Connect with us

Malappuram

ചില്ലറ ക്ഷാമം: യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നു

Published

|

Last Updated

കോട്ടക്കല്‍: ചില്ലറ ക്ഷാമം മറയാക്കി സ്വകാര്യ ബസുകളില്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നു. ചില്ലറയില്ലെന്ന പേരില്‍ ബാക്കിതുക നല്‍കാതെയാണ് ചില ബസ് ജീവനക്കാര്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത്.
മിനിമം യാത്ര നിരക്കായ ഏഴ് രൂപ നല്‍കേണ്ടവരില്‍ നിന്നാണ് ഇത്തരത്തില്‍ പണം പിടുങ്ങുന്നത്. പത്ത് രൂപ നല്‍കുമ്പോള്‍ മൂന്ന് രൂപ ബാക്കി നല്‍കേണ്ടതിന് പകരം രണ്ട് രൂപ നല്‍കി അമിത ചാര്‍ജ് പറ്റുകയാണ് ചിലര്‍.
പത്ത് രൂപ നല്‍കുന്നവരോട് രണ്ട് രൂപ ആവശ്യപ്പെട്ട് പലബസ് ജീവനക്കാരും തട്ടി കയറുന്നതും ബസുകളില്‍ പതിവായിട്ടുണ്ട്. ടിക്കറ്റില്ലാത്തതിനാല്‍ പലര്‍ക്കും നഷ്ടം സഹിക്കേണ്ടിവരികയാണ്. ചില്ലറയില്ലെങ്കില്‍ ടിക്കറ്റില്‍ കുറിച്ച് തരാന്‍ ആവശ്യപ്പെട്ടാല്‍ മുഖം ചുളിക്കുന്നവരും കൂട്ടത്തിലുണ്ട്. നിര്‍ബന്ധത്തിന് വഴങ്ങി ഇത്തരത്തില്‍ എഴുതി വാങ്ങിയാല്‍ തന്നെ പിന്നീട് കയറുമ്പോള്‍ കണ്ടക്ടര്‍ മാറിയെന്ന് പറഞ്ഞ് ബാക്കി നല്‍കാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. സ്റ്റേജുകള്‍ മാറുമ്പോള്‍ കയറിയ സ്ഥലം പറഞ്ഞില്ലെങ്കില്‍ തൊട്ട് മുമ്പത്തെ സ്റ്റേജിലെ തുക ഈടക്കുന്ന അവസ്ഥയും നിലനില്‍ക്കുകുയാണ്. സ്ത്രീ യാത്രക്കാരും പ്രതികരിക്കാത്തവരുമാണ് ഇത്രത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവരില്‍ ഏറെയും.
കോട്ടക്കലില്‍ നിന്നും പുറപ്പെടുന്ന മിക്ക സ്വകാര്യ ബസുകളിലും ടിക്കറ്റ് നല്‍കുന്നില്ല. നേരത്തെ പരിശോധനകള്‍ നടന്നിരുന്നെങ്കിലും ഈ ഭാഗത്തിപ്പോള്‍ ബസുകളില്‍ തീരെ പരിശോധന ഇല്ല. കോട്ടക്കലില്‍ നിന്നും പുറപ്പെടുന്ന ബസുകളില്‍ ടിക്കറ്റ് നല്‍കുന്നുണ്ടെന്ന് നേരത്തെ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നു.
പരിശോധനക്കെത്തിയ വാഹന വിഭാഗവുമായി ഒത്തുകളിച്ചാണ് ഇത്തരത്തില്‍ അധികൃതരെകൊണ്ട് പ്രസ്താവന ഇറക്കിപ്പിച്ചെതെന്ന ആക്ഷേപവും നേരത്തെ ഉണ്ടായിരുന്നു. ചില്ലറയുടെ മറവില്‍ കാലങ്ങളായി ചിലര്‍ നടത്തുന്ന പിടിച്ചു പറി ഇപ്പോള്‍ വ്യാപകമാകുകയാണ്.