Connect with us

International

മെക്‌സിക്കോയില്‍ വിദ്യാര്‍ഥികളെ കാണാതായ സംഭവം യു എന്‍ അന്വേഷിക്കുന്നു

Published

|

Last Updated

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ 43 വിദ്യാര്‍ഥികളെ കാണാതായ സംഭവം ശക്തമായ വിവാദ കൊടുങ്കാറ്റ് അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ യു എന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നു. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു എന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നവരെ സംരക്ഷിക്കുന്നതിനുള്ള യു എന്നിന്റെ പ്രത്യേക ഏജന്‍സിയാണ് അന്വേഷണം നടത്തുക. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ദുരൂഹസാഹചര്യത്തില്‍ 43 കോളജ് വിദ്യാര്‍ഥികളെ മെക്‌സിക്കോയില്‍ നിന്ന് കാണാതായത്. മയക്കുമരുന്നു സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കളഞ്ഞെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക സംഘവും, കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ഇതിനകം മെക്‌സിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ഇവിടുത്തെ സൈന്യം തന്നെയാണോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ മെക്‌സിക്കോയില്‍ നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

Latest