Connect with us

Palakkad

മോഷ്ടാക്കളെ വേട്ടയാടാനിറങ്ങി; ഒടുവില്‍ സദാചാര പോലീസായി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: മധ്യവയസ്‌കന്റെ കൊലപാതകത്തില്‍ കലാശിച്ചത് ചെര്‍പ്പുളശേരി സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന മോഷ്ടാക്കളുടെ പരാക്രമമാണെന്ന് ജനഭാഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ജനങ്ങള്‍ മോഷ്ടാക്കളെ ഭയന്നാണ് രാത്രികാലങ്ങളില്‍ വീടുകളില്‍ അന്തിയുറങ്ങിയിരുന്നത്.
സന്ധ്യമയങ്ങുന്നതോടെ വീടുകള്‍ക്ക് നേരെ കല്ലെറിയുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീതിയുണ്ടാകുന്ന മറ്റുകാര്യങ്ങള്‍ ചെയ്തും മോഷ്ടാക്കള്‍ വിലസുകയായിരുന്നു. ഇതിനെതിരെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുണ്ടായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള രാത്രി പട്രോളിംഗും ജനമൈത്രി പോലീസ് വിഭാഗവും പ്രശ്‌നത്തിന് പരിഹാരമാകാതെ വന്നപ്പോഴാണ് നാട്ടുകാര്‍ സ്വയം പ്രതിരോധത്തിലേക്ക് നീങ്ങിയത്.
ഇപ്പോള്‍ കൊലപാതകം നടന്ന എഴുവന്തലക്ക് സമീപപ്രദേശമായ എഴുവന്തലയില്‍ ഒരുമാസം മുമ്പ് നാട്ടുകാര്‍ കാവിലിരുന്ന് മോഷ്ടാക്കളെ പിടികൂടിയിരുന്നു. മോഷ്ടാക്കളുടെ കൈവശമുള്ള വയര്‍ലെസ് പോലീസിനെ വെല്ലുന്നതരത്തിലാണ് ഉപയോഗിച്ചിരുന്നത്. മോഷ്ടാക്കളെ കസ്റ്റഡിയിലെടുക്കാന്‍ പരിസര പ്രദേശത്തെ മൂന്ന് സ്റ്റേഷനുകളിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വന്നിട്ടും മോഷ്ടാക്കളെ വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. എസ് പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഓഫീസര്‍മാര്‍ വന്നാണ് പ്രതികളെ നാട്ടുകാര്‍ വിട്ടുകൊടുത്തത്. ഈ സമയം പിടികൂടിയ മോഷ്ടാവിനെ കാണാന്‍ നൂറ് കണക്കിനാളുകളാണ് തടിച്ച് കൂടിയത്. അന്ന് പിടിക്കപ്പെട്ടമോഷ്ടാവിന്റെ കൂടെയുണ്ടായിരുന്ന വരെ പിന്നീട് പിടികൂടാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ എല്ലാം പേരില്‍ നാടുകാക്കാന്‍ സന്നദ്ധരായ ചെറുപ്പക്കാരാണ് പിന്നീട് സാദാചാര ഗുണ്ട എന്ന പേരില്‍ പുറം ലോകമറിയുന്നത്. നിയമം കൈയിലെടുക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നറിയാതെ അവര്‍ തന്നെ പോലീസും കോടതിയും ആരാചാരുമാകുന്നു.
ഇരകളെ കിട്ടിയാല്‍ കൈകാര്യം ചെയ്യുന്നത് ഒരു ലോബിയായി മാറിയിരിക്കുന്നത്. ഒരാള്‍ കുറ്റം ചെയ്തുവെന്ന കേള്‍ക്കേണ്ട താമസം അയാളെ കൈകാര്യം ചെയ്യാന്‍ കിട്ടുന്ന അവസരം ആരും ഒഴിവാക്കാറില്ല. ടൗണുകളിലും മറ്റും ഇത്തരം കാഴ്ച്ചകള്‍ പതിവാണ്. ഒരുമാസം മുമ്പ് ചെര്‍പ്പുളശേരി ടൗണില്‍ ബസില്‍ വെച്ച് സ്ത്രീയെ അപമാനിക്കാന്‍ശ്രമിച്ചുവെന്ന് എന്ന പറഞ്ഞ് നാലുയുവാക്കള്‍ ഒരു നിരപരാധിയെ ക്രൂരമായി മര്‍ദ്ദിച്ചു.
പോലീസ് ഇടപെട്ട് പ്രതിയെയും ഇരയെയും പോലീസ് സ്‌റ്റേഷനില്‍ കൂട്ടികൊണ്ട് പോയി.എന്നാല്‍ തനിക്ക് ഒരു പരാതിയുമില്ലെന്ന് പറഞ്ഞ് സ്ത്രീ തിരിച്ച് പോയി, ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തില്ല. ഇയാളെ നടുറോഡിലിട്ട് കൈകരുത്തുള്ളവര്‍ പെരുമാറി ആളാവാന്‍ ശ്രമിച്ചു. പലപ്പോഴും ഇത്തരം നിരപരാധികള്‍ അപമാനഭാരമോര്‍ത്ത് മിണ്ടാതിരിക്കലാണ് പതിവ്. ഉപദ്രവമേല്‍ക്കുന്നവര്‍മരണപ്പെട്ടാലെ സദാചാര ഗുണ്ടകള്‍ പുറത്ത് വരാറുള്ളൂ. ഇന്നലെ കുലുക്കല്ലൂരിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

Latest