Connect with us

Ongoing News

വിജ്ഞാന വിഹായസ്സിലെ അതുല്യ പ്രതിഭ

Published

|

Last Updated

മതവുമായി ബന്ധപ്പെട്ട നിഖില മേഖലയിലും പ്രഭ പരത്തിയ പണ്ഡിത ജ്യോതിസ്സ് എ എം എ ഉസ്താദ് ഇനി ഓര്‍മ. മദ്‌റസാ പ്രസ്ഥാനത്തിന് ബീജാവാഹം നല്‍കിയ പണ്ഡിത ശ്രേഷ്ഠന്‍, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന്‍, തുടങ്ങിയ മേഖലകളിലെല്ലാം നൂറുല്‍ ഉലമ വ്യക്തമുദ്ര പതിപ്പിച്ചു. സമസ്തയുടെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ചക്ക് പിന്നില്‍ സജീവമായിരുന്ന എം എ കഴിഞ്ഞ വര്‍ഷമാണ് പണ്ഡിത സഭയുടെ സമാദരണീയനായ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തലയില്‍ 1924 ആഗസ്റ്റ് ഒന്നിനാണ് എം എ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ജനനം. പിതാവ് നാട്ടിലെ പൗരപ്രമുഖനായിരുന്ന അപ്പാട്ടില്ലാത്ത് കുറിയ അബ്ദുല്ല ഹാജി. പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്‍ഖാദിര്‍ ഹാജിയുടെ പുത്രി മറിയുമ്മയാണ് മാതാവ്. മഹത്തായ ദീനീപാരമ്പര്യമുള്ളവരാണ് “മുക്രിക്കാന്റവിടെ” എന്ന പേരില്‍ അറിയപ്പെടുന്ന എം എയുടെ മാതൃകുടുംബം. മൂന്ന് നൂറ്റാണ്ട് കാലം പള്ളിയുമായി ബന്ധപ്പെട്ട് ദീനീസേവനത്തില്‍ മുഴുകിയ, പ്രമുഖ പണ്ഡിതന്മാരും മുദരിസുമാരും ഉള്‍ക്കൊള്ളുന്ന കുടുംബം. ഓത്ത് പഠിപ്പിക്കുന്നവന്‍ എന്നര്‍ഥം വരുന്ന “മുഖ്‌രിഅ് എന്ന പദത്തില്‍ നിന്നാണ് “മുക്രിക്കാന്റവിട” ഉണ്ടായത്. വ്യവസ്ഥാപിതമായ രീതിയില്‍ മദ്‌റസകള്‍ നിലവില്‍ വരുന്നതിന് മുമ്പ് ആ പ്രദേശത്തുകാര്‍ ഖുര്‍ആന്‍ പഠിച്ചിരുന്നത് ഈ വീട്ടില്‍ നിന്നായിരുന്നു.
മാതാമഹന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി്, മാതുലന്‍ അഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് ആദ്യകാല ഗുരുനാഥന്മാര്‍ . അക്കാലത്തെ പ്രമുഖ പണ്ഡിതനും ആത്മീയ നായകനുമായിരുന്ന ഹാഫിള് എം ശാഹുല്‍ ഹമീദ് തങ്ങളില്‍ നിന്നായിരുന്നു പ്രധാനമായും ഉപരിപഠനം. ബിരിച്ചേരി വലിയ ജുമുഅത്ത് പള്ളിയില്‍ തങ്ങളുടെ നേതൃത്വത്തില്‍ പത്ത് വര്‍ഷത്തോളം പഠിച്ചു. മര്‍ഹൂം പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായിന്‍ മുസ്‌ലിയാര്‍, ചാവക്കാട് ഹുസൈന്‍ മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത് എന്നിവരും ഗുരുനാഥന്മാരാണ്.
ഉടുമ്പുന്തല ഗവ. എല്‍ പി സ്‌കൂളില്‍ നിന്ന് അഞ്ചാം തരം പാസായ എം എക്ക് അറബി, ഉര്‍ദു ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ട്. ഉടുമ്പുന്തലയില്‍ മുദരിസായിരുന്ന എന്‍ സി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്നാണ് ഉര്‍ദു പഠിച്ചത്. ബീച്ചേരി ദര്‍സില്‍ പഠിക്കുന്ന കാലത്ത,് അസറിന് ശേഷം ഉടുമ്പുന്തലയിലേക്ക് കാല്‍നട യാത്ര ചെയ്താണ് ഉര്‍ദു വശമാക്കിയത്.
ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, ചാവക്കാട് കടപ്പുറം സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, സയ്യിദ് ഈസാ ചെറുകോയ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടുമുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് യഅ്ഖൂബ് അല്‍ഹിജാസി തുടങ്ങി ഒട്ടേറെ ഉന്നത ശീര്‍ഷരായി ആത്മീയ ഗുരുക്കളില്‍ നിന്ന് ശിക്ഷണവും ഇജാസത്തും നേടിയിട്ടുണ്ട്.
