Connect with us

Articles

ആര്‍ ബാലകൃഷ്ണ പിള്ള ഇന്‍ക്വിലാബ് വിളിക്കുമ്പോള്‍

Published

|

Last Updated

അഴിമതി ആരോപണങ്ങള്‍ വന്നുകൊണ്ടേയിരുന്ന ഘട്ടത്തില്‍ തന്നെ ഒരു കേരള ഹസാരെയുടെ അസാന്നിധ്യം മുഴച്ച് നിന്നതാണ്. അണ്ണാ ഹസാരെയുടെ ശ്രദ്ധയില്‍ വരാത്ത സംസ്ഥാനമായതിനാല്‍ പ്രത്യേകിച്ചും. ഇങ്ങനെയൊരാളുടെ കുറവ് നികത്തുകയാണ് കൊട്ടാരക്കര കീഴൂട്ട് തറവാട്ടിലെ ഉഗ്രപ്രതാപി രാമന്‍ പിള്ള മകന്‍ ബാലകൃഷ്ണ പിള്ള. അഴിമതിയെന്ന് കേട്ടാല്‍ മതി പോരാട്ടം തുടങ്ങുന്നതാണ് പുതിയ ശൈലി. ഇതില്‍ ശത്രു മിത്രമില്ല. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്ന ശീലം പണ്ടേ ഇല്ലാത്തതിനാല്‍ ആദര്‍ശമോ ആശയമോ തടസം നില്‍ക്കുന്നുമില്ല. യു ഡി എഫിന്റെ തറവാട്ട് കാരണവര്‍ സ്ഥാനത്ത് സ്വയം അവരോധിതനായ പിള്ളയുടെ മനസ്സില്‍ ഇപ്പോള്‍, എ കെ ജി സെന്ററില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു കസേരയാണ്. കെ ആര്‍ ഗൗരിയമ്മ മുതല്‍ എസ് എ പുതിയവളപ്പില്‍ വരെ ഉമ്മറത്ത് കാത്തിരിക്കുന്നുണ്ടെങ്കിലും ഇവരെയെല്ലാം വകഞ്ഞു മാറ്റി അകത്ത് കയറാമെന്ന് തന്നെയാണ് പിള്ളയുടെ പ്രതീക്ഷ. കയറാനുള്ള അനുമതി തേടാന്‍ ഒരു അവസരം ലഭിക്കണം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പിള്ള.
യു ഡി എഫ് സ്വയം വിട്ടുപോകാന്‍ ഇനിയും മനസ് പാകപ്പെട്ടിട്ടില്ലാത്തതിനാല്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒന്ന് പുറത്താക്കി കൊടുക്കണമെന്നാണ് പിള്ളയുടെ ആവശ്യം. സ്ഥാപക നേതാവെന്ന കാര്യം അംഗീകരിച്ചുകൊടുത്തില്ലെങ്കിലും മുതിര്‍ന്ന നേതാവ് എന്ന പരിഗണന നല്‍കി പിള്ളയെ മുന്നണിയുടെ ഓരം ചേര്‍ത്ത് നിര്‍ത്താന്‍ തന്നെയാണ് കഴിഞ്ഞ യു ഡി എഫ് യോഗം തീരുമാനിച്ചിരുന്നത്. തെറ്റ് തിരുത്തണമെന്ന ഉപാധിവെച്ചെന്ന് മാത്രം. കെ എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ബിജു രമേശിന് നിര്‍ദേശം നല്‍കിയതാണ് യു ഡി എഫിന്റെ കണ്ണില്‍ പിള്ള ചെയ്ത തെറ്റ്. അരി മില്ലുകാരില്‍ നിന്നും സ്വര്‍ണക്കടക്കാരില്‍ നിന്നും പണം പിരിച്ചെന്ന ആരോപണം രണ്ടാമത്തെ തെറ്റ്. മന്ത്രിമാരില്‍ അഴിമതിക്കാരുണ്ടെന്ന് നിരന്തരം പറയുന്നത് മൂന്നാമത്തെ തെറ്റ്. ഇതെല്ലാം തിരുത്തി മിതത്വം പാലിച്ചാല്‍ യു ഡി എഫില്‍ തുടരാമെന്ന നിലപാടാണ് കഴിഞ്ഞ യോഗം സ്വീകരിച്ചത്. തീരുമാനങ്ങളെല്ലാം കണ്‍വീനര്‍ പി പി തങ്കച്ചന്‍ വിശദീകരിക്കുകയും ചെയ്തു.
