ആലിപ്പറമ്പ് പഞ്ചായത്ത്: അപ്പീല്‍ ഹരജിയുമായി ആക്ഷന്‍ കമ്മിറ്റി ജനകീയ കോടതിയിലേക്ക്

Posted on: February 9, 2015 9:46 am | Last updated: February 9, 2015 at 9:46 am

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിനെ ഇല്ലാതാക്കുന്നതിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി അപ്പീല്‍ ഹരജിയുമായി ജനകീയ കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആലിപ്പറമ്പ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലിപ്പറമ്പ് പഞ്ചായത്തില്‍ നിലവിലുള്ള 21 വാര്‍ഡുകളുടെയും ആനമങ്ങാട് വില്ലേജ് ഉള്‍പ്പെട്ട 10 വാര്‍ഡുകളെയും ഇപ്പോഴത്തെ പാനല്‍ ആസ്ഥാനമാക്കിക്കൊണ്ട് ആനമങ്ങാട് ഗ്രാമ പഞ്ചായത്ത് എന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ കോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ആറിന് നിയമാനുസൃതമായുള്ള അപ്പീല്‍ ഇതിനകം നല്‍കി കഴിഞ്ഞു. ഇതോടനുബന്ധിച്ചുള്ള വാഹന ജാഥ 11 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ആലിപ്പറമ്പ് വില്ലേജിലെ തെക്കെപ്പുറം, തൂത, പാറല്‍, എടയ്ക്കല്‍, വാഴെങ്കട, വട്ടപ്പറമ്പ്, ബിടാത്തി, പൂവ്വത്താണി, പാറക്കണ്ണി, ചോരാണ്ടി, ആലിക്കല്‍, കൊടക്കാട്, കാമ്പ്രം – പള്ളിപ്പടി, തോണിക്കടവ് എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം ആറ് മണിക്ക് കൊടക്കാപറമ്പ് പള്ളിപ്പടിയില്‍ സമാപിക്കും. ജനാധിപത്യത്തിന് നിരക്കാത്ത വിധത്തിലുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അവ്യക്തതയുണ്ടെന്നും ആലിപ്പറമ്പ് പഞ്ചായത്ത് ഇല്ലാതാക്കിയതില്‍ ദുരൂഹതയുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.