വര്‍ഷമൊന്നിന് പതിനഞ്ച് ദിവസം വീതം ഗ്രാറ്റ്വിറ്റിയോ, ഇതൊന്നും ടി സി എസിന് ബാധകമല്ലേ എന്നാണ് ചെന്നൈ ഹൈക്കോടതിയില്‍ കേസു കൊടുത്ത ഗര്‍ഭിണി കൂടിയായ ഒരു ജീവനക്കാരി ചോദിച്ചിരിക്കുന്നത്. കൊച്ചിയടക്കമുള്ള ടി സി എസ് കേന്ദ്രങ്ങളില്‍ കമ്പനിയുടെ സി ഇ ഒയായ നടരാജന്‍ ചന്ദ്രശേഖരന്റെ ചിത്രമുള്ള മുഖപടങ്ങള്‍ക്കുള്ളില്‍ സ്വന്തം മുഖം മറച്ചാണ് തൊഴിലാളികള്‍ പ്രതിഷേധപ്രകടനങ്ങളും മനുഷ്യച്ചങ്ങലകളും ചാനലുകള്‍ക്കു മുമ്പിലുള്ള തുറന്നു പറച്ചിലുകളും നടത്തിയത്. സി ഐ ടി യു, എ ഐ ടി യു സി അടക്കമുള്ള കേന്ദ്ര ട്രേഡ് യൂനിയനുകള്‍ ഐ ടി ജീവനക്കാരെ സംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതു മാത്രമാണ് ശുഭകരമായ ഏക വാര്‍ത്ത.
മരുന്നു കമ്പനികളുടെയും മേലധികാരികളുടെയും പ്രാദേശിക പത്ര പ്രവര്‍ത്തകരുടെയും മറ്റ് നിക്ഷിപ്ത താത്പര്യക്കാരുടെയും പീഡനത്തെത്തുടര്‍ന്ന് രക്തസമര്‍ദം മൂര്‍ഛിച്ച് യാത്രക്കിടയില്‍ മരണപ്പെട്ട (പത്രഭാഷയില്‍ പറഞ്ഞാല്‍ മരിച്ച നിലയില്‍ കാണപ്പെട്ട) മലപ്പുറം ജില്ലക്കാരനും കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ യുവ ഡോക്ടര്‍ ഷാനവാസിന്റെ ദുരന്തമാണ് രണ്ടാമത്തേത്. ആദിവാസികള്‍ക്കിടയില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തിയിരുന്ന ഷാനവാസ് കൂലിപ്പണിക്കാരനായ പിതാവിന്റെ മൂന്ന് മക്കളിലൊരാളാണ്. മറ്റ് രണ്ട് സഹോദരങ്ങളും ഷാനവാസിനെപ്പോലെ ഡോക്ടര്‍മാരായിരുന്നു. കേരളത്തിന്റെ അഭിമാനങ്ങളിലൊന്നായിരുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങളില്‍ പ്രധാനപ്പെട്ടതു കൂടിയായിരുന്നു കൂലിപ്പണിക്കാരന്റെ മക്കളെല്ലാം ഡോക്ടര്‍മാരായി എന്ന കാര്യം. എന്നാല്‍, ആ ഡോക്ടര്‍ കണ്ണും പൂട്ടി, ലാഭവും കമ്മീഷനും വിദേശ യാത്രകളും ഫ്രിഡ്ജും ടി വിയും കാറും മോഹിച്ച് മരുന്നുകളെഴുതി തുലച്ചിരുന്നുവെങ്കില്‍; സ്‌കാനിംഗും രക്ത-കഫ-മല-മൂത്ര പരിശോധനകളും മറ്റ് റഫറന്‍സുകളും നടത്തിയിരുന്നെങ്കില്‍ യാതൊരു പൊല്ലാപ്പുമില്ലാതെ ജീവിച്ചു പോകാമായിരുന്നു. മുപ്പത്തെട്ട് വയസ്സായിട്ടും വിവാഹം പോലും കഴിക്കാതെ അശരണരായവര്‍ക്ക് അല്‍പം കാരുണ്യവുമായി പാഞ്ഞെത്തിയ ആദിത്യന്‍ എന്നു കൂടി ഒളിപ്പേരുള്ള ഷാനവാസിനെ താത്കാലിക ലാഭം മാത്രം ലക്ഷ്യമിടുന്ന കേരളത്തിലെ സമ്മര്‍ദ മേധാവിത്ത വര്‍ഗം കൊലയ്ക്കു കൊടുക്കുകയായിരുന്നു.