ഉപാധികളൊന്നും അംഗീകരിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കുകയായിരുന്നു പിള്ള. തന്നോട് ചെയ്ത തെറ്റുകള്‍ ആദ്യം തിരുത്തട്ടെയെന്ന നിലപാടിലാണ് അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ “ചാവേറാ”യ തങ്കച്ചനല്ല തന്നെ ഉപദേശിക്കേണ്ടതെന്നും പരിഹസിച്ചു പിള്ള. സര്‍ക്കാറിന്റെ ജനദ്രോഹ തീരുമാനങ്ങളെ കണക്കിന് വിമര്‍ശിച്ച പിള്ള മാധ്യമങ്ങള്‍ ഇതൊന്നും വാര്‍ത്തയാക്കുന്നില്ലെന്ന് സങ്കടപ്പെട്ടു.
പത്ത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയോട് നല്ല ബന്ധമില്ലെന്നാണ് പിള്ള പറയുന്നത്. ആദ്യം മുഖ്യമന്ത്രിയായത് മുതല്‍ തന്നെ ദ്രോഹിക്കുകയാണത്രെ. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ കരുക്കള്‍ നീക്കിയിട്ട് പോലും കരുണ കാണിച്ചില്ലെന്നും പരാതി. ആന്റണി രാജിവെച്ച ഒഴിവില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിന് പെരുന്നയില്‍ നിന്നുള്ള അംഗീകാരത്തിന് പോകുമ്പോള്‍ പോലും അബദ്ധത്തിലേക്കാണ് ചാടുന്നതെന്ന് കരുതിയില്ലെന്നാണ് പിള്ള ഇപ്പോള്‍ പറയുന്നത്. നരസിംഹ റാവുവുമായുണ്ടായിരുന്ന അടുപ്പം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ശിപാര്‍ശ ചെയ്തതാണ്. പക്ഷെ. മുഖ്യമന്ത്രി പദം ലഭിച്ചപ്പോള്‍ ചാണ്ടി തിരിഞ്ഞ് കുത്തിയെന്നാണ് പിള്ള പറയുന്നത്. സര്‍ക്കാറിനെതിരെ ഇപ്പോള്‍ തുടങ്ങിയ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ കാതല്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ ഈ നിലപാടുകളാണെന്ന് പിള്ള പറഞ്ഞ് വെക്കുന്നു.
പത്ത് വര്‍ഷം മുമ്പെ പിണങ്ങിയതാണെങ്കിലും കാര്യങ്ങള്‍ നേടാന്‍ അടുത്ത കാലത്തും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ കാര്യം പിള്ള തന്നെ സമ്മതിക്കുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കീഴൂട്ട് തറവാട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി പിള്ളയെ കണ്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഗണേഷിന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനം തിരിച്ചുനല്‍കാമെന്ന് ഉറപ്പും നല്‍കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ വാഗ്ദാനവും ലംഘിച്ചെന്ന് പിള്ള. ഏറ്റവുമൊടുവില്‍ കഴിഞ്ഞ സെപ്തംബര്‍ 28ന് ഗണേഷിനെയും കൂട്ടി പിള്ള ചാണ്ടിയെ കണ്ടു. ഗണേഷിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതാനായിരുന്നു നിര്‍ദേശം. കത്ത് അവിടെയെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിച്ചു. കരട് കത്ത് തയ്യാറാക്കി ഉമ്മന്‍ചാണ്ടിയുടെ തിരുത്തോടെ ഡല്‍ഹിക്ക് അയച്ചെങ്കിലും മറുപടി പോലും കിട്ടിയില്ലെന്ന് പരിതപിക്കുന്നു. ഉമ്മന്‍ചാണ്ടി തിരുത്താന്‍ പിള്ള ആവശ്യപ്പെടുന്ന തെറ്റുകളില്‍ ആദ്യത്തേത് ഈ വാഗ്ദാനലംഘനമാണ്. അധികാരമാണ് പിള്ളയുടെ പ്രശ്‌നമെന്ന് ചുരുക്കം.
