Connect with us

Gulf

ഇന്ത്യന്‍ കമ്പനികളുടെ വന്‍ സാന്നിധ്യം

Published

|

Last Updated

ദുബൈ: ഗള്‍ഫുഡില്‍ ഇന്ത്യക്ക് കൂറ്റന്‍ പവലിയന്‍. ഏതാണ്ട് 270 ഓളം കമ്പനികളാണ് പവലിയനില്‍ സ്റ്റാള്‍ തുറന്നിരിക്കുന്നത്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡിവലപ്‌മെന്റ് അതോറിറ്റി, കാഷ്യൂ എക്‌സ്‌പോട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ സീഡ് ആന്‍ഡ് റെഡ്യൂസ് എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സില്‍, ടീ ബോര്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ കമ്പനികളും സ്വകാര്യ സ്ഥാപനങ്ങളും ഇന്ത്യന്‍ ഉല്‍പന്നങ്ങളുമായി എത്തിയിട്ടുണ്ട്. രാവിലെ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ഉദ്ഘാടനം ചെയ്തു.
3,500 ഓളം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പവലിയനുള്ളത്. അല്ലാന സണ്‍സ്, അമീറ, ബോണ്‍, ക്രമിറ്റ, ഡ്യൂക്‌സ്, ഇന്ത്യ ഗേറ്റ്, പാര്‍ലെ, റാംദേവ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് പ്രത്യേകം പവലിയനുകളുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍, ബിസ്‌കറ്റുകള്‍, ശീതീകരിച്ച മാംസ്യങ്ങള്‍, അരി, കഷുവണ്ടി, കോഫി, സുഗന്ധ വ്യജ്ഞനങ്ങള്‍ തുടങ്ങിയവക്ക് ധാരാളം ആവശ്യക്കാരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യന്‍ ഉല്‍പനങ്ങള്‍ കൂടുതലായി എത്തിക്കാനുള്ള ഉപാധിയാണ് ഗള്‍ഫുഡെന്ന് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു.
2015ല്‍ 25,800 കോടി ഡോളറിന്റെ വരുമാനം ഇന്ത്യ ഭക്ഷ്യോല്‍പന്നങ്ങളിലൂടെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യസംസ്‌കരണ വ്യവസായ മേഖല മൊത്തം വ്യവസായ മേഖലയുടെ 32 ശതമാനം വരും. 2012-13 കാലയളവില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഇന്ത്യക്ക് 3,700 കോടി ഡോളറിന്റെ വരുമാനം നേടിക്കൊടുത്തിട്ടുണ്ട്. യു എ ഇയിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ എത്തിക്കുന്നത് ഇന്ത്യയാണ്. 190 കോടി ഡോളറിന്റെ ഉല്‍പന്നങ്ങളാണ് എത്തിക്കുന്നത്. ബസ്മതി അരി, ഗോതമ്പ്, മാംസ്യങ്ങള്‍, പഴം-പച്ചക്കറികള്‍, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍ ഇന്ത്യയില്‍ നിന്ന് യു എ ഇയിലെത്തുന്നുണ്ട്. ഇന്ത്യന്‍ ശീതള പാനീയങ്ങളുടെ വലിയ കമ്പോളമാണ് യു എ ഇയെന്നും അനുരാഗ് ഭൂഷണ്‍ പറഞ്ഞു.

Latest