വെടിനിര്‍ത്തല്‍ കരാര്‍ പാളുന്നു; ആയുധങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഉക്രൈന്‍

Posted on: February 17, 2015 2:04 am | Last updated: February 16, 2015 at 11:04 pm

കീവ്: റഷ്യന്‍ അനുകൂല വിമതര്‍ നിരന്തരമായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ മാരക ആയുധങ്ങള്‍ പിന്‍വലിക്കുമോ എന്ന ചോദ്യമുദിക്കുന്നില്ലെന്ന് ഉക്രൈന്‍. റഷ്യന്‍ അനുകൂല വിമതര്‍ വെടിവെപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ യുദ്ധമുന്നണിയില്‍നിന്നും വന്‍കിട ആയുധങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഉക്രൈന്‍ സൈനിക വക്താവ് വഌഡിസ്ലവ് സെലിസ്‌യോവ് എ എഫി പിയോട് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതിനെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ഉക്രൈനിലെ യുദ്ധമുന്നണിയില്‍നിന്നും യുദ്ധ ടാങ്കുകള്‍, പീരങ്കികള്‍, റോക്കറ്റുകള്‍ എന്നിവ ഇന്നലെ അര്‍ധരാത്രിയോടെ പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ ഞായറാഴ്ച നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ പൊതുവെ പാലിക്കപ്പെടുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നതെങ്കിലും തന്ത്രപ്രധാന നഗരമായ ഡിബാല്‍ട്‌സീവില്‍ ഷെല്ലാക്രമണത്തിന് ശക്തി കുറഞ്ഞിട്ടില്ല. വിമതരുടെ പിടിയിലുള്ള ഡോണാട്‌സ്‌ക്, ലുഹാന്‍സ്‌ക് നഗരത്തെ ബന്ധിപ്പിക്കുന്ന റെയില്‍വെ ഹബ്ബുകളുള്ള നഗരമാണ് ഡിബാല്‍ട്‌സീവ്. വെടിനിര്‍ത്തല്‍ കരാര്‍ തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് ഡിബാല്‍ട്‌സീവിലെ വിഘടിതര്‍ പറയുന്നത്. ഈ സുപ്രധാന നഗരത്തില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ സൈനികരാണുള്ളത്. എന്നാല്‍ റഷ്യന്‍ അനുകൂല വിമതര്‍ നഗരം വളഞ്ഞിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കരാര്‍ നിലവില്‍വന്ന് 24 മണിക്കൂറിനുള്ളില്‍ ഡൊണാട്‌സ്‌കില്‍നിന്നും ലുഹാന്‍സ്‌കില്‍നിന്നുമുള്ള തീവ്രവാദികളില്‍നിന്നും 112 ആക്രമണമുണ്ടായതായും ഉക്രൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.