ഇതേ മകനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ വേണ്ടി പിള്ള നടത്തിയ പോരാട്ടം കേരളം മറന്ന് കാണില്ല. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കമ്യൂണിസ്റ്റ് കോട്ടയായ പത്തനാപുരത്തുനിന്ന് ഗണേഷ് ആദ്യമായി ജയിക്കുന്നത്. കൊട്ടാരക്കരയില്‍ നിന്ന് പിള്ളയും ജയിച്ചെങ്കിലും അന്ന് ആന്റണി മന്ത്രിയാക്കിയത് ഗണേഷ്‌കുമാറിനെയായിരുന്നു. ഗ്രാഫൈറ്റ് കേസിന്റെ പേരിലായിരുന്നു അന്നത്തെ ആ ഒഴിച്ചുനിര്‍ത്തല്‍. മകന്‍ മന്ത്രി ശോഭിച്ചത് പക്ഷേ പിള്ളക്ക് സഹിച്ചില്ല. എവിടെ ചെന്നാലും മകനെതിരെ ഒളിയമ്പെയ്ത് കൊണ്ടിരുന്നു. ഒടുവില്‍ കേസില്‍നിന്ന് മുക്തനായതോടെ ഗണേഷ് രാജിവെച്ച് പിള്ളയെ തന്നെ മന്ത്രിയാക്കി. 2006ലെ തിരഞ്ഞെടുപ്പിലും ഗണേഷ് പത്തനാപുരത്തുനിന്ന് നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചു. പിള്ള കൊട്ടാരക്കരയില്‍ തോല്‍ക്കുകയും ചെയ്തു. ഇടതു തരംഗം ആഞ്ഞുവീശിയ കൊല്ലം ജില്ലയില്‍ നിന്നുള്ള ഏക യു ഡി എഫ്. എം എല്‍ എയുമായിരുന്നു ഗണേഷ്. 2011ഓടെ സാഹചര്യം മാറി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പിള്ള ജയിലിലായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കഴിഞ്ഞില്ല. പകരക്കാരനായി കൊട്ടാരക്കരയില്‍ മകളെ നിര്‍ത്താനായി പിള്ളയുടെ ശ്രമം. ഗണേഷും യു ഡി എഫും എതിര്‍ത്തതോടെ പകരം നിര്‍ത്തിയ ഡോക്ടര്‍ സ്ഥാനാര്‍ഥി തോറ്റു. പത്തനാപുരത്ത് നിന്ന് ഗണേഷ് ജയിച്ച് മന്ത്രിയായി.
