Connect with us

Wayanad

കുരങ്ങു ശല്യത്തിന് അറുതിയായില്ല; വയനാട് കുരങ്ങ് പനി ഭീതിയില്‍'

Published

|

Last Updated

കല്‍പ്പറ്റ: കുരങ്ങിന്റെ വരവും ശല്യവും തടയാന്‍ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാത്തത് ജനങ്ങളെ ഭീതിയിലാക്കി. പുല്‍പള്ളി മേഖലയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ മാത്രമല്ല, ജില്ലയിലെ പട്ടണങ്ങളില്‍ പോലും ഭീതി പടരന്നു.
ഇതില്‍ ഏറ്റവും മുന്നില്‍ കല്‍പ്പറ്റ തന്നെ. കല്‍പ്പറ്റയില്‍ വനമില്ലെങ്കിലും വനത്തേക്കാള്‍ കൂടുതല്‍ കുരങ്ങുകള്‍ വര്‍ഷങ്ങളായി ഇവിടങ്ങളില്‍ സൈ്വരവിഹാരം നടത്തുകയാണ്.
കലക്‌ടേറ്റും കോടതികളും മുതല്‍ ജനവാസ കേന്ദ്രങ്ങളെല്ലാം കുരങ്ങുശല്യം മൂലം പൊറുതിമുട്ടുകയാണ്. കഴിഞ്ഞ വര്‍ഷം ഏതാനും ദിവസങ്ങളില്‍ വനം വകുപ്പ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് കൂടുവെച്ച് കുരങ്ങുകളെ പിടികൂടിയിരുന്നു. കൂട്ടില്‍ കുടുങ്ങിയ നൂറ്റന്‍പതോളം കുരങ്ങുകളെ ആദ്യം ബാണാസുരസാഗര്‍ ഡാമിന്റെ ഉള്‍ഭാഗത്തെ വനത്തില്‍ കൊണ്ടുപോയി വിട്ടെങ്കിലും അവയെല്ലാം ദിവസങ്ങള്‍ക്കകം പടിഞ്ഞാറത്തറ, വെള്ളമുണ്ട തുടങ്ങിയ അങ്ങാടികളിലേക്ക് എത്തി.
ഇതോടെ പിടികൂടുന്ന കുരങ്ങന്മാരെ വിടാന്‍ ഇടമില്ലെന്നും കൂടുവെച്ച് പിടിക്കാന്‍ ഫണ്ടില്ലെന്നുമുള്ള കാരണം പറഞ്ഞ് ഈ ഉദ്യമത്തില്‍ നിന്ന് വനം വകുപ്പ് പിന്‍വാങ്ങുകയായിരുന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ എല്ലാ ഭാഗത്തും കുരങ്ങ് ശല്യം അനുഭവപ്പെടുന്നു. എമിലി, പുളിയാര്‍മല, കന്യാഗുരുകുലം റോഡ്, എസ് കെ എം ജെ, ഗൂഡലായിക്കുന്ന് , മേപ്പാടി പഞ്ചാ.യത്തിലെ ഓടത്തോട് തുടങ്ങിയ ഭാഗങ്ങളിലാണ് ശല്യം അതിരൂക്ഷം. വലിയ അടച്ചുറപ്പില്ലാത്ത വീടുകളില്‍ നിത്യവും കുരങ്ങുകള്‍ കൂട്ടത്തോടെ കടന്ന് ഉണ്ടാക്കുന്ന ശല്യത്തിന് കണക്കില്ല. ഓടിട്ട വീടുകളുടെ ഓടിളക്കിയാണ് അകത്ത് കടക്കുന്നത്.
പുറത്ത് തുണി ഉണക്കാന്‍ ഇടാന്‍ പോലും കഴിയുന്നില്ല. വീട്ടുവളപ്പില്‍ പച്ചക്കറികളും ചെടികളുമൊന്നും കുരങ്ങ് ഭീഷണിയാല്‍ നടാന്‍ കഴിയാതെ ബുദ്ധിമുട്ടന്നവരാണ് ഏറിയ പങ്കും. വീടുകള്‍ക്ക് മേല്‍ മിക്കപ്പോഴും കുരങ്ങന്മാരുടെ പടതന്നെയുണ്ടാവും.
വനത്തില്‍ തങ്ങുന്ന കുരങ്ങുകള്‍ക്ക് അവിടെ നിന്ന് തന്നെ ഭക്ഷണം കിട്ടുന്നതിനാല്‍ പുറത്തേക്ക് അത്രത്തോളം ശല്യമില്ല.
കുരങ്ങിനെ സസ്യഭുക്കായാണ് പരിഗണിക്കുന്നത്. എന്നാല്‍ കല്‍പറ്റിയില്‍ കാണുന്ന കുരങ്ങുകളില്‍ പലതും ഇറച്ചിയുടെയും മീനിന്റെയുമെല്ലാം അവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നവയാണ്.
ആഹാരക്രമത്തിലെ മാറ്റം കുരങ്ങുകളെ അക്രമകാരികളായും മാറ്റിയിട്ടുണ്ട്. കല്‍പ്പറ്റയിലേത് പോലെ തന്നെയാണ് ജില്ലയിലെ ചുരം അടക്കം ടൂറിസം കേന്ദ്രങ്ങളില്‍ കാണുന്ന കുരങ്ങുകളും.
സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ബിരായാണിയുടെയും ഇറച്ചിയുടേയുമെല്ലാം ഇച്ഛിഷ്ടങ്ങള്‍ ഭക്ഷിച്ച് ഇവയും നോണ്‍ വെജിറ്റേറിയനായി മാറിയിട്ടുണ്ട്.
വനത്തിലെ കുരങ്ങുകള്‍ മനുഷ്യരുമായി അടുത്ത് ഇടപഴകുന്നില്ല. എന്നിട്ടും പുല്‍പള്ളി മേഖലയിലെ വനാതിര്‍ത്തിയില്‍ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ സാധ്യത കൂടുതലായുള്ളത.
് കല്‍പ്പറ്റ പോലുള്ള പട്ടണങ്ങളിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബത്തേരിയിലും മാനന്തവാടിയിലും കുരങ്ങ് ശല്യം ഉണ്ടെങ്കിലും കല്‍പറ്റയിലേത് പോലെ രൂക്ഷമല്ല.
സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും വനം അടുത്തുള്ളത് തന്നെയാണ് കാരണം.
കല്‍പ്പറ്റ പ്രദേശങ്ങളില്‍ അതുകൊണ്ടുതന്നെ ജനങ്ങള്‍ ഭീതിയിലാണ്. വനങ്ങളില്‍ നിന്നുള്ള കുരങ്ങുകളുടെ ശരീരത്തിലെ ചെള്ള് കടിച്ചാണ് കുരങ്ങ് പനി പടരുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
അങ്ങിനെയെങ്കില്‍ ഇതിനുള്ള സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പറ്റ പോലുള്ള പ്രദേശങ്ങളിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest