Connect with us

National

പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറും: പ്രധാനമന്ത്രി

Published

|

Last Updated

ബെംഗളൂരു: രാജ്യത്തെ പ്രതിരോധ വ്യവസായരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ പത്താമത് ഏയ്‌റോ ഇന്ത്യ 2015 ഡിഫന്‍സ്, വ്യോമയാന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. പ്രതിരോധ മേഖലയിലെ തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യ ഏറെ നിര്‍ണായകമായ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാം സജ്ജരായിരിക്കണമെന്നും മോദി പറഞ്ഞു. ആഭ്യന്തരസ്വകാര്യവിദേശ കമ്പനികള്‍ക്ക് ഒരുപോലെ ഇടം നല്‍കുന്ന പ്രതിരോധ ബിസിനസും വിവേചനമില്ലാത്ത നികുതി സമ്പ്രദായവും ഇന്ത്യ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യമായ ഇന്ത്യ ആ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. പ്രതിരോധ ഉത്പാദനം നിലവിലെ 40 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു. പ്രതിരോധ വ്യവസായ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് യൂനിറ്റുകള്‍ വരുന്നതിന് തന്റെ സര്‍ക്കാര്‍ അനുകൂലമാണെന്നും മോദി പറഞ്ഞു.
ശക്തമായ ഒരു പ്രതിരോധ മേഖലയുള്ള ഒരു രാജ്യം സുരക്ഷയുടെ കാര്യത്തില്‍ മാത്രമല്ല സമൃദ്ധിയുടെ കാര്യത്തിലും മുന്നിലാവും. ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര ഉത്പാദനത്തിന് നികുതിയിലെ വിവേചനം ഉണ്ടാവരുതെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ നിര്‍മാണ മേഖല അടിമുടി മാറ്റാനായാല്‍ പ്രതിരോധരംഗം കൂടുതല്‍ മെച്ചപ്പെടും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആഭ്യന്തര സംഭരണം 40 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്താനായാല്‍ പ്രതിരോധമേഖലയിലെ ഫലം ഇരട്ടിയായി മാറുമെന്നും മോദി പറഞ്ഞു
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന എയ്‌റോ ഷോയില്‍ പങ്കെടുക്കുന്നതിന് 10 വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് കമ്പനികളാണ് എത്തിയിരിക്കുന്നത്. നാലര ലക്ഷത്തോളം സന്ദര്‍ശകര്‍ മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Latest