മൂന്നാമത്തേത്, ഇതിനകം ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ദാരുണ മരണം തന്നെ. ഷാനവാസിന്റെ ബാപ്പയെപ്പോലെ; ചന്ദ്രബോസ് തനിക്കും കൂലിപ്പണിക്കാരിയായ ഭാര്യ ജമന്തിക്കും കൂടി ലഭിക്കുന്ന തുഛ വരുമാനത്തില്‍ നിന്ന് നിത്യനിദാനച്ചെലവുകള്‍ കഴിച്ച് മിച്ചം പിടിച്ചാണ് മകള്‍ രേവതിയെ കോഴിക്കോട്ട് ഗവ. കോളജില്‍ എഞ്ചിനീയറിംഗിന് പഠിപ്പിച്ചിരുന്നത്. പടിവാതില്‍ തുറക്കാന്‍ അല്‍പസമയം വൈകിയതിന്റെ പേരില്‍, തിരുനെല്‍വേലിയിലെ ബീഡിക്കമ്പനിയില്‍ മാത്രം ഇരുപതിനായിരം തൊഴിലാളികളെ ഭരിക്കുന്ന മുഹമ്മദ് നിസാം എന്ന വ്യവസായി അയാളെ വടി കൊണ്ടടിച്ചും കാറ് കയറ്റിയും കൊല്ലുകയായിരുന്നു. നിസാമിനെ പിന്തുടര്‍ന്ന് മയക്കു മരുന്നും സ്ത്രീ ബന്ധങ്ങളും ന്യൂ ജെനറേഷന്‍ സിനിമകളും പരതുന്ന പോലീസും മാധ്യമങ്ങളും കേരളത്തിലെ തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയാണ് യഥാര്‍ഥ കാരണം എന്നത് മറച്ചു വെക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട്ട് മാവൂര്‍ റോഡിലെ ആര്‍ പി മാളില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സിനിമാഭ്രാന്തന്മാരായ ഏതാനും ഗുണ്ടകള്‍ ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുകൊന്നത്. യൂനിയന്‍ അംഗത്വങ്ങളും പ്രോവിഡണ്ട് ഫണ്ടും ഇ എസ് ഐയും ക്ഷാമബത്തയും പെന്‍ഷനും ഗ്രാറ്റ്വിറ്റിയും ബോണസും പോയിട്ട് മാന്യമായ ശമ്പളം പോലും ലഭിക്കാത്ത ലക്ഷക്കണക്കിന് തൊഴിലാളികളാണ് വിവിധ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നത്; അഥവാ നരകിക്കുന്നത്.
നാലാമത്തെ സംഭവം കാണാന്‍ നാം വീണ്ടും സൈബര്‍ ലോകത്തെത്തണം. സൈബര്‍ ലോകത്തെത്തുന്നതിനു മുമ്പ്, നമ്മുടെ ചെറുതും വലുതുമായ ഏതെങ്കിലുമൊരു നഗരത്തില്‍ കാലത്ത് ആറ് മണിക്ക് എത്തുക. പാലക്കാട്ടാണെങ്കില്‍ സുല്‍ത്താന്‍ പേട്ട, പെരിന്തല്‍മണ്ണയിലാണെങ്കില്‍ പഴയ ബസ്സ്റ്റാന്റ് പരിസരം, തൃശ്ശൂരാണെങ്കില്‍ റൗണ്ടില്‍ ഹൈ റോഡ് തുടങ്ങുന്നതിനു തൊട്ടു മുമ്പ് ജില്ലാ ആശുപത്രി പരിസരം എന്നിങ്ങനെ. ഇവിടെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഹതഭാഗ്യരായ തൊഴിലാളികളുടെ നവീന അടിമച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു മേസണ്‍, മൂന്നു കയ്യാള്‍, നാലു പെണ്ണ് എന്നിങ്ങനെ ചുമരു പണിക്കും; രണ്ടു കലക്കുകാര്‍, നാല് എടുപ്പുകാര്‍, മൂന്നു നിരത്തുകാര്‍, അഞ്ചു പെണ്ണുങ്ങള്‍ എന്നിങ്ങനെ വാര്‍ക്കപ്പണിക്കും എന്നു വേണ്ട ഏതു തരം പണിക്കും ആവശ്യത്തിന് (ആവശ്യത്തിനു മാത്രം) പണിക്കാരെ തിരഞ്ഞു പിടിച്ച് കയറ്റിക്കൊണ്ടുപോകാവുന്ന തൊഴിലാളി കാത്തുനില്‍പ് ഇടമാണ് ഈ അടിമച്ചന്തകള്‍. എറണാകുളത്തെ ഒരു അടിമച്ചന്ത പ്രവര്‍ത്തിക്കുന്നത് ഇടപ്പള്ളി ടോളിലാണ്. ഫെബ്രുവരി 14ന് ശനിയാഴ്ച, ഇടപ്പള്ളി ടോളില്‍ നില്‍ക്കുന്നവരില്‍ നിന്ന് രണ്ട് സ്ത്രീകളെ, ഓട്ടോറിക്ഷയില്‍ എത്തിയവര്‍ പുല്ലു വെട്ടാനെന്ന വ്യാജേന കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇനിയാണ് സൈബര്‍ വിപ്ലവം. എച്ച് എം ടിക്കു സമീപത്ത് നിര്‍ദിഷ്ട സൈബര്‍ സിറ്റിക്കുള്ള ക്യാമ്പസില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്‍ക്കാട്ടിലേക്കാണ് അവരെ കൊണ്ടുപോയത്. 