Connect with us

Ongoing News

ഗോദയില്‍ ഹരിയാന ; കൊതിപ്പിച്ച് കേരളം

Published

|

Last Updated

കണ്ണൂര്‍: ഗുസ്തിയില്‍ ഹരിയാനയുടെ മെഡല്‍ വേട്ട തുടരുന്നു. മത്സരം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഹരിയാനയുടെ മല്ലന്‍മാര്‍ ഇന്നലെയും ഗോദ കൈയടക്കി. ആദ്യം നടന്ന മത്സരത്തില്‍ (ഗ്രീക്കോ റോമന്‍-130 കി ഗ്രാം) സര്‍വീസസിന്റെ നവീനിനു മുമ്പില്‍ ഹരിയാനയുടെ സോനുവിന് അടിപതറിയെങ്കിലും രണ്ടാമത്തെ മത്സരം മുതല്‍ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ മെഡല്‍ കൊയ്ത്ത് തുടരുകയായിരുന്നു.
മൂന്നാം ദിനത്തിലെ ആദ്യ പോരാട്ടത്തില്‍ സോനുവിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുടര്‍ന്ന് നടന്ന നാലു മത്സരങ്ങളിലും ഹരിയാന സ്വര്‍ണം നേടി. 48 കി ഗ്രാം വനിതകളുടെ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഹരിയാനയുടെ റിതുവാണ് ഇന്നലെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. ഈ മത്സരത്തില്‍ മഹാരാഷ്ട്രയുടെ നന്ദിനി ബാജിറാവു വെള്ളി നേടി. മൂന്നാമത് നടന്ന (ഫ്രീസ്റ്റൈല്‍ 60 കി ഗ്രാം) പോരാട്ടത്തില്‍ ഹരിയാനക്ക് വേണ്ടി വിജയക്കൊടി പാറിച്ചത് മാലിക് സാക്ഷിയായിരുന്നു. 8-2 സ്‌കോറിന് യു പിയുടെ യാദവ് ഗാര്‍ഗിയെയാണ് മാലിക് സാക്ഷി മലര്‍ത്തിയടിച്ചത്. പുരുഷന്‍മാരുടെ ഗ്രീക്കോറോമന്‍ (75 കി ഗ്രാം) വിഭാഗത്തില്‍ ഹരിയാനയുടെ സോനു മഹാരാഷ്ട്രയുടെ അണ്ണാ സഹേബ പ്രകാശിനെ വീഴ്ത്തിയാണ് മെഡല്‍ നേടിയത്. ഫ്രീസ്റ്റൈല്‍ 65 കി ഗ്രാം പുരുഷ വിഭാഗത്തില്‍ ഹരിയാനയുടെ മനോജ്കുമാര്‍ സ്വര്‍ണം നേടി. പഞ്ചാബും സര്‍വീസസും ഇന്നലെ ഓരോ സ്വര്‍ണം വീതം കരസ്ഥമാക്കി. സര്‍വീസസിന്റെ നവീനും (130 കി ഗ്രാം ഗ്രീക്കോ റോമന്‍), 97 കിഗ്രാം ഫ്രീസ്റ്റൈല്‍ പുരുഷ വിഭാഗത്തില്‍ പഞ്ചാബിന്റെ ഗുരുപാല്‍ സിംഗുമാണ് മെഡല്‍ നേടിയത്. ഗുസ്തിയില്‍ ഹരിയാന മൊത്തം 13 സ്വര്‍ണം കരസ്ഥമാക്കി.
സര്‍വീസസ് രണ്ടും ഡല്‍ഹി, പഞ്ചാബ്, ത്സാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഓരോ സ്വര്‍ണം വീതവും നേടി. അതേസമയം, കേരളം ഇന്നലെ പങ്കെടുത്ത ആറിനങ്ങളില്‍ രണ്ട് പേര്‍ വെങ്കല നേട്ടത്തിന് തൊട്ടടുത്തെത്തിയെങ്കിലും നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടു. 60 കി ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ കേരളത്തിന്റെ ശാലിനിയാണ് അവസാന റൗണ്ട് വരെ പൊരുതി വീണു. ആദ്യറൗണ്ടില്‍ മണിപ്പൂരിന്റെ നിര്‍മ്മലാദേവിടെ തോല്‍പ്പിച്ച ശാലിനി മൂന്നാം റൗണ്ടില്‍ മധ്യപ്രദേശിന്റെ ഛായാ ശര്‍മ്മയോടാണ് പരാജയപ്പെട്ടത്. 75 കി ഗ്രാം ഗ്രീക്കോറോമന്‍ വിഭാഗത്തില്‍ കേരളത്തിന്റെ ജിത്തു ഝാര്‍ഖണ്ഡിന്റെ അംഗേഷ്, പഞ്ചാബിന്റെ ഗുരു പ്രീത് എന്നിവരോട് പരാജയപ്പെട്ടു. ഗുസ്തി മത്സരങ്ങള്‍ ഇന്ന് സമാപിക്കും.

---- facebook comment plugin here -----

Latest