ഗണേഷ് മന്ത്രിയാകുമ്പോള്‍ ജയിലിലായരുന്നു പിള്ള. ജയിലില്‍ നിന്ന് പിള്ളയെ ഇറക്കാന്‍ ഗണേഷ് ആവും വിധം ശ്രമിച്ചു. പുറത്തിറങ്ങിയതോടെ പിള്ള ഗണേഷിന്റെ ശത്രുപക്ഷത്തായി. ആര്‍ ബാലകൃഷ്ണ പിള്ള എന്ന അച്ഛനും കെ ബി ഗണേഷ്‌കുമാര്‍ എന്ന മകനും തമ്മില്‍ നടത്തിയ വാക്പയറ്റും പോര്‍വിളിയും കണ്ട് കേരളം മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ട്. മകന്‍ മന്ത്രി അച്ഛന്‍ നേതാവിനെ അനുസരിക്കുന്നില്ലെന്നായിരുന്നു പരാതി. ഗണേഷിന്റെ ഭാഷയില്‍, അച്ഛന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ കെറുവ്. വനംവകുപ്പിലെ സ്ഥലംമാറ്റത്തിന് അച്ഛന്‍ പണം പിരിക്കുകയാണെന്ന് പോലും ഗണേഷ് പറയാതെ പറഞ്ഞു. ഗണേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഴിമതി കാണിക്കുകയാണെന്ന് അച്ഛനും. തിരഞ്ഞെടുപ്പില്‍ വിജയിച്ച് അച്ഛനെ കാണാന്‍ ജയിലിലെത്തിയ തന്നെ എം എല്‍ എ സ്ഥാനവും തെറിപ്പിക്കുമെന്നു പറഞ്ഞാണ് പിള്ള അനുഗ്രഹിച്ചതെന്ന് പോലും ഗണേഷ് വെളിപ്പെടുത്തി. ഗണേഷിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ രേഖാമൂലം തന്നെ പിള്ള പലവട്ടം ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ രംഗപ്രേവശം അപ്രതീക്ഷിത വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നത്. പിള്ളയുടെ ആവശ്യം അംഗീകരിക്കാതെ ഗണേഷിനെ സംരക്ഷിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പോലും പിന്നീട് പിടിച്ചുനില്‍ക്കാനായില്ല. രാജിവെച്ച ഗണേഷ് പിള്ളയെ രൂക്ഷമായി വിമര്‍ശിച്ചു. താനാണ് പാര്‍ട്ടിയെന്ന് വരെ പ്രഖ്യാപിച്ചു.
അധികാരമൊഴിഞ്ഞതോടെ അച്ഛനും മകനും വീണ്ടും അടുത്തു. അങ്ങനെ പിള്ളയുടെ നോട്ടത്തില്‍ ഉമ്മന്‍ ചാണ്ടി തിരുത്തേണ്ട “തെറ്റായി” ഗണേഷിന്റെ മന്ത്രിസഭാപുനപ്രവേശം മാറി. ശാരീരികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഉമ്മന്‍ചാണ്ടി തളര്‍ത്തിയെന്നാണ് പിള്ളയുടെ മറ്റൊരു പരാതി. യു ഡി എഫില്‍ നിന്ന് കൊണ്ട് അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും പിള്ള പറഞ്ഞു വെക്കുന്നു. പോരാട്ടം തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ശിക്ഷിക്കപ്പെട്ടത് അഴിമതി കേസില്‍ അല്ലെന്ന് സ്ഥാപിക്കാനും പിള്ള ശ്രമിക്കുന്നു. തനിക്കെതിരെ കേസ് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. മാത്രമല്ല, വൈരനിരാതന ബുദ്ധിയോടെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയെന്ന് പിള്ള പലവട്ടം പറഞ്ഞ അച്യുതാനന്ദനുമായി ചേരുന്നത് അഭിമാനമാണെന്ന് കൂടി പിള്ള പറഞ്ഞുകളഞ്ഞു. ഇവിടെയാണ് പിള്ളയുടെ യതാര്‍ഥ രാഷ്ട്രീയം വായിക്കേണ്ടത്. അഴിമതിയുടെ കാര്യത്തില്‍ ആണുങ്ങളെല്ലാം ഒന്നിക്കുമെന്നാണ് പിള്ള ഇതിന് കണ്ടെത്തുന്ന ന്യായീകരണം.
യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെടുക, ഇതിന് പിന്നാലെ എല്‍ ഡി എഫിലേക്ക് കയറുക. ഇതാണ് പിള്ള സ്വപ്‌നം കാണുന്ന രാഷ്ട്രീയം. സ്വയം പുറത്ത് പോയാല്‍ രക്തസാക്ഷി പരിവേഷം ലഭിക്കില്ല. പുറത്താക്കപ്പെട്ടാല്‍ അഴിമതി ചൂണ്ടിക്കാട്ടിയതിന് പുറത്താക്കിയെന്ന് പ്രചരിപ്പിക്കാം. ആരോപണ വിധേയനായ മാണിയെ സംരക്ഷിക്കുന്നുവെന്ന് വാദിക്കാം. യു ഡി എഫിനും ഇക്കാര്യത്തില്‍ നല്ല ബോധ്യമുണ്ട്. അത് കൊണ്ട് തന്നെയാണ് പുറത്താക്കുകയെന്ന നടപടി സ്വീകരിക്കാത്തത്. വെല്ലുവിളി തുടര്‍ന്നാല്‍, സ്വയംപുറത്ത് പോയതായി കണക്കാക്കാം. യു ഡി എഫില്‍ തുടരുകയാണെങ്കിലും ഇനി മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ യോഗം ചേരുമ്പോള്‍ വിളിക്കേണ്ടതുമില്ല.
ഇനി എല്‍ ഡി എഫിലേക്ക് എങ്ങനെ കയറുമെന്നതാണ് പ്രശ്‌നം. വിയോജിപ്പ് വി എസ് ഇപ്പോള്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അഴിമതി ചൂണ്ടിക്കാട്ടുന്നതിനെ സി പി ഐ പിന്തുണച്ചെങ്കിലും മുന്നണി പ്രവേശകാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മോഹിപ്പിച്ച് യു ഡി എഫില്‍ നിന്ന് പുറത്ത് വന്ന ഘടകകക്ഷികളെല്ലാം അവസരം ചോദിച്ച് കാത്തിരിക്കുകയാണ്. ഗൗരിയമ്മ മുതല്‍ പുതിയവളപ്പില്‍ വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. എല്‍ ഡി എഫ് പ്രവേശം പതിറ്റാണ്ടുകളായുള്ള ഐ എന്‍ എല്ലിന്റെ ആവശ്യമാണ്. ഗൗരിയമ്മയോട് സി പി എമ്മില്‍ ലയിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ജെ എസ് എസിനെ മുന്നണിയിലെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കെ ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ സി എം പിയുടെ പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ ഭൂരിഭാഗവും യു ഡി എഫ് ബന്ധം ഉപേക്ഷിച്ചെങ്കിലും എല്‍ ഡി എഫിലേക്ക് ഇനിയും കയറാനായിട്ടില്ല. മുന്നണി പ്രവേശം ആവശ്യപ്പെട്ട് ജി ദേവരാജനും ഫോര്‍വേഡ് ബ്ലോക്കും തിരഞ്ഞെടുപ്പ് കാലത്തെല്ലാം ഒറ്റക്ക് മത്സരിക്കുമെന്ന ഭീഷണി മുഴക്കാറുള്ളതാണ്. ആര്‍ എസ് പി മുന്നണി വിട്ടപ്പോള്‍ ബാബുദിവാകരന്റെ നേതൃത്വത്തില്‍ സി പി എം മുന്‍കൈയെടുത്തുണ്ടാക്കിയ ആര്‍ എസ് പിയും സ്വപ്‌നം കാണുന്നത് എല്‍ ഡി എഫിന്റെ ഘടകകക്ഷിയാകലാണ്. മുന്നണിക്കുള്ളില്‍ തന്നെയുള്ള പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന് പുറത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഈ ഒരു രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് പിള്ളയുടെ സ്വപ്‌നം ചിറക് മുളക്കുന്നത്. പിള്ള പറയുന്നത് അത് പോലെ പകര്‍ത്തിയാല്‍, “രാഷ്ട്രീയമല്ലേ, എന്തും സംഭവിക്കാം”. സ്ഥിരമായ ബന്ധുക്കളോ, ശത്രുക്കളോ ഇല്ല, കാത്തിരുന്ന് കാണാം.

Latest