Connect with us

Kerala

ഉദ്യോഗസ്ഥര്‍ ഗെയിംസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മന്ത്രി തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് തകര്‍ക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുകയാണെന്നും ഗെയിംസിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ രഹസ്യ അജന്‍ഡയാണെന്നും മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിലുള്ളത് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ്. അവരുടെ രാഷ്ട്രീയ ആഭിമുഖ്യവും അത്തരത്തിലുള്ളതാണ്. ഗെയിംസ് നടക്കാതിരിക്കാന്‍ ഇവരില്‍ ചിലര്‍ ഐ ഒ എക്ക് കത്തയച്ചു. സ്റ്റേഡിയത്തിന്റെ നിര്‍മാണം ഗെയിംസിനു മുമ്പ് പൂര്‍ത്തിയാകില്ലെന്നു പ്രചരിപ്പിച്ചു. എല്ലാ ആരോപണങ്ങളും തകര്‍ത്താണ് ഗെയിംസ് മനോഹരമായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 45 ദിവസത്തിനകം കണക്കുകള്‍ പ്രസിദ്ധപ്പെടുത്തണം. ഗെയിംസ് കഴിഞ്ഞതിന് ശേഷം പുതുതായി നിര്‍മിച്ച സ്റ്റേഡിയങ്ങളുടെ സംരക്ഷണ ചുമതല അതത് ജില്ലാഭരണകൂടത്തിന് നല്‍കാനുള്ള നടപടികള്‍ എടുക്കുക, സമാപന ചടങ്ങുകള്‍ ചെലവ് ചുരുക്കി നടത്തുക എന്നീ ആവശ്യങ്ങളും ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗെയിംസ് അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന പി സി ജോര്‍ജിന്റെ അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോള്‍, ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നായിരുന്നു പ്രതികരണം.
ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസത്തെ പറ്റി മാത്രമാണ് പരാതികളുള്ളത്. അക്കാര്യം താന്‍ സമ്മതിക്കുന്നു. ലാലിസത്തിന് മുമ്പുള്ള പരിപാടികളെക്കുറിച്ച് പരാതിയുണ്ടായിട്ടില്ല. മത്സരങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ചോ മത്സരവേദികളില്‍ നിന്നോ പരാതിയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പേരില്‍ ഇനിയും അദ്ദേഹത്തെ വേട്ടയാടരുത്. പരിപാടിക്കായി ചെലവായ പണം മോഹന്‍ലാലില്‍ നിന്നും തിരിച്ചുവാങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
ഗെയിംസ് കുറ്റമറ്റ രീതിയിലാണ് മുന്നോട്ടു പോകുന്നത്. സമാപന പരിപാടി പരമാവധി ചെലവ് കുറച്ച് നടത്തും. 2011 ലെ ഝാര്‍ഖണ്ഡ് ഗെയിംസിനേക്കാള്‍ 31 കോടി രൂപ കുറച്ചാണ് നമ്മുടെ ഗെയിംസ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ക്ഷണിച്ചത് അനുസരിച്ചാണ് ലാലിസം അവതരിപ്പിക്കാനെത്തിയതെന്ന മോഹന്‍ലാലിന്റെ അഭിപ്രായം ശരിയാണ്. ഉദ്ഘാടന ചടങ്ങിന് ആദ്യം ആലോചിച്ചത് എ ആര്‍ റഹ്മാന്റെ പരിപാടിയാണ്. എന്നാല്‍ ബജറ്റ് വലുതായതുകൊണ്ട് ഉപേക്ഷിച്ചു. ഗെയിംസ് നടത്തി മുന്‍പരിചയമില്ലാത്തത് ഉദ്ഘാടന ചടങ്ങില്‍ തിരിച്ചടിയായി. ഗെയിംസിന്റെ സമാപനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പങ്കെടുക്കില്ലെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Latest