Connect with us

National

കര്‍ക്കശ നിലപാടുമായി അമിത് ഷാ; കെജ്‌രിവാളിനോട് ദിവസം അഞ്ച് ചോദ്യം ചോദിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി ജെ പി പിന്നാക്കം പോയതില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച് വിജയം കൊണ്ടുവരാന്‍ അമിത് ഷാ നിര്‍ദേശിച്ചത്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പിന്‍വാങ്ങുകയും തത്ഫലമായി പ്രചാരണത്തില്‍ ബി ജെ പി ഏറെ പിന്നാക്കം പോകുകയുമായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മേല്‍നോട്ടം വഹിക്കാനും ബൂത്ത് തല പ്രവര്‍ത്തനം ഉറപ്പുവരുത്താനും 120 എം പിമാരുടെ സംഘത്തെയാണ് ബി ജെ പി ഒരുക്കിയത്. ഡല്‍ഹിയിലെ നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ ഷാ അസന്തുഷ്ടിയിലാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടം വരെ നൂറ് ശതമാനം സമര്‍പ്പിക്കാനും ഷാ നിര്‍ദേശിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെറുതും വലുതുമായ 250 റാലികള്‍ സംഘടിപ്പിക്കും.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, നവജോത് സിംഗ് സിദ്ദു, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തുടങ്ങിയവര്‍ പ്രചാരണരംഗത്തുണ്ട്.
അതേസമയം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഡല്‍ഹിയിലെ റാലി റദ്ദാക്കി. ബുധനാഴ്ച രാത്രി വിദേശകാര്യ സെക്രട്ടറി സുജാത സിംഗിനെ മാറ്റി സുബ്രഹ്മണ്യം ജയശങ്കറിനെ പകരം നിയമിച്ച് മണിക്കൂറുകള്‍ക്കകമാണ് സുഷമയുടെ റാലി റദ്ദാക്കിയ വിവരം പുറത്തുവിട്ടത്.
എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് ദിവസവും അഞ്ച് ചോദ്യങ്ങള്‍ വീതം ഉന്നയിക്കാന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. അടുത്ത എട്ട് ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന പത്രസമ്മേളനങ്ങളിലാണ് കെജ്‌രിവാളിന്റെ പദ്ധതികളെ സംബന്ധിച്ച് ചോദ്യം ചെയ്യുക. ഫെബ്രുവരി ആറ് വരെ ചോദ്യങ്ങള്‍ ചോദിക്കും. സ്റ്റിംഗ് ഓപറേഷന്‍ പോലുള്ളവയാണ് ചോദിക്കുക. ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞു.
പ്രകടന പത്രിക ഇറക്കുന്നത് ബി ജെ പി ഉപേക്ഷിച്ചു. പകരം “വിഷന്‍ ഡോകുമെന്റ്” ഉണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ത്രീ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി സ്ത്രീ സുരക്ഷക്ക് 25 ഇന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.

Latest