Connect with us

National

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയോടുള്ള ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീം കോടതി. അത്‌കൊണ്ട് തന്നെ ആത്മഹത്യക്കുള്ള പ്രേരണയായി അതിനെ വിലയിരുത്താനാകില്ലെന്നും പരമോന്നത കോടതി ബഞ്ച് വ്യക്തമാക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ എസ് ജെ മുഖോപാധ്യായയും ദീപക് മിശ്രയും ഉള്‍പ്പെട്ട ബഞ്ച് നിലപാട് വ്യക്തമാക്കിയത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ ഭര്‍ത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടിലെത്തുകയും ബന്ധം വേര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി സഹോദരിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനു പിറകേ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെതിരായ കുറ്റം ശരിവെക്കുകയായിരുന്നു വിചാരണാ കോടതിയും ഹൈക്കോടതിയും. ഈ കുറ്റാരോപണമാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്.
ഇവിടെ പീഡനമോ സ്ത്രീധനം ആവശ്യപ്പെടുന്നത് പോലുള്ള മാനസിക പീഡനമോ നടന്നതിന് തെളിവില്ല. പരസ്ത്രീ ബന്ധമുണ്ടായിരുന്നു എന്നത് മാത്രം ഐ പി സിയിലെ സെക്ഷന്‍ 498 എ പ്രകാരമുള്ള ക്രൂരതയുടെ വിഭാഗത്തില്‍ പെടുന്നകിന് എങ്ങനെ അടിസ്ഥാനമാകുമെന്ന് ബഞ്ച് ചോദിച്ചു. ഭാര്യയും ഭര്‍ത്താവും ഒരേ വീട്ടില്‍ അന്യരെപ്പോലെയാണ് കഴിഞ്ഞിരുന്നു. ഭര്‍ത്താവിന് അന്യസ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടെന്നതിന് തെളിവുണ്ട്. അത് അധാര്‍മികവും നിയമവിരുദ്ധവുമാണ്. എന്നാല്‍ ഈ തെളിവ് ക്രൂരതയുടെ ഗണത്തില്‍ പെടുത്താനാകില്ല. അത് ആത്മഹത്യക്ക് പ്രേരണയാണെന്നും കണക്കാക്കാനാകില്ലെന്നും ബഞ്ച് വ്യക്തമാക്കി.

Latest