Connect with us

National

ബജറ്റില്‍ പച്ചക്കൊടി ലഭിക്കുക നൂറില്‍ താഴെ ട്രെയിനുകള്‍ക്ക് മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ ഇത്തവണ പച്ചക്കൊടി ലഭിക്കുക നൂറിന് താഴെ ട്രെയിനുകള്‍ക്ക് മാത്രം. മുന്‍ വര്‍ഷങ്ങളിലേത് പോലെ നൂറിന് മുകളില്‍ ട്രെയിനുകളുടെ പ്രഖ്യാപനം ഉണ്ടാകില്ല. ആവശ്യമായ ഫണ്ടില്ലാത്തത് കാരണം നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ പദ്ധതികള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലാണ് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാത്തത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ ആവശ്യങ്ങളുയരുന്നുണ്ടെങ്കിലും എല്ലാ വര്‍ഷങ്ങളിലേയും പോലെ 150- 180 ട്രെയിനുകളെന്ന ജനപ്രിയ പ്രഖ്യാപനം ഇത്തവണ ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം 160 ട്രെയിനുകള്‍ക്കാണ് അനുമതി നല്‍കിയത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭുവിന്റെ കന്നി ബജറ്റ് പ്രസംഗം കൂടുതല്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കും. പുതുക്കിയ നിര്‍ദേശം അനുസരിച്ച് റെയില്‍വേക്ക് സാമ്പത്തികമായി അധിക ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ പരസ്യം ചേര്‍ത്ത് ട്രെയിനുകള്‍ക്ക് കൊക്കകോള എക്‌സ്പ്രസ,് ഹാല്‍ദിറാം എക്‌സ്പ്രസ് എന്നിങ്ങനെയുള്ള പേരുകളും നല്‍കും. സാധാരണക്കാര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ജനറല്‍ സെക്കന്‍ഡ് കോച്ചോടു കൂടിയ ജനസാധരണ്‍ എക്‌സ്പ്രസ് പോലുളള റിസര്‍വേഷനില്ലാത്ത ട്രെയിനുകളും പരിഗണനയിലുണ്ട്. ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങള്‍ പുതിയ സര്‍വീസുകളുമായി ബന്ധപ്പെടുത്തും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിനും വടക്കുകിഴക്കന്‍ മേഖലക്കും രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. ഉത്തര്‍ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രദേശികമായി സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. 2015-16 ബജറ്റില്‍ പി പി പി മോഡലിന് കീഴില്‍ ബി സി സ്റ്റേഷന്റെ പുനര്‍ വികസനത്തിന് വേണ്ടി ബിസിനസ് നിര്‍ദേശങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം ട്രെയിന്‍ യാത്രക്കാരെ സംതൃപ്തിപ്പെടുത്താന്‍ വൃത്തി, ഭക്ഷണ വിതരണം, ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. യാത്രക്കാരുടെ അഭിപ്രായം സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സര്‍വീസ് പ്രഖ്യാപനവും എന്‍ ഡി എ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ഉണ്ടാകും.

---- facebook comment plugin here -----

Latest