55 വയസ്സുകാരിയെ കെട്ടിയിട്ടതിനു ശേഷം 37 വയസ്സുള്ള യുവതിയെ നാലംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയും അവര്‍ ധരിച്ചിരുന്ന നാലര പവന്റെ ആഭരണങ്ങളും പഴ്‌സിലുണ്ടായിരുന്ന 400 രൂപയും മൊബൈല്‍ ഫോണും കെട്ടിയിടപ്പെട്ട സ്ത്രീയുടെ ഫോണും അവരുടെ 150 രൂപയും കവര്‍ന്നെടുത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍, പൊലീസിനെയോ പത്രക്കാരെയോ അറിയിച്ചാല്‍ അവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വഴിയറിയാത്ത സ്ത്രീകള്‍ ഏറെ അലഞ്ഞ് സൈബര്‍ സിറ്റി ക്യാംപസിന് പുറത്തു വന്ന് അതു വഴി പോയ മറ്റൊരു ഓട്ടോറിക്ഷയില്‍ കയറി താമസസ്ഥലത്ത് തിരിച്ചെത്തി. വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ പത്രത്തില്‍ രണ്ട് ദിവസത്തിനു ശേഷം അതിന്റെ ഫോളോ അപ്പ് വാര്‍ത്ത ഇപ്രകാരമായിരുന്നു: തമിഴ് യുവതിയെ പീഡിപ്പിച്ച കേസില്‍ നാല്‌പേര്‍ കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സൂചനയുണ്ട്. പ്രതികള്‍ നാലുപേരും മലയാളികളാണ്.” (കേരളത്തിലെ “അന്യസംസ്ഥാന” എന്നു ടാഗുള്ള മറുനാടന്‍ തൊഴിലാളികളിലൂടെ കുറ്റവാളികളും ഭീകരരും നിറയുന്നു എന്ന ഫീച്ചറുകള്‍ക്കിടയിലും; ഹൊസൂരിലെ തീവണ്ടി അപകടത്തിലടക്കം എത്ര പേര്‍ മരിച്ചുവെന്നല്ല അതിലെത്ര മലയാളികളുണ്ട് എന്നന്വേഷിച്ച് അത് വെണ്ടക്കയിലും സ്‌ക്രോളിലും നിറയ്ക്കുന്ന ഭാഷാ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമിടയില്‍ ഈ ബലാത്സംഗക്കാരും മലയാളികളാണ് എന്ന സത്യം പുറത്തു വന്നു!) യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് മാത്രമാണ് കൂടെയുള്ളത്. യുവതിയെ സന്ദര്‍ശിക്കുന്നതിന് സര്‍ക്കാര്‍ പ്രതിനിധികളോ വനിതാ കമ്മീഷന്‍ അംഗങ്ങളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ എത്തിയില്ല. വനിതാ സംഘടനാ പ്രവര്‍ത്തകരും തിരിഞ്ഞുനോക്കിയില്ല.
കെട്ടിക്കഴിഞ്ഞ സൈബര്‍ കണ്ണാടിമാളികകളില്‍ നിന്ന് തൊഴിലാളികള്‍ എന്നു തങ്ങളെ വിളിക്കേണ്ട; പ്രൊഫഷണലുകള്‍ എന്നു വിളിച്ചാല്‍ മതി എന്നഹങ്കരിച്ചിരുന്ന ഐ ടി കൂലി അടിമകളെ ചുമ്മാ ഇറക്കിവിടുകയും, അപ്പുറത്ത് പുതിയ സൈബര്‍ കൊട്ടാരങ്ങള്‍ കെട്ടിയുയര്‍ത്താന്‍ താമസിച്ചതു കൊണ്ടു മാത്രം പുല്ലു വളര്‍ന്ന നഗരകാന്താരങ്ങളില്‍ റോഡരുകിലെ “അന്യസംസ്ഥാന” അടിമച്ചന്തകളില്‍ നിന്ന് ക്യാംപസ് റിക്രൂട്ട് ചെയ്‌തെടുത്ത യുവതികളെ ബലാത്സംഗം ചെയ്തു തള്ളുകയും ചെയ്യുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ ചികിത്സാലയങ്ങളും മാളുകളും കൂറ്റന്‍ പാര്‍പ്പിട സമുച്ചയങ്ങളും കൊലയറകള്‍ തീര്‍ക്കുന്നത്. വരും നാളുകളിലും സസ്യശ്യാമള കോമള കേരളത്തിലെ സുരക്ഷിത/സുരക്ഷിതേതര തൊഴിലിടങ്ങളില്‍ ഇതില്‍ കൂടുതല്‍ തൊഴിലാളി പീഡനങ്ങളും മര്‍ദനങ്ങളും കൊലകളും കൂടാനാണ് സാധ്യത. പാര്‍ലിമെന്റിലെ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ ഒന്നു പാസായിക്കോട്ടെ.