Connect with us

Malappuram

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് വിദ്യാര്‍ഥികള്‍

Published

|

Last Updated

മഞ്ചേരി: ചോരക്കുഞ്ഞിനെ ഓട്ടോയില്‍ പ്രസവിച്ച അമ്മയും പിതാവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവിനെയും കാമുകനെയും തിരിച്ചറിഞ്ഞുവെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി.
ഈമാസം അഞ്ചിന് രാത്രി പത്തരയോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായി ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടയിലാണ് സാമൂഹിക പ്രവര്‍ത്തകന്റെ ശ്രദ്ധയില്‍പ്പെടുന്നതും ജുവനൈല്‍ ജസ്റ്റിസ് അംഗങ്ങളുടെ സംരക്ഷണത്തില്‍ വരുന്നതും. അശാസ്ത്രീയ പ്രസവം കാരണം കുഞ്ഞിനുണ്ടായ പരുക്കുകള്‍, ശ്വാസ തടസ്സം, മഞ്ഞപ്പിത്തം, ഭാരക്കുറവ്, ന്യൂമോണിയ തുടങ്ങി അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് ദിവസത്തെ പരിചരണംകൊണ്ടു ആണ്‍ കുഞ്ഞിന്റെ രോഗം ഭേദപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ കുട്ടികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. പ്രസവ സമയം ഇവര്‍ക്കു പുറമെ കാമുകന്റെ സുഹൃത്തുമുണ്ടായിരുന്നു ഓട്ടോയില്‍. മലപ്പുറം ജില്ലയിലെ തീരപ്രദേശത്തോടു ചേര്‍ന്നുള്ള നഗരവാസികളാണ് രക്ഷിതാക്കള്‍ എന്നാണ് അറിയുന്നത്.
മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാണത്രെ ഇവര്‍ കുഞ്ഞുമായി മഞ്ചേരിയിലെത്തിയത്. അധികൃതര്‍ക്ക് കുഞ്ഞിനെ ലഭിക്കുമ്പോള്‍ അതിന് ഒരു ദിവസം മാത്രമേ പ്രായമായിട്ടുള്ളൂ. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഇന്ന് നടക്കുന്ന സിറ്റിംഗില്‍ മാത്രമെ രക്ഷിതാക്കളുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയുള്ളൂ. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലില്‍ ഇതേ വരെ ഒരു കുഞ്ഞിനും കിടക്കാനുള്ള ദുരോഗ്യമുണ്ടായിട്ടില്ല. അമ്മത്തൊട്ടിലിന്റെ സംരക്ഷണ കാര്യത്തിലും മെഡിക്കല്‍ കോളജ് അധികൃതര്‍ വേണ്ടത്ര ബദ്ധ ശ്രദ്ധരല്ല.

Latest