Connect with us

International

ലണ്ടനില്‍ വിമാനമിറങ്ങിയ വനിതയെ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു

Published

|

Last Updated

ലണ്ടന്‍: ഒന്നര വയസ്സുകാരനായ മകനുമൊത്ത് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വനിതയെ തീവ്രവാദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തു. സിറിയയിലേക്ക് പോകുകയായിരുന്നുവെന്നും അവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് തരീനാ ശക്കീല്‍ എന്ന 25കാരിയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് മിറര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
സിറിയയിലെ ഇസില്‍ ശക്തി കേന്ദ്രമായ റഖ്ഖയിലായിരുന്നു അവരെന്നും അവിടെ വെച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ തുര്‍ക്കിയിലേക്ക് കടന്നുവെന്നുമാണ് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്. തുര്‍ക്കിയില്‍ നിന്ന് അവരെ വിമാനത്തില്‍ കയറ്റി വിടുകയായിരുന്നുവത്രേ. അവരുടെ പിതാവും മാതാവും സഹോദരനുമെല്ലാം വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല.
ബ്രിട്ടന്റെ മണ്ണില്‍ മകള്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ അവള്‍ക്ക് എന്ത് അബദ്ധമാണ് പറ്റിയതെന്ന് അറിയില്ല. എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ഭാവി തലമുറ അത് ആവര്‍ത്തിക്കാതിരിക്കാനുള്ള ഉപദേശം അവള്‍ തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ- പിതാവ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ സഫോര്‍ഡ്‌ഷെയറിലേക്ക് തിരിച്ച തരീന ഷക്കീല്‍ സിറിയയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ ക്ഷേമത്തിനായുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പോലീസ് അധികാരികള്‍ വ്യക്തമാക്കി.

Latest