Connect with us

Kozhikode

കലക്ടറുടെ സ്ഥലം മാറ്റത്തിനു കാരണം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതൃപ്തി

Published

|

Last Updated

കോഴിക്കോട്: ജില്ലാ കലക്ടര്‍ സി എ ലതയുടെ സ്ഥാനചലനത്തിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതൃപ്തി.
നാദാപുരം തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് അക്രമ പരമ്പരകള്‍ തന്നെ അരങ്ങേറിയിട്ടും കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കാതിരുന്നത് ഭരണ, പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ വിഷയത്തില്‍ കലക്ടറുടെ നിലപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമവും നടത്തിയിരുന്നു. ഇതിന് മുമ്പുതന്നെ ജില്ലയിലെ, പ്രത്യേകിച്ച് കോഴിക്കോട് നഗരത്തിലെ പല വികസന പ്രവര്‍ത്തനങ്ങളോടും കലക്ടര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതില്‍ ഏറെ വിവാദമായത് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടികളായിരുന്നു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ച് സമരരംഗത്തുള്ള ഡോ. എം ജി എസ് നാരായണനും മറ്റും നേതൃത്വം നല്‍കുന്ന ആക്ഷന്‍ കമ്മിറ്റി കലക്ടറോടുള്ള അതൃപ്തി സര്‍ക്കാരിനെ അറിയിക്കുകയും ഇതിനെതിരെ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31നകം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കല്‍ അനന്തമായി നീളുകയായിരുന്നു. ഭൂമി വിലനിര്‍ണയിക്കാനായി നടത്തിയ ഡി എല്‍ പി സി യോഗങ്ങള്‍ പൂര്‍ത്തീകരിച്ച് ചീഫ് സെക്രട്ടറിക്ക് അയക്കേണ്ട റിപ്പോര്‍ട്ട് രണ്ടരമാസം വൈകിയാണ് കലക്ടര്‍ അയച്ചതെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ മാസം 28ന് ഫയലിലെ പാകപ്പിഴകള്‍ മൂലം ചീഫ് സെക്രട്ടറിക്ക് പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാകപ്പിഴകള്‍ തിരുത്തി നല്‍കാന്‍ ഫാക്‌സ് സന്ദേശം ലഭിച്ചിട്ടും കലക്ടര്‍ ഗൗനിച്ചിരുന്നില്ലെന്നും പറയുന്നു.
ഫണ്ട് അലോട്ടമെന്റ് നീളാന്‍ ഇതാണ് കാരണമെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസിന്റെ കോഴിക്കോട് എം പി. എം കെ രാഘവന്‍ അടക്കം താത്പര്യമുള്ള വിഷയമായിരുന്നിട്ടും കലക്ടറുടെ മെല്ലെപ്പോക്കിനെതിരെ പ്രധാനമായും കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് കാര്യമായ മുറുമുറുപ്പ് ഉയര്‍ന്നിരുന്നത്.

Latest