Connect with us

National

സുനിതയെ അക്രമിച്ചതിന് ബലാത്സംഗവിരുദ്ധ പ്രചാരണവുമായി ബന്ധമില്ലെന്ന് പോലീസ്

Published

|

Last Updated

ഹൈദരാബാദ്: ഹൈദരാബാദിലെ മനുഷ്യക്കടത്ത്‌വിരുദ്ധ സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണന്റെ കാര്‍ തകര്‍ത്തതിന്, ബലാത്സംഗ വീഡിയോക്കെതിരായ പ്രചാരണവുമായി ബന്ധമില്ലെന്ന് പോലീസ്. സുനതയുടെ പരിചയത്തിലുള്ളവര്‍ തന്നെയാകാം കാര്‍ തകര്‍ത്തതിന് പിന്നിലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ പോലീസിന്റെ നിഗമനം. “ബലാത്സംഗക്കാരുടെ പേര് പറഞ്ഞ് നാണിപ്പിക്കൂ” എന്ന പ്രചാരണത്തിന് ഒരു ഇംഗ്ലീഷ് ചാനലില്‍ തുടക്കം കുറിച്ച് മണിക്കൂറുകള്‍ക്കകം അവരുടെ കാര്‍ അജ്ഞാത സംഘം ആക്രമിച്ചു. ഹുസൈനി ആലത്ത് സുനിതയുടെ ഓഫീസായ പ്രാജ്വല ഹോമിന് പുറത്തായിരുന്നു ആക്രമണം. ഉടനെ ചാര്‍മിനാര്‍ അസി. കമ്മീഷണര്‍ അശോക് ചക്രവര്‍ത്തിയെ വിളിച്ച് അവര്‍ പരാതി നല്‍കി. ഹുസൈനി ആലം അഡീ. ഇന്‍സ്‌പെക്ടര്‍ കിരണിനാണ് അന്വേഷണ ചുമതല.
ഇന്ത്യന്‍ ശിക്ഷാ നിയമം 427 വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. “ബലാത്സംഗക്കാരെ കണ്ടുപിടിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ട് പ്രചാരണം ആരംഭിച്ചു. മണിക്കൂറുകള്‍ക്കകം കാര്‍ ആക്രമിക്കപ്പെട്ടു.” സുനിതാ കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. ബലാത്സംഗ കേസ് പരിഹരിച്ചില്ലെങ്കിലും ആക്രമണം വളരെ പെട്ടെന്നുണ്ടായി. പ്രതികളെ കണ്ടുപിടിക്കാന്‍ ശ്രമമില്ല. കഴിഞ്ഞ ആറ് മാസമായി വാട്ട്‌സ്ആപ്പില്‍ ബലാത്സംഗ വീഡിയോ പ്രചരിക്കുകയാണ്. സുനിത പറഞ്ഞു. പ്രാജ്വല ഹോമിന്റെ ഗുണകാംക്ഷികളുടെ ആവശ്യപ്രകാരം ഈ വീഡിയോയിലെ ഇരകളുടെ മുഖം മറച്ച്, കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു അവര്‍.
രണ്ട് വീഡിയോകളാണ് പ്രചരിക്കുന്നത്. എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍ നിസ്സഹായയായ സ്ത്രീയെ അഞ്ച് പേര്‍ ചേര്‍ന്ന് പൊട്ടിച്ചിരിച്ച് പീഡിപ്പിക്കുന്നതാണ്. നാലര മിനുട്ടുള്ള രണ്ടാമത്തേത് മറ്റ് രണ്ട് പേര്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തതാണ്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ട് ഈ വീഡിയോകള്‍ കൈമാറുമെന്ന് സുനിത അറിയിച്ചു. ബെംഗളൂരു സ്വദേശിയായ 43കാരിയായ സുനിത, പതിനഞ്ചാം വയസ്സില്‍ എട്ട് പേരുടെ ബലാത്സംഗത്തിന് ഇരയായതാണ്. 14 തവണ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. നിത്യമായി വധഭീഷണി കിട്ടാറുമുണ്ട്. ബെംഗളൂരു സെന്റ് ജോസഫ്‌സ് കോളജില്‍ നിന്ന് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ ഡിഗ്രി നേടി. മംഗളൂരു റോഷ്‌നി നിലയത്തില്‍ നിന്ന് സോഷ്യല്‍ വര്‍ക്‌സില്‍ മാസ്റ്റര്‍ ഡിഗ്രിയും ഇതേ വിഷയത്തില്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഹൈദരാബാദ് കേന്ദ്രമാക്കി സാമൂഹിക പ്രവര്‍ത്തനത്തില്‍ വ്യാപൃതയാണ്.

Latest