Connect with us

International

ഇന്ത്യക്ക് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെതിരെ വീണ്ടും പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെതിരായ എതിര്‍പ്പ് പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു. ജമ്മു കാശ്മീര്‍ വിഷയത്തിലും കാശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തിലും ഇന്ത്യ പ്രതിജ്ഞാ ലംഘനം നടത്തിയതിനാലാണ് സ്ഥിരാംഗത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നതെന്നാണ് പാക് നിലപാട്. ഇത്തരം ലംഘനം നടത്തുന്ന ഒരു രാജ്യത്തിന് സുരക്ഷാ കൗണ്‍സിലില്‍ എങ്ങനെ സ്ഥിരാംഗത്വം നല്‍കാനാകുമെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് തസ്‌നീം അസ്‌ലം ചോദിച്ചു.
പരിഷ്‌കരിച്ച യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രതിഫലിക്കേണ്ടത് യു എന്‍ അംഗങ്ങളുടെ വിശാല താത്പര്യങ്ങളാണെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ എപ്പോഴും അഭിപ്രായ ഐക്യങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ സംഘത്തിനൊപ്പമാണ്. ഫലപ്രദവും പ്രായോഗികവുമായ പരിഷ്‌കാരം കൗണ്‍സിലില്‍ വേണമെന്ന ന്യായത്തിനൊപ്പമാണ് തങ്ങള്‍. അത് യു എന്‍ അംഗങ്ങളുടെ പൊതുസമ്മതത്തോടെയായിരിക്കണമെന്നും തസ്‌നീം അസ്‌ലം പറഞ്ഞു. അമേരിക്കയും ഇന്ത്യയുമായുള്ള ആണവ കരാറില്‍ ആവര്‍ത്തിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയ വക്താവ് കരാര്‍ ആണവ ശക്തികളായ രണ്ടും രാജ്യങ്ങളുടേയും ഇടയിലുള്ള തന്ത്രപരമായ സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും പറഞ്ഞു. ഇന്ത്യയും അേമരിക്കയും തമ്മിലുള്ള പ്രതിരോധ കരാറുകള്‍ ദക്ഷിണ ഏഷ്യയില്‍ തന്ത്രപരമായ അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ചൈനക്ക് സുപ്രധാന പങ്കുണ്ടെന്നും അതിവിശാലമായ അര്‍ഥത്തില്‍ തങ്ങള്‍ ചൈനയുമായി സഹകരിക്കുമെന്നും അസ്‌ലം പറഞ്ഞു.

Latest