Connect with us

Kerala

വ്യാജ ഇ മെയില്‍ തട്ടിപ്പ്: നാലംഗ നൈജീരിയന്‍ സംഘത്തെ പിടികൂടി

Published

|

Last Updated

തിരുവനന്തപുരം: എസ് എം എസിലൂടെയും ഇ മെയിലിലൂടെയും വ്യാജ സന്ദേശങ്ങള്‍ അയച്ച് ലക്ഷങ്ങള്‍ തട്ടിയ നാലംഗ നൈജീരിയന്‍ സംഘത്തെയും ഇവര്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കിയ ഇന്ത്യക്കാരനെയും സംസ്ഥാന സൈബര്‍ പോലീസ് ഡല്‍ഹിയില്‍ നിന്ന് പിടികൂടി.
നൈജീരിയക്കാരായ തൊബചുകാവ് ഹിലാരി, ഉഗോചോവു കോര്‍ണലസ്, അഗസ്റ്റിന്‍ തുക്‌വായ്, ഉഗോനാ ന്യൂട്ടന്‍, ബിഹാര്‍ സ്വദേശി രോഹിത് ശര്‍മ (മൗസം കുമാര്‍ റോയ്) എന്നിവരാണ് പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും വ്യാജ എസ് എം എസുകള്‍ വിശ്വസിച്ച് പണംകൈമാറി കബളിപ്പിക്കപ്പെടാതെ പോലീസിനെ വിവരം അറിയിക്കണമെന്നും ക്രൈം ബ്രാഞ്ച് എസ് പി. പി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി നിര്‍മിക്കുന്ന ആശുപത്രിക്ക് വേണ്ടിയുള്ള സംഭാവനയെന്ന പേരില്‍ എസ് എം എസ് അയച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ തിരുവനന്തപുരത്തെ തിരുമല സ്വദേശിയായ യുവതി 2.75 ലക്ഷം നഷ്ടമായെന്ന് കാട്ടി സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഒക്‌ടോബറിലാണ് പാവപ്പെട്ടവര്‍ക്കായി ആശുപത്രി പണിയാന്‍ ഫണ്ട് നല്‍കണമെന്നഭ്യര്‍ഥിച്ച് തട്ടിപ്പുസംഘം തിരുമല സ്വദേശിക്ക് എസ് എം എസ് അയക്കുന്നത്. വ്യാജ സിമ്മുകളില്‍ നിന്നാണ് എസ് എം എസ് അയച്ചത്. തുടര്‍ന്ന് ജനിഫര്‍ എന്ന സ്ത്രീ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. 2014 ഒക്‌ടോബര്‍ 29 മുതല്‍ 31 വരെ മൂന്ന് ഘട്ടങ്ങളിലായി 2.75 ലക്ഷം അക്കൗണ്ടിലൂടെ കൈമാറി. പണം കൈപ്പറ്റിയതിന് രസീതോ മറ്റ് രേഖകളോ നല്‍കിയില്ല. തിരികെ ബന്ധപെട്ടപ്പോള്‍ പ്രതികരണമില്ലായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്. ദക്ഷിണ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിന് സാങ്കേതിക സഹായം ലഭ്യമാക്കിയത് സോഫ്റ്റ്‌വെയര്‍ വിദഗ്ധനായ രോഹിത് ശര്‍മയാണ്. പണം കൈമാറാന്‍ മണിപ്പൂരിലെ ബേങ്ക് അക്കൗണ്ട് നമ്പറുകളാണ് നല്‍കിയത്. ഇതും വ്യാജ പേരില്‍ എടുത്തവയാണ്. ഇ മെയില്‍ വഴിയും തട്ടിപ്പുസന്ദേശങ്ങള്‍ അയക്കാറുണ്ട്. എസ് എം എസ് അയച്ച നമ്പറിന്റെ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘം ഡല്‍ഹിയിലുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സി.ഐ ശ്യാംലാല്‍, ചാക്കോ, സൂരജ്, ലിന്റോ, സുബാഷ്, ഹരികുമാര്‍, സജീവ്, സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
ജനുവരി മൂന്നിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു.

---- facebook comment plugin here -----

Latest