ബീച്ചേരിയില്‍ പഠിച്ചു കൊണ്ടിരിക്കെ തന്നെ 1951-ല്‍ തൊട്ടടുത്ത മഹല്ലായ തൊട്ടമ്മലില്‍ മുദരിസായി നിയോഗിതനായി. 1973 വരെ നീണ്ട 23 വര്‍ഷക്കാലം അവിടെ സേവനം നടത്തി. 1973-ല്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക്കോളജില്‍ മൂദരിസായി. അഞ്ച് വര്‍ഷത്തിന് ശേഷം 1978-ല്‍ ഉദുനൂരിലേക്ക് മാറി. 1979 മുതല്‍ സഅദിയ്യ മുദരിസും മാനേജറുമായി സേവനമനുഷഠിച്ചു വരുന്നു.
ദീനീ സ്‌നേഹിയായിരുന്ന കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി സ്വന്തം വീട്ടില്‍ നടത്തി വന്നിരുന്ന ദര്‍സാണ് പിന്നീട് സഅദിയ്യയായി മാറിയത്. സഅദിയ്യയെ ഇന്ന് കാണുന്ന വിധം ഉത്തരകേരളത്തിലെ അത്യുന്നത മതകലാലയമായി വളര്‍ത്തിയത് എം എയുടെ ത്യാഗവും കഠിനാധ്വാനവും ക്രാന്തദര്‍ശിത്വവുമാണ്.
1947-ല്‍ സമസ്ത ജനറല്‍ ബോഡി മെമ്പറായാണ് സംഘടനാ രംഗത്തേക്കുള്ള പ്രവേശനം. 1951-ല്‍ രൂപവത്കൃതമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപകാംഗമായിരുന്ന എം എ 1989-ല്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടരിയായി. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അധ്യക്ഷ്യസ്ഥാനവും അദ്ദേഹം വഹിക്കുന്നു.
1954-ല്‍ നിലവില്‍ വന്ന കേരളത്തിലെ ഏറ്റവും വലിയ ബഹുജന സംഘടനയായ സുന്നി യുവജന സംഘത്തിന്റെ സ്ഥാപകാംഗമായ എം എ 1983-ല്‍ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് അതിന്റെ പ്രസിഡണ്ട് സ്ഥാനത്ത് അവരോധിതനായി. 1995 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം തുടര്‍ന്നും സംഘടനയുടെ മുഖ്യരക്ഷാധികാരികളിലൊരാളായി തുടര്‍ന്നു. 1965-ല്‍ രൂപവത്കൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ വൈസ് പ്രസിഡണ്ടായും 1976-ല്‍ ജന സെക്രട്ടരിയായും തിരഞ്ഞെടുക്കപ്പെട്ട എം എ സമസ്ത അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടരിയായും പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ജില്ല വിഭജിക്കപ്പെട്ടപ്പോള്‍ കാസര്‍ക്കോട് ജില്ലാ പ്രസിഡണ്ടായി. തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്‌ലാമി പ്രസിഡണ്ട്, കാരന്തൂര്‍ മര്‍കസ് കമ്മിറ്റി അംഗം തുടങ്ങി മറ്റ് നിരവധി സ്ഥാനങ്ങളും വഹിക്കുന്നു.
സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ, അല്‍ മഖര്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് എം എ. ശരീഅത്ത് നിയമങ്ങള്‍, സോഷ്യലിസം കമ്യൂണിസം ഇസ്‌ലാം, സഹാബത്തിന്റെ ആത്മവീര്യം, ഇസ്‌ലാമിക ചിന്ത: സത്യവും മിഥ്യയും, ജമാഅത്തെ ഇസ്‌ലാമി വീക്ഷണവും വിമര്‍ശനവും, തബ്‌ലീഗ് ജമാഅത്ത് എന്ത്?, സമസ്തയുടെ ചരിത്രം, വിശുദ്ധ ഭൂമികളിലൂടെ, ഓര്‍മകളുടെ ഏടുകള്‍, മയ്യിത്ത് പരിപാലന ക്രമങ്ങള്‍, കിതാബുല്‍ അവ്വല്‍ ഫീ താരിഖുര്‍റസൂല്‍, മുഖ്തസറി മനാഖിബുല്‍ അഖ്ത്വാബില്‍ ഖംസ, അല്‍ഇജ്തിഹാദു വത്തഖ്‌ലീദ് തുടങ്ങി മലയാളത്തിലും അറബിയിലുമായി എം എയുടെ രണ്ട് ഡസണ്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
ഭാര്യ: ഖദീജ മക്കള്‍: നഫീസ, കുഞ്ഞഹമ്മദ്, ബഫാത്വിമ, അബ്ദുല്‍ വഹാബ്, ജുവൈരിയ്യ. കാസര്‍ക്കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എളമ്പച്ചി, കൈക്കോട്ടുകടവിലാണിപ്പോള്‍ താമസം.

Latest