Connect with us

Gulf

നഗരഭംഗിക്ക് നിരക്കാത്ത ആന്റിനകള്‍ക്കെതിരെ നഗരസഭ നടപടികള്‍ കര്‍ശനമാക്കി

Published

|

Last Updated

അബുദാബി: നഗര സൗന്ദര്യത്തിന് നിരക്കാത്ത രീതിയില്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിച്ച ടെലിവിഷന്‍ ആന്റിനകള്‍ക്കെതിരെ നടപടി കര്‍ശനമാക്കി അബുദാബി നഗരസഭ രംഗത്ത്. കെട്ടിട ഉടമകള്‍, വാടകക്കാര്‍, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗവും നഗരഭംഗി നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.
ആന്റിനകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെ നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ട്. ഇവ എല്ലാവരും പൂര്‍ണമായും പാലിക്കണം. ഇതുമായി ബന്ധപ്പെട്ട നഗരസഭ പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെട്ടിടത്തിന്റെ ബാല്‍ക്കണി, ജനല്‍, പാരപ്പറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ആന്റിനകള്‍ സ്ഥാപിക്കുന്നത് നഗരസ സൗന്ദര്യത്തിന് തീരെ ചേരാത്തതാണ്. പ്രത്യേകിച്ചും ഇവ കൂടുതലാകുമ്പോള്‍. കെട്ടിടങ്ങളുടെ മുഖ ഭാഗത്തേക്ക് ഇവയുടെ കേബിളുകള്‍ തൂക്കിയിടുന്നതും ഒഴിവാക്കേണ്ടതാണെന്നും നഗരസഭയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ആന്റിനകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ക്കു പുറമെ, സ്ഥാപിക്കാനുള്ള രീതിയെക്കുറിച്ചും സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്. നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചും ഈ വിഷയത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ളവരെക്കൊണ്ടുമായിരിക്കണം ആന്റിനകള്‍ സ്ഥാപിക്കേണ്ടത്. സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വിഷയകമായി നഗരസഭയുടെ 119/2014 നിയമമനുസരിച്ച് ആന്റിന സ്ഥാപിക്കുന്നതിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തും. ആന്റിന എടുത്തുമാറ്റുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാകും. ഇവ എടുത്തുമാറ്റാനുള്ള ചിലവും നിയമ ലംഘകനുമേല്‍ ചുമത്തും.
നിയമാനുസൃതമല്ലാത്ത രീതിയിലും സാങ്കേതിക വിദഗ്ധരുടെ സഹായത്താലല്ലാതെയും ആന്റിനകള്‍ സ്ഥാപിക്കുന്നത് പലതരത്തിലുള്ള അപകടങ്ങള്‍ക്കു വഴിവെക്കും. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നത് പലപ്പോഴും വെള്ളം ചോര്‍ച്ചക്ക് കാരണമാകും. വിദഗ്ധരല്ലാത്തവര്‍ ആന്റിന സ്ഥാപിച്ചാല്‍ ചെറിയ കാറ്റടിക്കുമ്പോള്‍ വരെ അത് തകര്‍ന്നു വീഴാനും അപകടങ്ങള്‍ക്കും കാരണമാകും, നഗരസഭാ സര്‍ക്കുലര്‍ മുന്നറിയിപ്പു നല്‍കുന്നു.
നഗര സൗന്ദര്യത്തിനു നിരക്കാത്ത രീതിയില്‍ സ്ഥാപിച്ച മുഴുവന്‍ ആന്റിനകളും ഉടമസ്ഥര്‍ തന്നെ മാറ്റിസ്ഥാപിച്ച് നിയമാനുസൃതമാക്കാന്‍ മുന്നോട്ടുവരണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

Latest