മൃദംഗത്തില്‍ നാദവിസ്മയമായി നിഖില്‍ കെ വിളയൂര്‍

Posted on: February 22, 2015 11:23 am | Last updated: February 22, 2015 at 11:23 am

കൊപ്പം: മൃദംഗത്തില്‍ നാദവിസ്മയമായി നിഖില്‍ കെ. വിളയൂര്‍. തൃശൂരില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവം മൃദംഗം മത്സരത്തിലാണ് തുടര്‍ച്ചയായി രണ്ടാം തവണയും നിഖില്‍ വിളയൂര്‍ വിജയിയാകുന്നത്.
കൊപ്പം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ കെ. മുരളിയുടെയും പച്ചീരി എയുപി സ്‌കൂള്‍ അധ്യാപിക ജയന്തിയുടെയും മകനാണ്. ഖണ്ഡചാപ്പ് താളത്തില്‍ ഗതിയിലും തിശ്ര ഗതിയിലും സഞ്ചരിച്ച തനിയാവര്‍ത്തനം പുതുമയുള്ളതായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഇന്റെര്‍സോണ്‍, സൗത്ത് സോണ്‍, നാഷ്ണല്‍ ഇന്റെര്‍യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച നിഖില്‍ സംഗീത കച്ചേരി വേദികളിലും നിറസ്സാന്നിധ്യമാണ്. അങ്ങാടിപ്പുറം ദീപേഷിന്റെ കീഴിലാണ് മൃദംഗത്തില്‍ ആദ്യാക്ഷരം കുറിച്ചത്.
ഇപ്പോള്‍ തൃശ്ശൂര്‍ ജയകൃഷ്ണ (എഐആര്‍ തൃശ്ശൂര്‍) ന്റെ കീഴില്‍ ഉപരിപഠനം നടത്തിവരുന്നു. 13 വര്‍ഷമായി മൃദംഗം രംഗത്തുള്ള ഈ കലാകാരന്‍ യുവജനോത്സവ വേദികളില്‍ വിധികര്‍ത്താവായും സജീവമാണ്. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ബി എസ് സി ഗണിതം രണ്ടാം വര്‍ഷം വിദ്യാര്‍ഥിയാണ്.