Connect with us

Kozhikode

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിന്റെത് കൂട്ടായ്മയുടെ വിജയം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന്റെ വിജയം കൂട്ടായ്മയുടെ കൂടി വിജയമാണെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായവര്‍ക്ക് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍. കലോത്സവത്തോടനുബന്ധിച്ച് രൂപവത്കരിച്ച എല്ലാ കമ്മിറ്റികളും സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുകയെന്നതാണ് പ്രധാന നേട്ടമെന്നും വരുംവര്‍ഷങ്ങളിലെ കലോത്സവങ്ങളിലും ജില്ല മികച്ച നേട്ടം കൈവരിക്കണമെന്നും അവര്‍ പറഞ്ഞു.
ബി ഇ എം ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. ഗിരീഷ് ചോലയിലിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ ഘോഷയാത്രയെ മേയറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ക്കും 58- ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജേതാക്കളായവര്‍ക്കും മേയര്‍ മെമന്റോ വിതരണം ചെയ്തു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 155 പോയിന്റ് നേടി ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 108 പോയന്റ് നേടി രണ്ടാംസ്ഥാനവും കരസ്ഥമാക്കിയ സില്‍വര്‍ഹില്‍സ് സ്‌കൂളിലെ കുട്ടികളെയും അധികൃതരെയും കോഴിക്കോട് ജില്ലാ ടീമിന്റെ മാനേജര്‍ കെ എം കൃഷ്ണകുമാറിനെയും ചടങ്ങില്‍ ആദരിച്ചു.
ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്വീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി ഉഷാദേവി ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ സംസാരിച്ചു.

Latest