Connect with us

International

കുര്‍ദ് സൈന്യം തിരിച്ചടിച്ചു; കിര്‍ക്കുക്കില്‍ നിന്ന് ഇസില്‍ പിന്‍മാറി

Published

|

Last Updated

ബഗ്ദാദ്: കുര്‍ദ് സൈന്യത്തിന്റെ ശക്തമായ തിരിച്ചടി നേരിട്ടതോടെ ഇറാഖിലെ എണ്ണ ഉത്പാദന നഗരമായ കിര്‍ക്കുക്കില്‍ നിന്ന് ഇസില്‍ തീവ്രവാദികള്‍ പിന്‍വാങ്ങി. കഴിഞ്ഞ ദിവസം ഇസിലുമായുണ്ടായ ഏറ്റുമുട്ടലില്‍ മുതിര്‍ന്ന കുര്‍ദ് സൈനിക കമാന്‍ഡര്‍ ജനറല്‍ ശിര്‍ക്കോ ഫതിഹ് ഉള്‍പ്പെടെ 25 സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ വെച്ചേറ്റവും ശക്തമായ ഇസില്‍ ആക്രമണത്തിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. മൂടല്‍ മഞ്ഞുള്ള കാലാവസ്ഥ മുതലെടുത്താണ് ഇവര്‍ ആക്രമണം നടത്തിയതെന്നും എന്നാല്‍ അവരെ പരാജയപ്പെടുത്താന്‍ സാധിച്ചതായും കുര്‍ദ് സൈന്യത്തിലെ അംഗം മരിവാന്‍ അബ്ദുല്‍ ഖലീജ് അല്‍ ജസീറയോട് പറഞ്ഞു.
ഇറാഖിലെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ എണ്ണ ഉത്പാദന നഗരമായ കിര്‍ക്കുക്കില്‍ നിന്ന് ഇസിലിനെ പുറത്താക്കിയത് കുര്‍ദ് സൈന്യത്തിന്റെ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇനിയും ശക്തമായ പ്രത്യാക്രമണമാണ് ഇസിലിനെതിരെ തയ്യാറാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഇറാഖിലെ ബഗ്ദാദില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ഇരട്ട ബോംബാക്രമണത്തില്‍ 27 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ശിയാ സൈന്യത്തെ ലക്ഷ്യം വെച്ചായിരുന്നു ബോംബാക്രമണം നടത്തിയത്. ആദ്യ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ഓടിക്കൂടിയവര്‍ക്ക് നേരെയാണ് രണ്ടാമത്തെ ബോംബാക്രമണം നടന്നത്.
യു എസ് സൈന്യം പിന്‍മാറിയതോടെ ശക്തമായ ആക്രമണ വാര്‍ത്തകളാണ് ഇറാഖില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Latest