Connect with us

International

ഷാര്‍ലി ഹെബ്ദോ മാസിക ഓഫീസ് ആക്രമണം: പാരീസില്‍ സിനിമക്ക് നിരോധനം

Published

|

Last Updated

പാരീസ്: കഴിഞ്ഞ മാസം ഷാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാരീസ് നഗരത്തില്‍ സിനിമകളുടെ നിര്‍മാണം തടഞ്ഞു. ആക്ഷന്‍ ചിത്രങ്ങളില്‍ പോലീസ് വേഷമിടുന്നവര്‍ ഭീകരാക്രമണത്തിന് ഇരയായേക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. പൊതുജനങ്ങളില്‍ ആക്ഷന്‍ ഹീറോകള്‍ ചിന്താക്കുഴപ്പമുണ്ടാക്കുമെന്ന് ഭയപ്പെടുന്നതായും പോലീസ് കമാന്‍ഡര്‍ അറിയിച്ചു.
ഡ്യൂപഌക്കേറ്റ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതും വെടിക്കെട്ടും ഒപ്പം നിരോധിച്ചിട്ടുണ്ട്. സിനിമയിലേതുപോലുള്ള മുന്നേറ്റമെന്ന് പല ദൃക്‌സാക്ഷികളും ആക്രമണത്തെ വിശേഷിപ്പിച്ചത് ഷൂട്ടിംഗ് നിരോധിക്കാന്‍ കാരണമായെന്ന് കമാന്‍ഡര്‍ പറഞ്ഞു. ഷാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്ന് ആയുധധാരികളായ മൂന്ന് ഭീകരര്‍ ഉള്‍പ്പെടെ 20 പേരാണ് പാരീസില്‍ കൊല്ലപ്പെട്ടത്.
അതേസമയം സംഭവത്തെ തുടര്‍ന്ന് ജൂത പള്ളികള്‍, ഷോപ്പിംഗ് മാളുകള്‍, പത്രസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത സുരക്ഷ തുടരുകയാണ്. ചോലമരങ്ങളുള്ള നടപ്പാതകള്‍, ഐഫല്‍ ടവര്‍, ഗോപുരങ്ങള്‍ തുടങ്ങി ഫ്രെയിമില്‍ നിറയുന്ന നിരവധി കാഴ്ചകളുള്ളതിനാല്‍ സിനിമാ നിര്‍മാതാക്കളുടെ ഇഷ്ടകേന്ദ്രമായാണ് പാരീസ് അറിയപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം 930 ചിത്രങ്ങളാണ് പാരിസില്‍ ഷൂട്ട് ചെയ്തത്.
ഇതില്‍ 20 എണ്ണം അന്താരാഷ്ട്ര നിര്‍മാണ കമ്പനികളുടേതായിരുന്നു. അതേസമയം നിരോധനം വന്‍നിര്‍മാണ കമ്പനികളെ ബാധിക്കും. എന്നാല്‍, നിര്‍മാണത്തിലിരിക്കുന്ന ചിത്രങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest